മുസ്ലിം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ വർഗീയ വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ ആര്‍എസ്‌എസ് നേതാവ് കല്ലഡ്ക പ്രഭാകർ ഭട്ടിന് കർണാടക ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.
വിഷം പ്രസരിപ്പിക്കാതെ സംസാരിക്കണമെന്നും സമുദായങ്ങള്‍ക്കിടയില്‍ പരസ്പരം ബഹുമാനവും സംയമനവും പാലിക്കാൻ തയ്യാറാകണമെന്നും ജസ്റ്റിസ് എം. നാഗപ്രസന്ന കര്‍ശന നിര്‍ദേശം നല്‍കി. 2025 ഒക്ടോബറില്‍ പുത്തൂർ താലൂക്കിലെ ഉപ്പളിഗെയില്‍ നടന്ന ദീപോത്സവ പരിപാടിയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രഭാകർ ഭട്ട് സമർപ്പിച്ച ഹർജിയിലാണ് നിരീക്ഷണം. ലംഘിച്ചാല്‍ കർശനമായ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും കോടതി താക്കീത് നല്‍കി.
കല്ലഡ്ക പ്രഭാകർ മുസ്ലിം സമൂഹത്തെ ലക്ഷ്യമിട്ട് നിരന്തരം പ്രകോപനപരമായ പ്രസ്താവനകള്‍ നടത്താറുണ്ടെന്ന് ഭട്ടിനെതിരെ പരാതി നല്‍കിയ കർണാടക സംസ്ഥാന ദളിത ഹക്കുഗല രാജ്യ സമിതി അംഗം ഈശ്വരി പദ്മുഞ്ച കോടതിയെ അറിയിച്ചു. പൊതുവേദികള്‍ ഉപയോഗിച്ച് ഇയാള്‍ വർഗീയ വിദ്വേഷം പരത്തുകയാണെന്നും ഇത്തരം പ്രസംഗങ്ങള്‍ നടത്തുന്നത് തടയണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയില്‍ നിന്നുള്ള 83 വയസുകാരനായ ആർഎസ്‌എസ് നേതാവ് മുസ്ലിംകളെ വിരുദ്ധ പ്രസംഗങ്ങളുടെ പേരില്‍ മുൻപും പലതവണ നിയമനടപടികള്‍ നേരിട്ടിട്ടുണ്ട്. ഭട്ടിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 12 കേസുകള്‍ നിലവിലുണ്ട്.

