നീറ്റ് പരീക്ഷയടക്കം ദേശീയ പരീക്ഷാ ഏജൻസിയുടെ (എൻടിഎ) വിവിധ പരീക്ഷാ പേപ്പർ ചോർച്ചകള്‍ക്കും ക്രമക്കേടുകള്‍ക്കും എതിരെ രാഷ്ട്രതലസ്ഥാനത്ത് തുടർന്നുവരുന്ന വിദ്യാർത്ഥി പ്രക്ഷോഭം രാഷ്ട്രശ്രദ്ധ ആകർഷിക്കുക സ്വാഭാവികം മാത്രം.
കാരണം, അത് രാജ്യത്തെ കോടാനുകോടി വിദ്യാർത്ഥികളെയും തൊഴിലന്വേഷകരായ യുവാക്കളെയുമാകെ ബാധിക്കുന്ന പ്രശ്നമാണ്. ഇത് കേന്ദ്രഭരണകൂടത്തെ നേരിട്ട് വെല്ലുവിളിക്കുകയും അതിനെ കടുത്ത പ്രതിരോധത്തിലാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, മോഡിഭരണകൂടത്തിന്റെയും ബിജെപി ഭരിക്കുന്ന സംസ്ഥാന സർക്കാരുകളുടെയും നയസമീപനങ്ങള്‍ക്കും വികസനത്തിന്റെ മറവില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിനാശകരമായ പദ്ധതികള്‍ക്കും എതിരെ വിവിധ സംസ്ഥാനങ്ങളില്‍ നടന്നുവരുന്ന പ്രക്ഷോഭസമരങ്ങളും ചെറുത്തുനില്പുകളും അർഹിക്കുന്ന ഗൗരവത്തില്‍ മാധ്യമവാർത്തകളില്‍ സ്ഥാനം പിടിക്കുകയോ ബഹുജനശ്രദ്ധ ആകർഷിക്കുകയോ രാഷ്ട്രീയവൃത്തങ്ങളില്‍ ചർച്ചചെയ്യപ്പെടുകയോ ചെയ്യുന്നില്ല. രാജ്യത്തെ തൊഴിലാളികളും കർഷകരും കഴിഞ്ഞ ഒരു ദശകത്തിലേറെയായി തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള നിരന്തര പോരാട്ടങ്ങളിലാണ്. അവയ്ക്ക് നാമമാത്ര പ്രതികരണമേ മാധ്യമങ്ങളിലും പൊതുരാഷ്ട്രീയ രംഗത്തും ലഭിക്കുന്നുള്ളൂ. ജൂലൈ 20ന് വിദ്യാർത്ഥികളുടെ സൻസദ് ചലോ പ്രക്ഷോഭം നടന്ന അതേദിവസം തന്നെയാണ് പഞ്ചാബില്‍ നിന്നുള്ള കർഷകർ ഇന്ത്യ-യുഎസ് വ്യാപാരക്കരാറില്‍ പ്രതിഷേധിച്ച് രാഷ്ട്രതലസ്ഥാനത്ത് മഹാപഞ്ചായത്ത് ചേരാൻ നിശ്ചയിച്ചിരുന്നത്. എന്നാല്‍ അതിനായി പുറപ്പെട്ട ആയിരക്കണക്കിന് കർഷകർ ഹരിയാന അതിർത്തികളില്‍ സംസ്ഥാനം ഭരിക്കുന്ന ബിജെപി സർക്കാരിനാല്‍ തടയപ്പെട്ടു. രാജ്യത്തെ കർഷകരെയാകെ ബാധിക്കുന്ന ഒരു വിഷയം ദേശീയ മാധ്യമങ്ങളുടെ ഉള്‍പ്പേജുകളില്‍ ഒറ്റക്കോളത്തില്‍ ഒതുക്കപ്പെട്ടു. രാജ്യത്ത് വിവിധ ജനവിഭാഗങ്ങളെ ബാധിക്കുന്നതും ഒറ്റപ്പെട്ടതെന്ന് തോന്നാവുന്നതും എന്നാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതുമായ നിരവധി പ്രശ്നങ്ങളാണ് മുഖ്യധാരാ മാധ്യമ, രാഷ്ട്രീയ വ്യവഹാരങ്ങളില്‍ അവഗണിക്കപ്പെട്ടുപോകുന്നത്.
