അധിനിവേശ വെസ്റ്റ് ബാങ്കില്‍ രണ്ട് പലസ്തീന്‍ പള്ളികള്‍ക്ക് നേരെ ഇസ്രയേലി കുടിയേറ്റക്കാരുടെ ആക്രമണം. നബ്ലസിന് തെക്കുകിഴക്കുള്ള ഖുസ്ര ഗ്രാമത്തിലെ പുതിയ പള്ളിക്കും തുല്‍കർമിന് സമീപമുള്ള കൂർ ഗ്രാമത്തിലെ പള്ളിക്കും കുടിയേറ്റക്കാര്‍ തീയിട്ടു.
വെള്ളിയാഴ്ച ടെല്‍ ഗ്രാമത്തിലുണ്ടായ ആക്രമണത്തിനുപിന്നാലെയാണ് മറ്റ് രണ്ട് ഗ്രാമങ്ങളില്‍കൂടി ഇസ്രയേലി കുടിയേറ്റക്കാര്‍ അതിക്രമം നടത്തിയത്.
ഖുസ്രയില്‍ പുതുതായി നിർമ്മിച്ചുകൊണ്ടിരുന്ന അല്‍-റഹ്മ പള്ളിക്കാണ് കുടിയേറ്റക്കാർ ഞായറാഴ്ച പുലർച്ചെ തീയിട്ടത്. പള്ളിയുടെ കവാടത്തിനും നിർമ്മാണ സാമഗ്രികള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ചുവരുകളില്‍ ടെല്‍ സംഘർഷത്തില്‍ കൊല്ലപ്പെട്ട ഇസ്രയേല്‍ റിസർവ് സൈനികനായ ബെന്യാഹു മെല്ലെറ്റിന്റെ പേരും ' ജൂത പ്രതികാരം' എന്ന വാക്കും ഹീബ്രു ഭാഷയില്‍ എഴുതിവച്ചിരുന്നു. കൂർ ഗ്രാമത്തിലെ മൂന്ന് കുടിയേറ്റക്കാർ ചേർന്നാണ് പുലർച്ചെ പള്ളിക്ക് തീയിടാൻ ശ്രമിച്ചത്. എന്നാല്‍ പുലർച്ചെ പ്രാർത്ഥനയ്‌ക്കെത്തിയ വിശ്വാസികള്‍ ഉടൻ തന്നെ തീ അണച്ചതിനാല്‍ വലിയ നാശനഷ്ടം ഒഴിവായി.
വെള്ളിയാഴ്ച നബ്ലസിന് തെക്കുപടിഞ്ഞാറുള്ള താല്‍ ഗ്രാമത്തിലേക്ക് ഒരു സംഘം സായുധരായ ഇസ്രായേലി കുടിയേറ്റക്കാർ അതിക്രമിച്ചു കയറുകയും പലസ്തീനികളുടെ വീടുകള്‍ക്കും സ്വത്തുവകകള്‍ക്കുമെതിരെ ആക്രമണം അഴിച്ചുവിടുകയും ചെയ്തിരുന്നു. തങ്ങളുടെ വീടുകളും സ്വത്തുക്കളും സംരക്ഷിക്കാൻ പലസ്തീനികള്‍ രംഗത്തിറങ്ങിയതോടെ കുടിയേറ്റക്കാര്‍ വെടിയുതിര്‍ത്തു. ഇസ്രയേല്‍ സെെന്യത്തിന്റെ പിന്തുണയോടെ നടന്ന വെടിവയ്പില്‍ ഒരു കുടുംബത്തിലെ നാല് പലസ്തീനികള്‍ കൊല്ലപ്പെട്ടു. സംഘര്‍ഷത്തില്‍ രണ്ട് ഇസ്രയേല്‍ സെെനികരും മരിച്ചു.
സംഘർഷങ്ങള്‍ക്ക് പിന്നാലെ ഇസ്രായേല്‍ സൈന്യം നബ്ലസ് നഗരവും പരിസര പ്രദേശങ്ങളും വളയുകയും 40ഓളം പലസ്തീനികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൂടാതെ, വെസ്റ്റ് ബാങ്കില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ സൈന്യത്തെ വിന്യസിക്കാനും പുതിയ ജൂത കുടിയേറ്റ കേന്ദ്രങ്ങള്‍ക്ക് അനുമതി നല്‍കാനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉത്തരവിട്ടു. പലസ്തീൻ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2025ന്റെ തുടക്കം മുതല്‍ ഇതുവരെ വെസ്റ്റ് ബാങ്കില്‍ മാത്രം 45ലധികം പള്ളികള്‍ക്ക് നേരെ ഇസ്രയേലി കുടിയേറ്റക്കാർ ആക്രമണം നടത്തിയിട്ടുണ്ട്. രാജ്യാന്തര നിയമപ്രകാരം ഈ ജൂത കുടിയേറ്റ കേന്ദ്രങ്ങള്‍ നിയമവിരുദ്ധമായാണ് കണക്കാക്കപ്പെടുന്നത്.

