Dailyhunt
വിമാനയാത്ര ചെലവേറും; ഇന്ധന സര്‍ചാര്‍ജ് കൂട്ടി എയര്‍ ഇന്ത്യ

വിമാനയാത്ര ചെലവേറും; ഇന്ധന സര്‍ചാര്‍ജ് കൂട്ടി എയര്‍ ഇന്ത്യ

Janayugom Online 1 week ago

രാജ്യാന്തര വിപണിയില്‍ വിമാന ഇന്ധന വില ഉയരുന്ന സാഹചര്യത്തില്‍ ഇന്ധന സർചാർജ് വർധിപ്പിച്ച്‌ എയർ ഇന്ത്യ. ഇൻഡിഗോയ്ക്ക് പിന്നാലെയാണ് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നിരക്ക് വർധന പ്രഖ്യാപിച്ചിരിക്കുന്നത്.

ആഭ്യന്തര യാത്രക്കാർക്ക് 299 രൂപ മുതല്‍ 899 രൂപ വരെയും അന്താരാഷ്ട്ര യാത്രക്കാർക്ക് 280 ഡോളർ (ഏകദേശം 26,000 രൂപ) വരെയും അധിക തുക നല്‍കേണ്ടി വരും.
മുമ്പ് ആഭ്യന്തര സർവീസുകള്‍ക്ക് ദൂരവ്യത്യാസമില്ലാതെ 399 രൂപയായിരുന്നു സർചാർജ്. ഇത് മാറ്റി ദൂരത്തിന് അനുസരിച്ചുള്ള പുതിയ സ്ലാബുകള്‍ നടപ്പിലാക്കി. അന്താരാഷ്ട്ര സർവീസുകള്‍ക്ക് മേഖല തിരിച്ച്‌ ഡോളറിലാണ് വർധന നടപ്പിലാക്കിയിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ 50 ഡോളർ, സാർക്ക് രാജ്യങ്ങള്‍ 24 ഡോളർ, യൂറോപ്പ്, യുകെ 205 ഡോളർ, നോർത്ത് അമേരിക്ക, ഓസ്ട്രേലിയ: 280 ഡോളർ എന്നിങ്ങനെയാണ് നിരക്ക്.
പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ആഗോള വിപണിയില്‍ വിമാന ഇന്ധന വില കഴിഞ്ഞ ഒരു മാസത്തിനിടെ ഏകദേശം 100% വർധിച്ചു. ഫെബ്രുവരിയില്‍ ബാരലിന് 99.40 ഡോളറായിരുന്ന വില മാർച്ചില്‍ 195.19 ഡോളറിലെത്തി. ക്രൂഡ് ഓയില്‍ വിലയ്ക്ക് പുറമെ ഇന്ധന ശുദ്ധീകരണ ചെലവിലുണ്ടായ വർധനവും വിമാനക്കമ്പനികള്‍ക്ക് തിരിച്ചടിയായി. ആഭ്യന്തര വിമാന ഇന്ധന വില വർധന സർക്കാർ 25 ശതമാനമായി പരിമിതപ്പെടുത്തിയിരുന്നു. അതേസമയം രാജ്യാന്തര റൂട്ടുകളില്‍ ഇത്തരം ഇളവുകള്‍ ഇല്ലാത്തതാണ് വലിയ വർധനയ്ക്ക് കാരണമായതെന്ന് എയര്‍ ഇന്ത്യ പറയുന്നു,
പുതുക്കിയ സർചാർജ് ഇന്ന് രാവിലെ 9.01 മുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് ബാധകമായിരിക്കും. എന്നാല്‍ ഇതിനകം ടിക്കറ്റ് എടുത്തവരെ ഈ വർധന ബാധിക്കില്ല. ഇന്ധനവിലയിലെ വർധനവ് പൂർണമായും യാത്രക്കാരില്‍ അടിച്ചേല്‍പ്പിക്കുന്നില്ലെന്നും ഒരു വലിയ ഭാഗം കമ്പനി തന്നെ വഹിക്കുകയാണെന്നും എയർ ഇന്ത്യ പറയുന്നു. ഇൻഡിഗോ നേരത്തെ തന്നെ 275 രൂപ മുതല്‍ 10,000 രൂപ വരെ സർചാർജ് വർധിപ്പിച്ചിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online