കേരള ജനസംഖ്യയില്‍ പ്രായമേറിയവരുടെ എണ്ണവും ആയുർദൈർഘ്യവും കൂടുന്നു എന്ന പ്രതിഭാസത്തെ ഭരിക്കുന്ന സർക്കാർ എങ്ങനെയായിരിക്കും അഭിമുഖീകരിക്കുന്നത് എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണം, സുരക്ഷ, സന്തോഷപ്രദവും സമാധാനത്തോടെയുമുള്ള ജീവിതം എന്നിവ ആധുനിക കാലത്ത് സാർവദേശീയമായി അംഗീകരിക്കപ്പെട്ട ക്ഷേമ രാഷ്ട്രത്തിന്റെ അനിവാര്യ ഘടകങ്ങളാണല്ലോ. നമ്മുടെ സംസ്ഥാനത്ത് വയോജന ക്ഷേമവകുപ്പ് രൂപീകരിക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനം പൊതുവേ സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ വയോജന ക്ഷേമം കേവലം വാചകക്കസർത്ത് മാത്രമാകാതെ യാഥാർത്ഥ്യബോധത്തോടെയുള്ള നടപടികള്‍ ഉണ്ടാകണമെന്നാണ് കേരളം ആഗ്രഹിക്കുന്നത്. വയോജന ക്ഷേമത്തിനായി ഇടതുപക്ഷം മുന്നോട്ടുവച്ച മാതൃക നമ്മുടെ മുന്നിലുണ്ട്. അതിന് സമൂഹത്തില്‍ വന്‍ സ്വീകാര്യത ലഭിക്കുകയും ചെയ്തിട്ടുണ്ട്. അതില്‍ എവിടെയെങ്കിലും കുറ്റമോ കുറവുകളോ ഉണ്ടെങ്കില്‍ കണ്ടെത്തി, കൂടുതല്‍ മികച്ച നിലയില്‍ ദീർഘവീക്ഷണത്തോടെ നടപ്പാക്കുമെന്ന പ്രതീക്ഷയാണ് ജനങ്ങള്‍ക്കുള്ളത്. യുഡിഎഫ് സർക്കാരിന് വയോജനങ്ങളുടെ കാര്യത്തില്‍ ആത്മാർഥതയുണ്ടെങ്കില്‍ അങ്ങനെയാണ് ചെയ്യുകയെന്ന് ജനം പ്രതീക്ഷിക്കുന്നു. കേരള ജനസംഖ്യ യൗവനത്തില്‍ നിന്ന് വാർധക്യത്തിലേക്ക് അതിവേഗം സഞ്ചരിക്കുന്നു എന്നാണ് ജനസംഖ്യാ ശാസ്ത്രജ്ഞർ പറയുന്നത്. 60ന് മുകളില്‍ പ്രായമായവരുടെ എണ്ണം ഇപ്പോള്‍ 18.5% ആണ്. 2031ല്‍ കേരളത്തിലെ ജനസംഖ്യയില്‍ 75 ലക്ഷവും പ്രായമായവരായിരിക്കും. 2051 ആകുമ്പോഴേക്കും അത് ഒരു കോടി കവിയും. അതായത് 30.6% ആയി വർധിക്കുമെന്നർത്ഥം. ആയുർ ദൈർഘ്യത്തിന്റെ കാര്യവും അങ്ങനെ തന്നെ.
2011ല്‍ സ്ത്രീ പുരുഷന്മാരുടെ പൊതു ആയുർദൈർഘ്യം 72 വയസായിരുന്നത് 2025 ആയപ്പോള്‍ 82.9 ആയി വർധിച്ചു. കേരളത്തില്‍ ഒരു കാലത്തെ പ്രധാന മുദ്രാവാക്യം ജനസംഖ്യാ നിയന്ത്രണത്തിന് വേണ്ടിയായിരുന്നു. എന്നാല്‍ കുട്ടികളുടെ ജനസംഖ്യ കൂപ്പുകുത്തുന്നു എന്നാണ് ഇപ്പോഴത്തെ കണക്കുകള്‍ പറയുന്നത്. നിലവിലുള്ള 14 ശതമാനത്തില്‍ നിന്ന് 2051ല്‍ അത് 12.8 ശതമാനമായി കുറയും. അപ്പോള്‍ പ്രായമായവരുടെ എണ്ണം കുട്ടികളുടെ എണ്ണത്തേക്കാള്‍ രണ്ടര ഇരട്ടി വർധിക്കുന്ന സാഹചര്യം സൃഷ്ടിക്കും. സ്വാഭാവികമായും തൊഴില്‍ മേഖലയിലും ഇതിന്റെ പ്രതിഫലനം വരും. 