ഉത്തർപ്രദേശിലെ വാരണാസിയില്‍ കാശി റെയില്‍വേ സ്റ്റേഷൻ വികസനത്തിന്റെ ഭാഗമായി റെയില്‍വേ ഭൂമിയിലുണ്ടായിരുന്ന കൈയേറ്റങ്ങള്‍ വൻ സുരക്ഷാ സന്നാഹത്തോടെ അർദ്ധരാത്രിയില്‍ പൊളിച്ചുനീക്കി.
ഏകദേശം 200 വർഷത്തോളം പഴക്കമുണ്ടെന്ന് പ്രാദേശവാസികള്‍ അവകാശപ്പെടുന്ന 'അജ്ഗൈബ് ഷഹീദ് മസ്ജിദ്', ഇതിനോട് ചേർന്നുള്ള ഖബർസ്ഥാൻ, മസാർ എന്നിവയ്ക്ക് പുറമേ ഇതേ ഭൂമിയിലുണ്ടായിരുന്ന ഒരു ഹനുമാൻ ക്ഷേത്രവുമാണ് ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് പൂർണ്ണമായി നീക്കം ചെയ്തത്.
കാശി റെയില്‍വേ സ്റ്റേഷനെ വിമാനത്താവളത്തിന് സമാനമായ അത്യാധുനിക സൗകര്യങ്ങളുള്ള സംയോജിത ഗതാഗത ഹബ്ബായി മാറ്റുന്നതിനുള്ള 'കാശി മോഡല്‍ സ്റ്റേഷൻ പ്രൊജക്റ്റ്' ആരംഭിച്ചപ്പോഴാണ് ഈ കൈയേറ്റങ്ങള്‍ കണ്ടെത്തിയത്. സ്റ്റേഷൻ കോംപ്ലക്സിനകത്തുള്ള ഭൂമി ഒഴിഞ്ഞുതരണമെന്ന് കാണിച്ച് റെയില്‍വേ അധികൃതർ നേരത്തെ തന്നെ പള്ളി കമ്മിറ്റിക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ നോട്ടീസ് കാലാവധി കഴിഞ്ഞിട്ടും ഭൂമി ഒഴിഞ്ഞുനല്‍കാത്തതിനെ തുടർന്നാണ് അധികൃതർ പൊളിക്കല്‍ നടപടികളിലേക്ക് കടന്നത്.
റെയില്‍വേയുടെ നോട്ടീസിനെതിരെ പള്ളി മാനേജ്‌മെന്റ് കോടതിയെ സമീപിച്ചിരുന്നെങ്കിലും, കേസില്‍ റെയില്‍വേയ്ക്ക് അനുകൂലമായാണ് കോടതി വിധി പ്രസ്താവിച്ചത്. ബുധനാഴ്ച അർദ്ധരാത്രിയോടെ ആരംഭിച്ച ഒഴിപ്പിക്കല്‍ നടപടികള്‍ തികച്ചും സമാധാനപരമായാണ് പൂർത്തിയായത്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാൻ പ്രദേശത്തേക്കുള്ള റോഡുകളെല്ലാം പൊലീസ് സീല്‍ ചെയ്യുകയും വൻതോതില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തിരുന്നു.