ജന്തർ മന്തറിലെ സമരവേദിയില്‍ നിന്നും സോനം വാങ്ചുക്കിനെ പൊലീസ് റാഞ്ചിയെടുത്ത് ആശുപത്രിയിലാക്കിയതിന് തൊട്ടടുത്ത ദിവസം മധ്യപ്രദേശിലെ ഛത്തർപുർ ജില്ലയില്‍ സമാനമോ അതിലും ക്രൂരമെന്നോ വിശേഷിപ്പിക്കാവുന്ന മറ്റൊരു സംഭവം അരങ്ങേറുകയുണ്ടായി. അവിടെ മധ്യപ്രദേശിലെ കെൻ നദിയെയും ഉത്തർപ്രദേശിലെ ബേത്വാ നദിയെയും പരസ്പരം ബന്ധിപ്പിക്കുന്ന 220 കിലോമീറ്റർ ദൈർഘ്യമുള്ള കനാല്‍ നിർമ്മാണ പദ്ധതിയില്‍ ഭൂമി നഷ്ടമാവുന്ന ആദിവാസി ജനത ന്യായമായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടത്തിവന്ന സമരത്തെ പൊലീസ് ബലംപ്രയോഗിച്ച് പിരിച്ചുവിടുകയും രണ്ടാഴ്ചയായി നിരാഹാരസമരം നടത്തി വന്ന അവരുടെ നേതാവ് അമിത് ഭട്നാഗറെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലാക്കുകയുമുണ്ടായി. ഡല്‍ഹിയിലെപ്പോലെ മാധ്യമങ്ങളുടെയോ രാഷ്ട്രീയ നേതൃത്വത്തിന്റെയോ സാന്നിധ്യമില്ലാത്തിടത്ത് സ്ത്രീകള്‍ ഉള്‍പ്പെടെ ആദിവാസികളായ സമരക്കാരോടുള്ള പൊലീസിന്റെയും ബിജെപി സർക്കാരിന്റെയും സമീപനം ഊഹിക്കാവുന്നതേയുള്ളു. നഷ്ടമാകുന്ന തങ്ങളുടെ ഭൂമിക്ക് ന്യായമായ നഷ്ടപരിഹാരം ആവശ്യപ്പെടുകമാത്രമേ ആദിവാസികള്‍ ചെയ്തിട്ടുള്ളൂ. കെൻ - ബേത്വ നദികളെ തമ്മില്‍ ബന്ധിപ്പിക്കുന്ന 45,000 കോടി രൂപയുടെ പദ്ധതി ഒട്ടേറെ സംശയങ്ങളും ആശങ്കളും ഉയർത്തുന്ന ഒന്നാണ്. മധ്യപ്രദേശില്‍ ഉത്ഭവിച്ച് 427 കിലോമീറ്റർ സഞ്ചരിച്ച് യമുനയില്‍ ലയിക്കുന്ന നദി ബുന്ദേല്‍ഖണ്ഡ് മേഖലയിലെ മുഖ്യ ജലസ്രോതസാണ്. 11 ലക്ഷം ഹെക്ടർ ഭൂമിയില്‍ ജലസേചനവും 62 ലക്ഷം ജനങ്ങള്‍ക്ക് കുടിവെള്ളവും ലഭ്യമാക്കുകയാണ് പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യം. എന്നാല്‍, പദ്ധതിയുടെ പൂർത്തീകരണത്തോടെ സ്വതേ വരണ്ട ഈ മേഖലയിലെ ജലദൗർലഭ്യം വിവരണാതീതമായ തോതില്‍ വർധിക്കുമെന്ന് സ്വതന്ത്ര ജലവിഭവ വിദഗ്ധരും പരിസ്ഥിതിപ്രവർത്തകരും ഗ്രാമീണരും ഭയക്കുന്നു. പദ്ധതി പൂർത്തിയാവുന്നതോടെ 23 മുതല്‍ 46 ലക്ഷം വരെ വൃക്ഷങ്ങള്‍ വെട്ടിമാറ്റേണ്ടി വരും. അത് മാത്രം മതി ബുന്ദേല്‍ഖണ്ഡ് മേഖലയെ മരുഭൂമിക്ക് സമാനമാക്കി മാറ്റാൻ. ഇപ്പോള്‍ത്തന്നെ ജലലഭ്യത പരിമിതമായ കെൻ നദിയില്‍ രണ്ട് നിർദിഷ്ട അണക്കെട്ടുകള്‍ ഉയർത്തി വെള്ളം ബേത്വ നദിയിലേക്ക് തിരിച്ചുവിടുന്നതോടെ കെൻ നദിയുടെ താഴ്ന്ന പ്രദേശങ്ങള്‍ കൂടി വരണ്ടുണങ്ങുമെന്ന് നദിയെ ആശ്രയിക്കുന്ന ജനങ്ങള്‍ ഭയപ്പെടുന്നു. മതിയായ പാരിസ്ഥിതിക പഠനമോ സാമൂഹിക, സാമ്പത്തിക ആഘാത പഠനമോ നടത്താതെ പദ്ധതി നടപ്പാക്കാനുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ദുർവാശിക്ക് പിന്നില്‍ അതില്‍ ഉള്‍പ്പെട്ടിട്ടുള്ള ഭീമമായ തുകയും അതില്‍നിന്നും ഉടൻ ലഭ്യമാകുന്ന സാമ്പത്തിക നേട്ടവും മാത്രമാണെന്ന് വിലയിരുത്തപ്പെടുന്നു.
