ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചോക്ലേറ്റ് പാക്കറ്റുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 396 ഗ്രാം സ്വർണ്ണം കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി.
സൗദി അറേബ്യയിലെ റിയാദില്‍ നിന്നെത്തിയ രണ്ട് യാത്രക്കാരില്‍ നിന്നാണ് സ്വർണം കണ്ടെടുത്തത്. ഗ്രീൻ ചാനല്‍ കടന്നുപോകാൻ ശ്രമിച്ച യാത്രക്കാരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ (സ്പോട്ട് പ്രൊഫൈലിംഗ്) ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നുവെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
യാത്രക്കാരുടെ ലഗേജുകള്‍ വിശദമായ എക്സ്റേ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ചോക്ലേറ്റ് പാക്കറ്റുകള്‍ക്കുള്ളില്‍ സംശയാസ്പദമായ വസ്തുക്കള്‍ കണ്ടെത്തിയത്. തുടർന്ന് പാക്കറ്റുകള്‍ തുറന്ന് പരിശോധിച്ചപ്പോള്‍ ചോക്ലേറ്റുകള്‍ക്കിടയില്‍ പൊടി രൂപത്തില്‍ (Gold Powder) സ്വർണ്ണം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
രണ്ട് ലോട്ടുകളിലായി സൂക്ഷിച്ചിരുന്ന, 999.9 പരിശുദ്ധിയുള്ള 200 ഗ്രാമും 196 ഗ്രാമും വീതമുള്ള സ്വർണ്ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത സ്വർണ്ണത്തിന് വിപണിയില്‍ ലക്ഷക്കണക്കിന് രൂപ വിലമതിക്കും. 1962-ലെ കസ്റ്റംസ് ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം സ്വർണ്ണം കണ്ടുകെട്ടുകയും നിയമവിരുദ്ധമായി സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തതായി കസ്റ്റംസ് വകുപ്പ് അറിയിച്ചു.