15നും 60നും ഇടയില്‍ പ്രായമായവരാണ് തൊഴില്‍ മേഖലയില്‍ പൊതുവേയുള്ളത്. ആ പ്രായഗണത്തില്‍പ്പെട്ടവരുടെ എണ്ണം തുലോം കുറയുമെന്നര്‍ത്ഥം. കുറഞ്ഞ തൊഴില്‍ സേന, തൊഴില്‍ പ്രാപ്തിയില്ലാത്ത വലിയൊരു സമൂഹത്തെ സംരക്ഷിക്കേണ്ട അവസ്ഥയിലേക്കാണ് പോകുന്നതെന്നർത്ഥം. ചെറുപ്പക്കാരുടെ എണ്ണം കുറയുകയും പ്രായമായവരുടേത് വർധിക്കുകയും ചെയ്യുന്ന സാമൂഹിക സാഹചര്യം നേരിടാൻ സാധിക്കും വിധമുള്ള ഭരണപരിഷ്കാരങ്ങളും പദ്ധതി ആസൂത്രണങ്ങളുമാണ് കേരളത്തിന്റെ ഭാവി സമൂഹത്തിന് ആവശ്യം. ഇ കെ നായനാർ 1980ല്‍ കേരള മുഖ്യമന്ത്രിയായപ്പോള്‍ നടപ്പാക്കിയ കർഷക തൊഴിലാളി പെൻഷനാണ് കേരളത്തിന്റെ വയോജന സംരക്ഷണ രംഗത്തെ സുപ്രധാനമായ ചുവടുവെയ്പ്. പകലന്തിയോളം പാടത്തും പറമ്പിലും പണിയെടുത്ത തൊഴിലാളിയുടെ വാർധക്യകാല ജീവിതത്തിലെ നെടുവീർപ്പുകളെപ്പറ്റി നായനാർ തന്നെ നർമ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുന്നത് കേട്ടിട്ടുണ്ട്.
ശരീര വേദനയക്ക് പുരട്ടാൻ വൈദ്യശാലയില്‍ നിന്ന് കുഴമ്പു വാങ്ങാൻ മകനോട് ദയനീയമായി അപേക്ഷിക്കുന്ന കർഷക തൊഴിലാളിയായ മാതാവിനോട് മകൻ നിർദയം പെരുമാറുന്നതാണ് അവതരണത്തിന്റെ ആദ്യഘട്ടം. കർഷക തൊഴിലാളി പെൻഷൻ ലഭിച്ചുകഴിഞ്ഞപ്പോള്‍ ആ അമ്മ പണം നീട്ടിക്കൊണ്ട് ഇതേ ആവശ്യം മകന്റെ മുന്നില്‍ അവതരിപ്പിക്കുന്നു. അപ്പോഴാകട്ടെ സ്നേഹമസൃണമായി മകൻ അമ്മയുടെ ആഗ്രഹം നിറവേറ്റുന്നതാണ് അതിന്റെ രണ്ടാം ഭാഗം. കൂരകളിലെ കരിപുരണ്ട ജീവിതങ്ങള്‍ക്ക് സ്നേഹവും സംരക്ഷണവും നല്‍കി പരിരക്ഷിക്കുന്നതിന് ചെറുതെങ്കിലും സർക്കാർ അനുവദിച്ച സാമ്പത്തിക പിന്തുണ എത്രമാത്രം പ്രയോജനകരമായി എന്നാണ് നായനാർ വിശദീകരിച്ചത്. വാർധക്യകാലത്ത് സ്വാഭാവികമായി സംഭവിക്കുന്ന ചില അവസ്ഥകള്‍ ഉണ്ട്. ഇണയെ നഷ്ടപ്പെട്ട് ഒറ്റപ്പെട്ടു പോകുന്നവർ, കാഴ്ചയും കേള്‍വിയും ഉള്‍പ്പെടെ ശാരീരികശേഷി നഷ്ടപ്പെടുന്നവർ, പരസഹായം ഇല്ലാതെ ചലനശേഷി ഇല്ലാത്തവർ, സാമ്പത്തികമായി അല്പംപോലും കരുതല്‍ ഇല്ലാത്തവർ എന്നിങ്ങനെ ജീവിതത്തിന്റെ ഈ ദുരിതകാലം ഏത് മനുഷ്യനെ സംബന്ധിച്ചിടത്തോളവും ഭയത്തോടെയാണ് കാണുന്നത്. വാർധക്യം മൂലം പൊതുസമൂഹത്തില്‍ വേണ്ട പരിഗണന ലഭിക്കാതെ പോകുന്നവരാണ് അധികംപേരും. കഴിഞ്ഞ ഇടതുമുന്നണി സർക്കാർ വ്യാപകമായി സാമ്പത്തിക ശേഷി കുറഞ്ഞവരും അറുപത് വയസ് പിന്നിട്ടവരുമായ ജനവിഭാഗങ്ങള്‍ക്ക് സാമൂഹിക സുരക്ഷാ പെൻഷൻ നടപ്പിലാക്കിയത്, പ്രായം ചെന്നവരുടെ നിലനില്‍പ്പിന് വേണ്ടിയുള്ള ഇടതുപക്ഷത്തിന്റെ വളരെ പ്രധാനപ്പെട്ട ചുവടുവയ്പായിരുന്നു.
