Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിദ്യാര്‍ത്ഥികളെയും വേട്ടയാടുന്ന ഭരണകൂടം

വിദ്യാര്‍ത്ഥികളെയും വേട്ടയാടുന്ന ഭരണകൂടം

ല്‍ഹിയിലെ ജന്തർ മന്തറില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന ദൃശ്യങ്ങള്‍ സ്വതന്ത്ര ഇന്ത്യയുടെ മനഃസാക്ഷിയെ മരവിപ്പിക്കുന്നതാണ്.

രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളാകേണ്ട, സ്വപ്നങ്ങള്‍ക്ക് ചിറകുമുളയ്ക്കേണ്ട യുവതലമുറയെ, ഭരണകൂടം തെരുവിലിട്ട് വലിച്ചിഴയ്ക്കുന്നു. തങ്ങളുടെ ഭാവി ഇരുളടഞ്ഞതാക്കിയ നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ, നീതി തേടി തെരുവിലിറങ്ങിയ വിദ്യാർത്ഥികള്‍ക്ക് നേരെയാണ് പൊലീസിനെ ഉപയോഗിച്ച്‌ ഭരണകൂടം ക്രൂരമായ അതിക്രമം അഴിച്ചുവിട്ടത്. പക്ഷേ ഒടുവില്‍ സ്വേച്ഛാധിപത്യ സര്‍ക്കാരിന് മുട്ടുമടക്കേണ്ടിവന്നിരിക്കുന്നു. കേന്ദ്ര വിഭ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് രാജിവച്ചൊഴിയേണ്ടി വന്നു. ഈ ദൃശ്യങ്ങള്‍ കാണുമ്പോള്‍, ഈ രാജ്യത്തെ സാധാരണക്കാരായ ജനങ്ങളെയും കർഷകരെയും സ്നേഹിക്കുന്ന ഏതൊരാളുടെയും മനസില്‍ ഓടിയെത്തുന്നത് സമാനമായ മറ്റൊരു സമരത്തിന്റെ ഓർമ്മകളാണ്.

അധികം കാലം പിന്നോട്ടല്ല, ഇതേ ഡല്‍ഹിയുടെ അതിർത്തികളില്‍ കൊടുംതണുപ്പിലും വെയിലിലും തങ്ങളുടെ ജീവനോപാധിക്കായി, അന്നത്തിനായി പോരാടിയ കർഷകരെ നാം കണ്ടതാണ്. അന്ന് കർഷകരെ എങ്ങനെയാണോ ഭരണകൂടം നേരിട്ടത്, അതേ നാണയത്തില്‍ത്തന്നെയാണ് ഇന്ന് വിദ്യാർത്ഥികളെയും നേരിടുന്നത്. കർഷകരെപ്പോലെ വിദ്യാർത്ഥികളെയും ഒറ്റുകൊടുക്കുന്ന കേന്ദ്രസർക്കാർ നയങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ജന്തർ മന്തറില്‍ നാം കണ്ടത്. ഒരു രാജ്യത്തിന്റെ പുരോഗതി നിർണയിക്കുന്നത് അവിടുത്തെ യുവതലമുറയാണ്. എന്നാല്‍ ഇന്നത്തെ കേന്ദ്രസർക്കാരിന്റെ കീഴില്‍ യുവജനങ്ങളുടെ ഭാവി തികച്ചും അനിശ്ചിതത്വത്തിലാണ്. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ സ്വപ്നങ്ങളെയാണ് നാഷണല്‍ ടെസ്റ്റിങ് ഏജൻസി (എന്‍ടിഎ)യുടെ പിടിപ്പുകേടും അഴിമതിയും തകർത്തെറിഞ്ഞിരിക്കുന്നത്. മെഡിക്കല്‍ പ്രവേശനത്തിനായുള്ള നീറ്റ് പരീക്ഷയില്‍ നടന്ന വ്യാപക ക്രമക്കേടുകള്‍, ചോദ്യപേപ്പർ ചോർച്ച, ഗ്രേസ് മാർക്ക് നല്‍കിയതിലെ അശാസ്ത്രീയത എന്നിവയെല്ലാം വിരല്‍ ചൂണ്ടുന്നത് വിദ്യാഭ്യാസ മേഖലയിലെ വൻ അഴിമതിയിലേക്കും കോർപറേറ്റ്‌വല്‍ക്കരണത്തിലേക്കുമാണ്. വർഷങ്ങളോളം കഠിനാധ്വാനം ചെയ്ത്, ഉറക്കമൊഴിച്ച്‌ പഠിച്ച സാധാരണക്കാരായ വിദ്യാർത്ഥികളുടെ മുഖത്താണ് ഭരണകൂടം കാർക്കിച്ച്‌ തുപ്പിയത്.

