നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ആവശ്യമായ തിരുത്തലുകള്‍ വരുത്തുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ജനങ്ങള്‍ക്കിടയില്‍ തുടർന്നും ഇടതുപക്ഷം സജീവമായി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച എം എൻ സ്മാരകത്തില്‍ ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ്, കൗണ്‍സില്‍ യോഗങ്ങള്‍ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതീക്ഷിച്ചതിലും വലിയ തിരിച്ചടിയാണ് ഇത്തവണ ഉണ്ടായത്. ഇടതുപക്ഷത്തിന് മുൻകൂട്ടി കാണാൻ കഴിയാത്ത വിധത്തിലുള്ള വലിയ അടിയൊഴുക്കുകള്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ സംഭവിച്ചു. എവിടെയെല്ലാമാണ് വീഴ്ചകള്‍ സംഭവിച്ചതെന്നും എന്തെല്ലാം മാറ്റങ്ങളാണ് വരുത്തേണ്ടതെന്നും ഗൗരവമായി പരിശോധിക്കും. എല്ലാ മണ്ഡലങ്ങളിലെയും ഫലങ്ങള്‍ സൂക്ഷ്മമായി വിലയിരുത്താൻ പാർട്ടി തീരുമാനിച്ചുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ബിജെപി മൂന്ന് സീറ്റുകള്‍ നേടി നിയമസഭയില്‍ സാന്നിധ്യമറിയിച്ചതിനെ മതേതര കേരളം ഗൗരവത്തോടെ കാണണമെന്ന് അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടികളും മതേതര ജനാധിപത്യ ശക്തികളും ഒരുപോലെ ജാഗ്രത പാലിക്കേണ്ട സാഹചര്യമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