2000 രൂപയാക്കി അത് വർധിപ്പിച്ച് നല്‍കിയത് ഈ വിഭാഗം ജനങ്ങള്‍ക്ക് ചെറുതല്ലാത്ത ആത്മവിശ്വാസമാണ് പ്രദാനം ചെയ്തത്. നമ്മുടെ പൊതു ആരോഗ്യ മേഖലയുടെ ശാക്തീകരണം മറ്റാരെക്കാളും ഉപരി വയോജനങ്ങളെയാണ് സഹായിക്കുന്നത്. മികച്ച ചികിത്സ സൗജന്യമായി ലഭിക്കാൻ കഴിയുന്നതോടെ വലിയൊരു ആശങ്കയാണ് ഈ മേഖലയില്‍ നിന്ന് ഒഴിയുന്നത്. പഞ്ചായത്ത് തലത്തില്‍ പകല്‍വീടുകള്‍, കിടപ്പുരോഗികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക പരിരക്ഷ തുടങ്ങി നല്ല മാതൃകകള്‍ ഇതുപോലെ വേറെയും. ദേശീയ തലത്തില്‍ തന്നെ വയോജന താല്പര്യത്തിന് പരിഗണന നല്‍ക്കണമെന്ന് ആദ്യം ചിന്തിച്ചത് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാ രായിരുന്നു. വയോജനങ്ങളുടെ അവസ്ഥകളെക്കുറിച്ച് പഠിക്കാനും, അവരുടെ ആവശ്യങ്ങള്‍ അറിയാനും പരിഹരിക്കാനും വേണ്ടി വയോജനങ്ങള്‍ക്കായുള്ള ഒരു കമ്മിഷനെ ആദ്യമായി രൂപീകരിച്ച സംസ്ഥാനം കേരളമാണ്. വയോജനങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കാൻ ചുരുങ്ങിയ സമയത്തിനുള്ളില്‍ കമ്മിഷൻ 14 ജില്ലകളും സന്ദർശിച്ച് ഈ മേഖലയില്‍ പ്രവർത്തിക്കുന്ന സംഘടനകളുടെ അഭിപ്രായം ആരായാനും ശ്രമിച്ചിരുന്നു. നല്ലൊരു തുടക്കമായിരുന്നു അത്. വയോജന സംഘടനകളുടെയും സർവീസ് പെൻഷൻകാരുടെയും വിപുലമായൊരു യോഗം 2024ല്‍ തിരുവന്തപുരത്ത് അന്നത്തെ കേരള മുഖ്യമന്ത്രി തന്നെ വിളിച്ചുചേർത്ത് അഭിപ്രായം ആരാഞ്ഞതും മികച്ചൊരു ഉദ്യമം ആയിരുന്നു.
അവിടെ ഉയർന്നുവന്ന ഒട്ടേറെ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള നടപടികള്‍ക്ക് പക്ഷേ വേഗത ഉണ്ടായില്ല എന്നുമാത്രം. പ്രായമേറിയ ആളുകള്‍ വലിയ അനുഭവസമ്പത്തുള്ള ജനവിഭാഗം ആണല്ലോ. വായിച്ചും പഠിച്ചും അതിലുപരി ജീവിതാനുഭവങ്ങളിലൂടെയും കൈവരിച്ച അനുഭവസമ്പത്താണത്. ആ അനുഭവസമ്പത്ത് സമൂഹത്തിനെങ്ങനെ പ്രയോജനപ്പെടുത്താം എന്ന അന്വേഷണമാണ് ഉണ്ടാകേണ്ടത്. മൂന്ന് പതിറ്റാണ്ട് മുമ്പ് ജനകീയാസൂത്രണ പ്രസ്ഥാനം കേരളത്തില്‍ ആവിഷ്കരിച്ച കർമ്മപദ്ധതികളുടെ മുഖ്യചാലക ശക്തിയായി അന്ന് രംഗത്തെത്തിക്കാൻ ശ്രമിച്ചത് ഇത്തരം അനുഭവസമ്പത്ത് ഉള്ളവരെയായിരുന്നു. വിവിധ മേഖലകളില്‍ തൊഴില്‍ ചെയ്ത് വിരമിച്ചവർ ഉള്‍പ്പെടെയുള്ളവരുടെ അറിവും അനുഭവവും കേരളത്തിന്റെ വികസനത്തിന് എങ്ങനെ ഉപയോഗപ്പെടുത്താം എന്ന അന്വേഷണം കൂടിയായിരുന്നു ആ പദ്ധതി. ആ നിലയ്ക്കുള്ള അന്വേഷണങ്ങള്‍ക്കും പ്രവർത്തന പരിപാടികള്‍ക്കും പുതിയകാലത്തിലും ഏറെ പ്രസക്തിയുണ്ട്. വയോജന ക്ഷേമ വകുപ്പ് പ്രഖ്യാപനം ഏതായാലും നല്ല പ്രതീക്ഷയാണ് ഈ വിഭാഗത്തിന് നല്‍കുന്നത്.

