പ്രവാസത്തിന്റെ കഷ്ടപ്പാടുകള്‍ അവസാനിപ്പിച്ച് എന്നെന്നേക്കുമായി മടങ്ങിച്ചെല്ലുമ്പോള്‍ കാത്തിരിക്കാൻ സുരക്ഷിതവും സമാധാനപൂർണ്ണവുമായ ഒരു നാട് വേണമെന്നത് ഓരോ പ്രവാസിയുടെയും സ്വപ്നമാണെന്നും, ആ സ്വപ്നം യാഥാർത്ഥ്യമാക്കാൻ ഇടതുപക്ഷത്തിന് കരുത്തുപകരണമെന്നും കേരള അസോസിയേഷൻ അഭ്യർത്ഥിച്ചു.
മാനുഷിക പ്രശ്നങ്ങള്‍ക്ക് മേല്‍ വിദ്വേഷവും വിഭാഗീയതയും പിടിമുറുക്കുന്ന വർത്തമാനകാലത്ത്, ജനാധിപത്യം സംരക്ഷിക്കാൻ സമ്മതിദാനാവകാശം ശരിയായ രീതിയില്‍ വിനിയോഗിക്കണമെന്നും ഭാരവാഹികള്‍ വാർത്താക്കുറിപ്പില്‍ അറിയിച്ചു.
ഭരണഘടനാ സ്ഥാപനങ്ങള്‍ പോലും വിഭാഗീയതയ്ക്ക് കൂട്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ സാധാരണക്കാരന്റെ ഏക ആശ്രയം ജനപക്ഷ രാഷ്ട്രീയമാണ്. ആദ്യത്തെ സി.പി.ഐ സർക്കാർ മുതല്‍ അച്യുതമേനോൻ സർക്കാർ വരെ പടുത്തുയർത്തിയ സുശക്തമായ അടിത്തറയിലാണ് കേരളം ഇന്നത്തെ പുരോഗതി കൈവരിച്ചത്. ആ അടിത്തറയില്‍ നിന്നുകൊണ്ടാണ് നിലവിലെ ഇടതുപക്ഷ ഗവണ്‍മെന്റ് സമഗ്ര വികസനത്തിന്റെ ഉജ്ജ്വല മാതൃകകള്‍ സൃഷ്ടിക്കുന്നത്. വികസനവും പുതിയ കാലത്തെ ബദല്‍ നയങ്ങളും ചർച്ചയാകേണ്ടുന്ന ഈ തിരഞ്ഞെടുപ്പില്‍, നുണകളുടെ പെരുംകോട്ടകള്‍ കെട്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് വലതുപക്ഷ ശക്തികള്‍ ശ്രമിക്കുന്നത്. ഇത്തരം വിപത്തുകളെ പരാജയപ്പെടുത്താൻ ജനാധിപത്യ വിശ്വാസികള്‍ ഒന്നിച്ച് രംഗത്തിറങ്ങണമെന്നും, നാടിന്റെ സുരക്ഷിതമായ ഭാവിയെയും വികസന തുടർച്ചയെയും മുൻനിർത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വൻ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്നും കേരള അസോസിയേഷൻ പ്രസിഡന്റ് ബിവിൻ തോമസ്, ജനറല്‍ സെക്രട്ടറി ഷംനാദ് എസ്. തോട്ടത്തില്‍ എന്നിവർ അഭ്യർത്ഥിച്ചു.

