ഈ നിയമസഭാ തെരഞ്ഞെടുപ്പ് കേരളത്തിന്റെ ഭാവി തീരുമാനിക്കുന്നതാണെന്നും വികസനത്തിന് ഇടവേളയുണ്ടാകരുത് എന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
പിണറായിയിലെ ആർസി അമല യുപി സ്കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മേഖലകളിലും വലിയ നേട്ടങ്ങള്‍ കൈവരിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും നാടിന്റെ പുരോഗതിക്കായി ആര് ഭരിക്കണമെന്ന് ജനങ്ങള്‍ക്ക് വ്യക്തമായ ബോധ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഴിമതി രഹിത സംസ്ഥാനമായി കേരളത്തെ മാറ്റിയത് എല്‍ഡിഎഫിന്റെ രാഷ്ട്രീയ സംസ്കാരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫിന് മാത്രമേ വികസനവും ക്ഷേമവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂ. 10 വർഷം മുൻപ് യുഡിഎഫ് ഭരണകാലത്ത് പദ്ധതികള്‍ നടപ്പാക്കാതിരുന്ന അവസ്ഥയായിരുന്നു. എന്നാല്‍ എല്‍ഡിഎഫ് വന്നതോടെ ആ ചിത്രം മാറിയെന്നും സംസ്ഥാനത്തെ തകർക്കാനുള്ള നീക്കങ്ങളെ അതിജീവിച്ച് മുന്നോട്ട് പോയതാണ് എല്‍ഡിഎഫിന്റെ കരുത്തെന്നും അദ്ദേഹം അവകാശപ്പെട്ടു.
പണം നല്‍കിയോ വർഗീയ നീക്കങ്ങള്‍ നടപ്പിലാക്കിയോ കേരളത്തിലെ പ്രബുദ്ധരായ വോട്ടർമാരെ സ്വാധീനിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ വലിയ പിന്തുണ ഇത്തവണ ജനങ്ങള്‍ നല്‍കുമെന്നും സീറ്റുകള്‍ വർധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വി ഡി സതീശന്റെ രാഷ്ട്രീയ വനവാസത്തെ കുറിച്ചും രേവന്ത് റെഡ്ഡിയുടെ പ്രസ്താവനകളെ കുറിച്ചും തെരഞ്ഞെടുപ്പിന് ശേഷം പ്രതികരിക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

