തനിമ കുവൈത്തിന്റെ സന്തത സഹചാരിയും സംഘടനയുടെ കലാപ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യവുമായ വർഗ്ഗീസ് പോളിന് ഊഷ്മളമായ യാത്രയയപ്പ് നല്‍കി.
വർഷങ്ങളായി തനിമയുടെ നാടകങ്ങള്‍ക്കും 2004 മുതല്‍ വടംവലി ഓപണ്‍ എയർ പ്രോഗ്രാമുകള്‍ക്കും സൗണ്ട് എഞ്ചിനീയറിംഗ് നിർവഹിച്ച അദ്ദേഹത്തിന്റെ ആത്മാർത്ഥ സേവനങ്ങളും സൗഹൃദവും ചടങ്ങില്‍ പ്രത്യേകമായി അനുസ്മരിച്ചു.
ആശ്രയ തനിമ കണ്‍വീനർ ജേക്കബ് വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുൻ ജനറല്‍ കണ്‍വീനർ ബാബുജി ബത്തേരി, ജോയിന്റ് കണ്‍വീനർ വിജേഷ് വേലായുധൻ, മനോജ് മാവേലിക്കര, സിബി വർഗീസ്, സുനില്‍ ജോണ്‍ എന്നിവർ ആശംസകള്‍ നേർന്നു സംസാരിച്ചു. തനിമയുടെ നാടകവേദികളില്‍ വർഗ്ഗീസ് പോള്‍ പുലർത്തിയ മികവും ആത്മാർത്ഥ സഹകരണവും ബാബുജി ബത്തേരിയും മനോജ് മാവേലിക്കരയും എടുത്തുപറഞ്ഞു. എസ് ജാനകിയമ്മയുടെ അനുസ്മരണാർത്ഥം മാളവിക വിജേഷും മെനീഷ് വാസും ആലപിച്ച ഗാനങ്ങള്‍ ചടങ്ങിന് സംഗീതസാന്ദ്രത പകർന്നു. തനിമയുടെ ഹാർഡ്കോർ അംഗങ്ങളായ ശിവകുമാർ, അഷ്‌റഫ് ചുരൂട്ട്, മുബാറക്ക് കാമ്പ്രത്ത് എന്നിവരും ആശംസകള്‍ അർപ്പിച്ചു.
തനിമയുടെ സ്നേഹസന്ദേശം ഡൊമിനിക്ക് ആന്റണി സദസിനു മുന്നില്‍ അവതരിപ്പിച്ചു. തുടർന്ന് അദ്ദേഹത്തിന് തനിമയുടെ സ്നേഹാദരവും മെമെന്റോയും കൈമാറി. നാട്ടിലേക്ക് പോകുന്ന വർഗ്ഗീസ് പോളിന്റെ ഭാര്യ ഷീബയും മകള്‍ വീണയും ചടങ്ങില്‍ സന്നിഹിതരായിരുന്നു. തനിമ ഫൈനാൻസ് കണ്‍വീനർ റാണ വർഗീസ് നന്ദി രേഖപ്പെടുത്തിയ ചടങ്ങിന് ഓഫീസ് സെക്രട്ടറി ജിനു കെ. എബ്രഹാം നേതൃത്വം നല്‍കി.

