Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യുഡിഎഫ് സര്‍ക്കാരിന്റെ  'കേന്ദ്രനയ' പ്രഖ്യാപനം

യുഡിഎഫ് സര്‍ക്കാരിന്റെ 'കേന്ദ്രനയ' പ്രഖ്യാപനം

Janayugom Online 3 weeks ago

കല സാമ്പത്തിക ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയും പരിസ്ഥിതി നാശം, പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവന പ്രതിസന്ധി, സമുദ്ര മലിനീകരണം, സുരക്ഷാ വെല്ലുവിളികള്‍, ആഴക്കടല്‍ ഘനനം തുടങ്ങി ഗുരുതരമായ അപകടങ്ങളും ആശങ്കകളും ഉയർത്തുന്ന യൂണിയൻ സർക്കാരിന്റെ ബ്ലൂ ഇക്കോണമിയിലേയ്ക്കുള്ള വഴി തുറന്നും യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം.

സ്വകാര്യവല്‍ക്കരണത്തിന് ആക്കം കൂട്ടുന്നതും വർഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്റെ നിലപാട് വെളിപ്പെടുത്തുന്നതുമായിരുന്നു ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ നടത്തിയ ഒരുമണിക്കൂർ 13 മിനിറ്റ് നീണ്ട പ്രസംഗം. ബിജെപിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സർക്കാരിന്റെ നിലപാടുകളെക്കുറിച്ച്‌ ഒന്നും പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്തു. ധനകാര്യ ഫെഡറലിസത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന കേന്ദ്ര സർക്കാർ നയങ്ങള്‍ക്കെതിരെയും യാതൊരു പരാമർശവുമില്ല.

പൊതുമരാമത്ത് വകുപ്പിലുള്‍പ്പെടെ പൊതു-സ്വകാര്യ പങ്കാളിത്തത്തിന് വാതില്‍ തുറക്കുമെന്നും ക്രമേണ പൂർണ സ്വകാര്യവല്‍ക്കരണത്തിന് വഴിയൊരുക്കുമെന്നും വ്യക്തമാക്കി. ഇതിനുതകുന്ന നയത്തില്‍ സംസ്ഥാനത്തെ ബൈപ്പാസുകള്‍ നാലു വരിപ്പാതകളാക്കും. ഹരിത കെട്ടിടങ്ങളെ പ്രോത്സാഹിപ്പിക്കും. എല്ലാ റോഡുകളും ബിഎംബിസി നിലവാരത്തിലേക്ക് ഉയർത്തും. സംസ്ഥാനത്തെ സംയോജിത തുറമുഖ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും സർക്കാർ വ്യക്തമാക്കുന്നു.
സംസ്ഥാനത്തിന്റെ സാമ്പത്തിക അവസ്ഥ വ്യക്തമാക്കി ധവളപത്രം പുറത്തിറക്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നു.
സ്ത്രീകള്‍ക്ക് കെഎസ് ആർടിസി ബസില്‍ സൗജന്യ യാത്ര, വിദ്യാർത്ഥിനികള്‍ക്ക് പ്രതിമാസം 1,000 രൂപ, 25 ലക്ഷത്തിന്റെ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷൂറൻസ് പദ്ധതി, ക്ഷേമപെൻഷൻ 3,000 രൂപയായി വർധിപ്പിക്കുക എന്നീ വാഗ്ദാനങ്ങള്‍ നടപ്പിലാക്കും. വിദ്യാർത്ഥിനികള്‍ക്ക് പ്രതിമാസം മൂന്ന് ദിവസം ആർത്തവ അവധി നടപ്പാക്കും. അവധിക്ക് പകരം പ്രത്യേക ക്ലാസ് നല്‍കും.

റിയല്‍ എസ്റ്റേറ്റ് മാഫിയയ്ക്ക് വേണ്ടിയാണ് നിലവിലുള്ള എല്ലാ ഭൂനിയമങ്ങളും നവീകരിക്കുമെന്ന നയപ്രഖ്യാപനം. ഈ നിയമങ്ങള്‍ പുനഃപരിശോധിക്കുന്നതിനായി കമ്മിഷൻ രൂപീകരിക്കുമെന്നും തോട്ടം മേഖലയില്‍ വൈവിധ്യം അനുവദിക്കുന്നതിന് ഭേദഗതികള്‍ അവതരിപ്പിക്കുമെന്നും സര്‍ക്കാര്‍ പറയുന്നു.
ഇലക്‌ട്രോണിക്സ് ആന്റ് ഐടി വകുപ്പിനെ കേരള ‍ടെക് എന്ന പുതിയ ബ്രാൻഡോടുകൂടി ഐടി ഫ്യൂച്ചർ ടെക്നോളജീസ് ആന്റ് സ്റ്റാർട്ട് അപ്സ് വകുപ്പ് എന്ന് പുനർനാമകരണം ചെയ്യും. കേരള ഐടി മിഷനെ കേരള എഐ മിഷനും കേരള എമർജിങ് ടെക്നോളജീസ് ഉള്‍പ്പെടുത്തി ഡിജിറ്റല്‍ ട്രാൻസ്ഫോർമേഷൻ മിഷൻ എന്ന് മാറ്റം വരുത്തും.

സഹകരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പരിഷ്കരണ നടപടികളുണ്ടാകും. അച്ചടക്കം ഉറപ്പാക്കാൻ സഹകരണ സ്ഥാപനങ്ങളില്‍ മേല്‍നോട്ട സംവിധാനം ക്രമീകരിക്കുമെന്നത് സഹകരണ സംഘങ്ങളെ കെെപ്പിടിയിലാക്കാനാണോ എന്ന് കണ്ടറിയണം. ലഹരിക്കെതിരെ സീറോ ടോളറൻസ് നയം നടപ്പാക്കും, മയക്കുമരുന്ന്, സംഘടിത കുറ്റകൃത്യങ്ങള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ എന്നിവയ്ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും നയത്തില്‍ പറയുന്നു. ക്ഷേത്രങ്ങളെ ഏകീകൃത തീർത്ഥാടന സർക്യൂട്ടുമായി ബന്ധപ്പിക്കുന്ന മലബാർ ടെമ്പിള്‍ പില്‍ഗ്രിം പദ്ധതി നടപ്പാക്കും. എല്ലാ ജില്ലകളിലും പ്ലസ് ടു സീറ്റുകളുടെ എണ്ണം ആവശ്യകതയുടെ അടിസ്ഥാനത്തില്‍ വർധിപ്പിക്കും. തെരഞ്ഞെടുത്ത സപ്ലൈകോ സൂപ്പർ മാർക്കറ്റുകള്‍ ആധുനികവല്‍ക്കരിക്കും. സഞ്ചരിക്കുന്ന മാവേലി, റേഷൻ കടകളുടെ എണ്ണം വർധിപ്പിക്കും. കൂടുതല്‍ നഗരങ്ങളിലേക്ക് അന്താരാഷ്ട്ര ചലച്ചിത്രോത്സവം വ്യാപിപ്പിക്കും. മലബാർ ക്ഷേത്ര തീർത്ഥാടന പദ്ധതി ആരംഭിക്കും. 10000 ചെറുകിട വ്യവസായങ്ങള്‍ക്ക് സർക്കാർ പിന്തുണ നല്‍കുമെന്നും നയ പ്രഖ്യാപനത്തില്‍ പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online