Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വയോധികൻ ജീവനൊടുക്കിയ സംഭവം; കോണ്‍ഗ്രസ് ഭരിക്കുന്ന സൊസൈറ്റി ക്രൈംബ്രാഞ്ച് സീല്‍ ചെയ്തു

വയോധികൻ ജീവനൊടുക്കിയ സംഭവം; കോണ്‍ഗ്രസ് ഭരിക്കുന്ന സൊസൈറ്റി ക്രൈംബ്രാഞ്ച് സീല്‍ ചെയ്തു

Janayugom Online 3 weeks ago

ടകരയില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലെത്തി വയോധികൻ തീകൊളുത്തി ജീവനൊടുക്കിയ സംഭവത്തില്‍ കടത്തനാട് ലേബർ കോണ്‍ട്രാക്‌ട് സൊസൈറ്റിയുടെ വടകര പാർക്ക് റോഡിലെ ഓഫിസില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി.

ഓഫിസ് ലെഡ്ജർ, വൗച്ചറുകള്‍, ഡേ ബുക്ക്, ക്യാഷ് ബുക്ക്, വർക്ക് റജിസ്റ്ററുകള്‍, സ്ഥിരനിക്ഷേപ ബോണ്ടുകള്‍, ചെക്ക് ഇഷ്യു രജിസ്റ്റർ, കരാർ സംബന്ധമായ രേഖകള്‍ എന്നിവ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ക്രൈം ബ്രാഞ്ച് സംഘം സൊസൈറ്റി ഓഫിസ് പൂട്ടി സീല്‍ ചെയ്തു. തിരുവള്ളൂർ സ്വദേശി ഇബ്രാഹിം ഹാജിയുടെ മരണവും സാമ്പത്തിക ഇടപാടുകളുമാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്. ആത്മഹത്യ ചെയ്ത ഇബ്രാഹിം ഹാജി താമസിച്ച വാടക ക്വാട്ടേഴ്സില്‍ ഉള്‍പ്പെടെ ക്രൈംബ്രാഞ്ച് പരിശോധന നടത്തും. ഇബ്രാഹിം ഹാജിയുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും കോഴിക്കോട് റൂറല്‍ ജില്ല ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നത്. മരണവുമായി ബന്ധപ്പെട്ട കേസും, കടത്തനാട് ലേബർ കോണ്‍ട്രാക്‌ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ 22 ലക്ഷം രൂപ നിക്ഷേപിച്ച്‌ നഷ്ടപ്പെട്ട കേസും, സഹകരണ വകുപ്പ് നല്‍കിയ പരാതിയില്‍ എടുത്ത കേസുമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.

സൊസൈറ്റിയിലെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച്‌ സഹകരണ ഓഡിറ്റ് ജോയിന്റ് ഡയറക്ടർ നടത്തിയ അന്വേഷണത്തില്‍ 2.16 കോടി രൂപയുടെ വെട്ടിപ്പ് നടന്നതായി കണ്ടെത്തിയിരുന്നു. ഡിസിസി സെക്രട്ടറി സുധീർകുമാർ ഉള്‍പ്പെടെ നാല് പേർക്കെതിരെയാണ് ആരോപണം. സർക്കാർ അംഗീകൃത സ്ഥാപനം എന്ന് വിശ്വസിപ്പിച്ചുവെന്നും താൻ മരിച്ചിട്ടെങ്കിലും പണം തിരിച്ചുകിട്ടും എന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇബ്രാഹിം ഹാജിയുടേതായി പുറത്തുവന്ന സന്ദേശത്തില്‍ പറഞ്ഞിരുന്നു. ഇബ്രാഹിം ഹാജി ജീവനൊടുക്കിയത് സഹകരണ സ്ഥാപനത്തിലെ നിക്ഷേപം ലഭിക്കാത്തതിനാലാണെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു. തെളിവെടുപ്പിന്റെ ഭാഗമായി സിസിടിവി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇബ്രാഹിം ഹാജി ആത്മഹത്യ ചെയ്ത ഡിസിസി സെക്രട്ടറി പഴങ്കാവിലെ തൈവളപ്പില്‍ സുധീർ കുമാറിന്റെ വീടിന് തൊട്ടടുത്ത വീട്ടില്‍ സ്ഥാപിച്ച സിസിടിവിയാണ് വടകര പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിലെ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. നിരവധി പേരില്‍ നിന്നായി കോടിക്കണക്കിന് രൂപയാണ് സൊസൈറ്റി നിക്ഷേപമായി സ്വീകരിച്ച്‌ പണം തിരിച്ചു നല്‍കാതെ കബളിപ്പിച്ചത്. വടകര എആർ ഓഫിസിലും ഡിവൈഎസ്‌പി ഉള്‍പ്പെടെയുള്ളവർക്കും തട്ടിപ്പ് സംബന്ധിച്ച കൂടുതല്‍ പരാതികള്‍ ലഭിക്കുന്നുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online