പണം നല്‍കാൻ കഴിയുന്നവർക്ക് മാത്രം ഉന്നത വിദ്യാഭ്യാസം എന്ന നവലിബറല്‍ അജണ്ടയുടെ ഭാഗമായാണ് ഇത്തരം പരീക്ഷാ നടത്തിപ്പുകളെ നാം നോക്കിക്കാണേണ്ടത്. ഉന്നത വിദ്യാഭ്യാസ മേഖലയെ പൂർണമായും കച്ചവടവല്‍ക്കരിക്കുകയും സാധാരണക്കാരെയും പാവപ്പെട്ടവരെയും പടിക്ക് പുറത്താക്കുകയും ചെയ്യുക എന്ന ഗൂഢലക്ഷ്യം ഇതിന് പിന്നിലുണ്ട്. ഇതിനെതിരെ ശബ്ദമുയർത്തിയ യുവജനങ്ങളെ, ജനാധിപത്യപരമായ രീതിയില്‍ പ്രതിഷേധിച്ച വിദ്യാർത്ഥികളെ, ലാത്തികൊണ്ടും ബൂട്ടിട്ട കാലുകള്‍ കൊണ്ടും നേരിടാനാണ് സർക്കാർ തയ്യാറായത്. ഇത് കേവലം ഒരു പരീക്ഷാ ക്രമക്കേട് മാത്രമല്ല, മറിച്ച്‌ ഒരു തലമുറയോട് തന്നെ ചെയ്യുന്ന അക്ഷന്തവ്യമായ അപരാധമാണ്. ഇന്ന് വിദ്യാർത്ഥികള്‍ അനുഭവിക്കുന്ന ഈ ദുരവസ്ഥ, ഇന്ത്യയിലെ കർഷകർ കഴിഞ്ഞ കുറെ വർഷങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്നതാണ്. കാർഷിക മേഖലയെ കുത്തകകള്‍ക്ക് തീറെഴുതിക്കൊടുക്കാൻ ലക്ഷ്യമിട്ട് കൊണ്ടുവന്ന മൂന്ന് കരിനിയമങ്ങള്‍ക്കെതിരെ രാജ്യത്തെ കർഷകർ നടത്തിയ ഐതിഹാസിക പോരാട്ടം ലോകം മുഴുവൻ കണ്ടതാണ്.

അന്ന് കർഷകർ ഡല്‍ഹി ചലോ മാർച്ച്‌ നടത്തിയപ്പോള്‍, അവരെ തടയാൻ ദേശീയപാതകളില്‍ കിടങ്ങുകള്‍ കുഴിച്ചും, കോണ്‍ക്രീറ്റ് മതിലുകള്‍ പണിതും, മുള്ളുവേലികള്‍ തീർത്തും, ജലപീരങ്കികള്‍ ഉപയോഗിച്ചും ഭരണകൂടം യുദ്ധസമാനമായ അന്തരീക്ഷമാണ് സൃഷ്ടിച്ചത്. തണുത്തുറഞ്ഞ ഡല്‍ഹിയിലെ തെരുവുകളില്‍ നൂറുകണക്കിന് കർഷകർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. കർഷകരെ തീവ്രവാദികള്‍ എന്നും 'ഖലിസ്ഥാനികള്‍' എന്നും വിളിച്ച്‌ അധിക്ഷേപിക്കാനാണ് ഭരണകൂടവും അവരുടെ സ്തുതിപാഠകരും ശ്രമിച്ചത്. കർഷകരുടെ നിശ്ചയദാർഢ്യത്തിന് മുന്നില്‍ അവസാനം സർക്കാരിന് മുട്ടുമടക്കേണ്ടി വന്നു. കരിനിയമങ്ങള്‍ പിൻവലിച്ചെങ്കിലും, കർഷകർക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ - താങ്ങുവില (എംഎസ്‌പി) നിയമവിധേയമാക്കുക ഉള്‍പ്പെടെയുള്ളവ - ഇന്നും കടലാസില്‍ മാത്രമായി അവശേഷിക്കുന്നു. കർഷകരെ വഞ്ചിച്ച അതേ തന്ത്രം തന്നെയാണ് ഇന്ന് യുവാക്കള്‍ക്ക് നേരെയും പ്രയോഗിക്കുന്നത്. കർഷകരുടെ ഭൂമിയും അധ്വാനവും കോർപറേറ്റുകള്‍ക്ക് കൊള്ളയടിക്കാൻ അവസരമൊരുക്കിയവർ, ഇന്ന് വിദ്യാഭ്യാസ മേഖലയെയും കോർപറേറ്റുകള്‍ക്ക് അടിയറ വയ്ക്കുകയാണ്. കർഷകനായാലും വിദ്യാർത്ഥിയായാലും തൊഴിലാളിയായാലും, തങ്ങളുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയർത്തുന്നവരെ ശത്രുക്കളായി പ്രഖ്യാപിക്കുന്ന ഫാസിസ്റ്റ് പ്രവണതയാണ് കേന്ദ്രസർക്കാർ കാണിക്കുന്നത്.

