വിമാന യാത്രാനിരക്കുകള്‍ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയില്‍ മറുപടി നല്‍കാത്ത കേന്ദ്ര സർക്കാരിനെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം.
സ്വകാര്യ വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്കുകളിലും അനുബന്ധ ചാർജുകളിലും വരുത്തുന്ന അനിയന്ത്രിതമായ വര്‍ധനവ് നിയന്ത്രിക്കണമെന്ന ഹർജിയിലാണ് കോടതിയുടെ ഇടപെടല്‍.
ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. കഴിഞ്ഞ വർഷം നവംബർ 17ന് സമർപ്പിക്കപ്പെട്ട ഹർജിയില്‍ ഇതുവരെ സത്യവാങ്മൂലം നല്‍കാൻ കേന്ദ്രം തയ്യാറായില്ലെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. വിഷയത്തില്‍ ചർച്ചകള്‍ നടക്കുകയാണെന്നും അതിനാല്‍ മറുപടി നല്‍കാൻ മൂന്നാഴ്ച സമയം വേണമെന്നും കേന്ദ്രം അഭ്യർത്ഥിച്ചെങ്കിലും കോടതി അത് നിരസിച്ചു. അടുത്ത ആഴ്ചയ്ക്കകം തന്നെ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി.
വിമാനക്കമ്പനികളുടെ അമിതമായ നിരക്ക് വര്‍ധനവിനെ നേരത്തെ കോടതി വിമർശിച്ചിരുന്നു. ഉത്സവ സീസണുകളില്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തുന്ന പ്രവണതയെ 'ചൂഷണം' എന്നാണ് കോടതി വിശേഷിപ്പിച്ചത്. സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന ഈ നടപടിയില്‍ കേന്ദ്ര സർക്കാരിനെയും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനെയും (ഡിജിസിഎ) കോടതി നേരത്തെ തന്നെ അതൃപ്തി അറിയിക്കുകയും നോട്ടീസുകള്‍ അയയ്ക്കുകയും ചെയ്തിരുന്നു. വിമാനയാത്ര സാധാരണക്കാരന് അപ്രാപ്യമാകുന്ന രീതിയില്‍ നിരക്കുകള്‍ കുതിച്ചുയരുന്നത് ഗൗരവതരമാണെന്നും കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നും കോടതി ഓർമ്മിപ്പിച്ചു.

