ബംഗ്ലാദേശില്‍ 'ഡൊണാള്‍ഡ് ട്രംപ്' എന്ന് പേരുള്ള പോത്തിനെ ബലി നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കി ദേശീയ മൃഗശാലയിലേക്ക് മാറ്റി.
പോത്തിന്റെ വെളുത്ത നിറത്തിലുള്ള നെറ്റിയും മുടിയുടെ പ്രത്യേക രീതിയിലുള്ള ചീകലുമാണ് 'ഡൊണാള്‍ഡ് ട്രംപ്' എന്ന പേര് വീഴാനും വൈറലാകാനും കാരണമായത്.
ഏകദേശം 700 കിലോഗ്രാം ഭാരമുള്ള ഈ പോത്തും അതിന്റെ വീഡിയോകളും സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെയാണ് സുരക്ഷാ കാരണങ്ങളും പൊതുജനങ്ങളുടെ താല്പര്യവും മുൻനിർത്തി സർക്കാർ വിലയ്ക്കെടുത്തത്. പോത്തിനെ പെരുന്നാളിന് ബലിനല്‍കും എന്നായിരുന്നു നേരത്തെ പുറത്തുവന്നിരുന്ന വാർത്തകള്‍. ഈ തീരുമാനം മാറ്റിയാണ്, അപൂർവമായ ആല്‍ബിനോ പോത്തിനെ സംരക്ഷിക്കാൻ അധികൃതർ തീരുമാനിച്ചത്. സിയാ ഉദ്ദിൻ മൃദ എന്ന ഉടമ ഈ പോത്തിനെ നേരത്തെ വിറ്റിരുന്നു.
പോത്തിനെ ധാക്കയിലെ ദേശീയ മൃഗശാലയിലേക്ക് മാറ്റി. ബലി നല്‍കുന്നതിന് പകരം അവിടെ ഇതിനെ പൊതുജനങ്ങള്‍ക്കായി പ്രദർശിപ്പിക്കും. ഇതിനൊപ്പം 'ബെഞ്ചമിൻ നെതന്യാഹു' എന്ന് പേരിട്ട മറ്റൊരു കൂറ്റൻ പോത്തും സമാനമായ രീതിയില്‍ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാലാണ് പോത്തിനെ രക്ഷിച്ചതെന്ന് മന്ത്രാലയ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