ജന്തർ മന്തറില്‍ വിദ്യാർത്ഥികളെ വലിച്ചിഴച്ച ദൃശ്യങ്ങള്‍ നമ്മുടെ ഓർമ്മകളിലേക്ക് കൊണ്ടുവരുന്നത് കർഷക സമരകാലത്തെ പൊലീസ് അതിക്രമങ്ങളെയാണ്. ചോദ്യം ചെയ്യുന്നവരെ നിശബ്ദരാക്കുക എന്ന ഏകാധിപത്യ നയമാണ് ഇവിടെ നടപ്പിലാക്കുന്നത്. വിദ്യാർത്ഥികള്‍ ആവശ്യപ്പെട്ടത് സുതാര്യതയാണ്, അഴിമതിരഹിതമായ പരീക്ഷാ സമ്പ്രദായമാണ്. അതിന് മറുപടി നല്‍കേണ്ടത് സർക്കാരിന്റെയും ബന്ധപ്പെട്ട ഏജൻസികളുടെയും ബാധ്യതയാണ്. അതിനുപകരം, അവരെ അടിച്ചമർത്താൻ ശ്രമിക്കുന്നത് സർക്കാർ എത്രത്തോളം ജനവിരുദ്ധമാണെന്ന് തെളിയിക്കുന്നു. ഒരു ഭാഗത്ത് തൊഴിലില്ലായ്മ രൂക്ഷമായി തുടരുന്നു, മറുഭാഗത്ത് ഉള്ള അവസരങ്ങള്‍ അഴിമതിയിലൂടെയും ക്രമക്കേടുകളിലൂടെയും സമ്പന്നർക്ക് മാത്രം പ്രാപ്യമാക്കുന്നു. ഈ ഇരട്ടത്താപ്പിനെതിരെയാണ് യുവജനത തെരുവിലിറങ്ങിയിരിക്കുന്നത്. ജനവിരുദ്ധ നയങ്ങള്‍ കർഷകരിലും യുവാക്കളിലും മാത്രം ഒതുങ്ങുന്നില്ല. രാജ്യത്തെ സ്ത്രീകളോടുള്ള ഈ സർക്കാരിന്റെ സമീപനവും തികച്ചും നിരാശാജനകവും അപലപനീയവുമാണ്. ഭരണകക്ഷിയിലെ ഒരു എംപിയില്‍ നിന്നും നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ, രാജ്യത്തിന് വേണ്ടി മെഡലുകള്‍ വാരിക്കൂട്ടിയ വനിതാ ഗുസ്തി താരങ്ങള്‍ ഇതേ ജന്തർ മന്തറില്‍ മാസങ്ങളോളം സമരം ചെയ്തത് നാം കണ്ടതാണ്. അന്നും അവരെ തെരുവിലൂടെ വലിച്ചിഴയ്ക്കാനാണ് പൊലീസ് തയ്യാറായത്.

അക്രമികള്‍ക്ക് സംരക്ഷണം നല്‍കുകയും ഇരകളെ വേട്ടയാടുകയും ചെയ്യുന്ന വ്യവസ്ഥിതിയാണ് ഇവിടെ വളർന്നു വരുന്നത്. മണിപ്പൂരില്‍ സ്ത്രീകള്‍ക്ക് നേരെ നടന്ന അതിക്രമങ്ങളില്‍ മൗനം പാലിച്ച ഭരണകൂടം, ബില്‍ക്കീസ് ബാനോ കേസിലെ പ്രതികളെ പൂമാലയിട്ട് സ്വീകരിക്കുന്ന കാഴ്ചയും നാം കണ്ടു. സൂക്ഷ്മമായി പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും; ഈ പ്രശ്നങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. കർഷകരുടെ കൃഷിഭൂമി, വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം, തൊഴിലാളികളുടെ അവകാശങ്ങള്‍ എന്നിവയെല്ലാം നവലിബറല്‍ മുതലാളിത്ത നയങ്ങളുടെ ഇരകളാണ്. വിദ്യാഭ്യാസത്തെ സേവനമായി കാണുന്നതിന് പകരം ലാഭമുണ്ടാക്കാനുള്ള ഒരു ചരക്കായി മാറ്റാനാണ് ഭരണകൂടം ശ്രമിക്കുന്നത്. നീറ്റ് പോലുള്ള കേന്ദ്രീകൃത പരീക്ഷകള്‍ സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റവും, ഗ്രാമീണ വിദ്യാർത്ഥികളെ പിന്നാക്കം തള്ളുന്നതുമാണ്. ഇത് ഒരുതരം സാമൂഹിക അസമത്വം സൃഷ്ടിക്കുന്നു.