കെൻ - ബേത്വ നദീബന്ധന പദ്ധതി രാജ്യത്തൊട്ടാക ബിജെപി സർക്കാർ വികസനത്തിന്റെ പേരില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന, പ്രകൃതിക്കും പരിസ്ഥിതിക്കും ദീർഘകാല അടിസ്ഥാനത്തില്‍ സമ്പദ്ഘടനയ്ക്കും ജനജീവിതത്തിനും വിനാശകരമായ പദ്ധതി പരമ്പരകളില്‍ ഒന്ന് മാത്രമാണ്. 81,000 കോടി രൂപ ചെലവില്‍ ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തില്‍ നടപ്പാക്കിവരുന്ന പദ്ധതി ലോകവ്യാപകമായ വിമർശനവും പ്രതിഷേധവും ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. ഉത്തരാഖണ്ഡില്‍ ഇപ്പോള്‍ നടപ്പാക്കിവരുന്ന ഡെറാഡൂണ്‍-ഋഷികേശ് ദേശീയപാതാ വികസനപദ്ധതി വൻ ജനകീയ പ്രതിഷേധങ്ങളെത്തുടർന്ന് ഭാഗികമായി നിർത്തിവയ്ക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്. സംസ്ഥാനത്ത് കഴിഞ്ഞ 25 വർഷങ്ങളായി പ്രതിദിനം അഞ്ച് ഹെക്ടർ വനഭൂമി എന്ന തോതിലാണ് വികസനത്തിന്റെ പേരില്‍ നഷ്ടമായിക്കൊണ്ടിരിക്കുന്നത്. ലോകത്തെ ഏറ്റവും പരിസ്ഥിതിലോലമെന്ന് കരുതപ്പെടുന്ന ഈ ഹിമാലയൻ സംസ്ഥാനം വിവരണാതീതമായ പ്രകൃതിനാശത്തിന്റ പാരമ്യത്തിലാണ് എത്തിനില്‍ക്കുന്നത്. ഗുജറാത്തിലെ കുച്ച് മുതല്‍ സൗരാഷ്ട്ര വരെയും ഉത്തരഗുജറാത്തിലും കർഷകർ പ്രക്ഷോഭത്തിന്റെ പാതയിലാണ്. വൻകിട വൈദ്യുതി പദ്ധതികളുടെ ട്രാൻസ്മിഷൻ ഇടനാഴികളുമായി ബന്ധപ്പെട്ട് ഭൂമി വിട്ടുനല്‍കേണ്ടി വരുന്ന കർഷകർ മതിയായ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സമരരംഗത്ത് ഇറങ്ങാൻ നിർബന്ധിതരായിരിക്കുന്നത്. മേല്‍വിവരിച്ച പ്രക്ഷോഭങ്ങള്‍ രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന പരിസ്ഥിതിക, സാമ്പത്തിക വെല്ലുവിളികളുടെ ഒരു ചെറുശിഖരത്തെ മാത്രമാണ് അനാവരണം ചെയ്യുന്നത്. ഇത് കേവലം നയസമീപങ്ങളുടെ ഉപരിപ്ലവമായ പരിഷ്കാരങ്ങള്‍ കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നമല്ല. സമഗ്രവും സമൂലവുമായ രാഷ്ട്രീയ ഇടപെടല്‍ ആവശ്യപ്പെടുന്ന വെല്ലുവിളികളെയാണ് രാഷ്ട്രം അഭിമുഖീകരിക്കുന്നത്.