കർഷകർരുടെ ഉല്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കാത്തതും, വിദ്യാർത്ഥികള്‍ക്ക് അർഹതപ്പെട്ട തൊഴിലും പഠനാവസരങ്ങളും നിഷേധിക്കപ്പെടുന്നതും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. സമ്പത്ത് ചുരുക്കം ചില കോർപറേറ്റുകളുടെ കൈകളില്‍ മാത്രം കുമിഞ്ഞുകൂടുകയും ഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങള്‍ ദാരിദ്ര്യത്തിലേക്കും കടക്കെണിയിലേക്കും അനിശ്ചിതത്വത്തിലേക്കും കൂപ്പുകുത്തുകയും ചെയ്യുന്നു. കർഷകരെപ്പോലെ വിദ്യാർത്ഥികളെയും ഒറ്റുകൊടുക്കുന്ന കേന്ദ്രസർക്കാർ നയങ്ങള്‍ക്കെതിരെ ശക്തമായ പോരാട്ടം ഉയർന്നുവരേണ്ടതുണ്ട്. ജന്തർ മന്തറില്‍ സമരം ചെയ്ത യുവാക്കള്‍ക്ക് നേരെയുള്ള പൊലീസ് അതിക്രമം ഇന്ത്യയിലെ മുഴുവൻ ജനാധിപത്യ വിശ്വാസികള്‍ക്കും നേരെയുള്ള കടന്നുകയറ്റമാണ്. ഈ പോരാട്ടത്തില്‍ യുവജനങ്ങള്‍ ഒറ്റയ്ക്കല്ല എന്ന് നാം ഉറക്കെ പ്രഖ്യാപിക്കേണ്ടതുണ്ട്. ചരിത്രത്തിലുടനീളം മാറ്റങ്ങള്‍ക്ക് ചുക്കാൻ പിടിച്ചത് വിദ്യാർത്ഥി - യുവജന മുന്നേറ്റങ്ങളാണ്. അവരുടെ രോഷം ന്യായമാണ്, ആവശ്യങ്ങള്‍ ധാർമ്മികമാണ്.

കർഷക പ്രസ്ഥാനങ്ങളും, തൊഴിലാളി സംഘടനകളും, വിദ്യാർത്ഥി - യുവജന പ്രസ്ഥാനങ്ങളും ഒരുമിച്ച്‌ നില്‍ക്കേണ്ട ചരിത്രപരമായ സന്ധിയിലാണിപ്പോള്‍ നാം നില്‍ക്കുന്നത്. കർഷകന്റെ വിയർപ്പിനും വിദ്യാർത്ഥിയുടെ കണ്ണീരിനും ഒരേ വിലയാണെന്ന് ഭരണകൂടത്തെ ഓർമ്മിപ്പിക്കേണ്ടതുണ്ട്. വിഭജിച്ച്‌ ഭരിക്കുക എന്ന തന്ത്രം ഇനി ഇവിടെ വിലപ്പോവില്ല. നമ്മുടെ കുട്ടികളുടെ ഭാവി തകർക്കുന്ന, കർഷകരുടെ അന്നം മുട്ടിക്കുന്ന, സ്ത്രീകളുടെ സുരക്ഷ ഇല്ലാതാക്കുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഒരു വലിയ ജനകീയ മുന്നേറ്റം ഉയർന്നു വരേണ്ടതുണ്ട്. പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാർത്ഥികള്‍ക്ക് നേരെയുണ്ടായ ഭരണകൂട ഭീകരതയ്ക്കെതിരെ ശബ്ദമുയർത്തുക. ഇത് അവരുടെ മാത്രം പ്രശ്നമല്ല, മറിച്ച്‌ ഈ രാജ്യത്തെ ജനാധിപത്യത്തിന്റെ, ഭാവിയുടെ പ്രശ്നമാണ്. കർഷക സമരത്തില്‍ കണ്ട അതേ ഐക്യവും പോരാട്ടവീര്യവും യുവജനങ്ങളുടെ ഈ സമരത്തിലും നാം കാണേണ്ടതുണ്ട്. നീതിക്ക് വേണ്ടിയുള്ള ഈ പോരാട്ടത്തില്‍ വിജയം ഉറപ്പായിരുന്നു, കാരണം ഇത് സത്യത്തിന്റെ പോരാട്ടമാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online