Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യുവതലമുറയില്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ കൂടുന്നു; 120 കോടി ജനങ്ങള്‍ ചികിത്സയിലെന്ന് റിപ്പോര്‍ട്ട്

യുവതലമുറയില്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ കൂടുന്നു; 120 കോടി ജനങ്ങള്‍ ചികിത്സയിലെന്ന് റിപ്പോര്‍ട്ട്

Janayugom Online 2 weeks ago

ഗോളതലത്തില്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരുടെ കണക്ക് വര്‍ധിക്കുന്നതായി പഠന റിപ്പോർട്ട്. പ്രമുഖ അന്താരാഷ്ട്ര മെഡിക്കല്‍ ജേണലായ ദി ലാൻസെറ്റില്‍ പ്രസിദ്ധീകരിച്ച പുതിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ലോകമെമ്പാടുമായി ഏകദേശം 120 കോടി (1.2 ബില്യണ്‍) ആളുകള്‍ വിവിധ തരത്തിലുള്ള മാനസികാരോഗ്യ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നാണ് കണ്ടെത്തല്‍.

1990-ലെ നിരക്കുകളേക്കാള്‍ 95.5 ശതമാനത്തിന്റെ വൻ വർധനവാണ് നിലവിലുണ്ടായിരിക്കുന്നത്. ഉത്കണ്ഠയും (Anxiety) വിഷാദവുമാണ് (Depression) ഏറ്റവും കൂടുതല്‍ ആളുകളെ ബാധിക്കുന്ന പ്രശ്നങ്ങള്‍. വ്യക്തിത്വ വൈകല്യങ്ങളാണ് (Personality Disorders) പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്. ഗ്ലോബല്‍ ബർഡൻ ഓഫ് ഡിസീസസ്' (GBD) ഡാറ്റ വിശകലനം ചെയ്ത് 204 രാജ്യങ്ങളിലെ വിവരങ്ങള്‍ ശേഖരിച്ചാണ് ആരോഗ്യ മേഖലയിലെ ഈ സമഗ്ര പഠനം തയ്യാറാക്കിയിരിക്കുന്നത്.

മുൻകാലങ്ങളെ അപേക്ഷിച്ച്‌ യുവതലമുറയിലാണ്, പ്രത്യേകിച്ച്‌ 15 നും 39 നും ഇടയില്‍ പ്രായമുള്ളവരിലാണ് ഈ പ്രശ്നങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്. ഭൂരിഭാഗം മാനസികാരോഗ്യ പ്രശ്നങ്ങളും സ്ത്രീകളില്‍ കൂടുതലായി കാണപ്പെടുമ്പോള്‍ ഓട്ടിസം, എഡിഎച്ച്‌ഡി (ADHD), പെരുമാറ്റ വൈകല്യങ്ങള്‍, വ്യക്തിത്വ വൈകല്യങ്ങള്‍ എന്നിവ പുരുഷന്മാരിലാണ് കൂടുതല്‍. കോവിഡിന് ശേഷം വിഷാദരോഗ നിരക്കുകളില്‍ ചെറിയ കുറവുണ്ടായെങ്കിലും ഉത്കണ്ഠയുടെ തോത് ഇപ്പോഴും ഉയർന്ന നിലയില്‍ തന്നെ തുടരുകയാണെന്ന് ഗവേഷകർ കണ്ടെത്തി.

ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡ് സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ. ഡാമിയൻ സാന്റോമ്യൂറോയുടെ നേതൃത്വത്തിലാണ് ഈ സമഗ്ര ഗവേഷണം നടന്നത്. ബൈപോളാർ ഡിസോർഡർ, സ്കീസോഫ്രീനിയ, ഓട്ടിസം സ്പെക്‌ട്രം ഡിസോർഡർ, അനോറെക്സിയ, ബുളിമിയ, ഡിസ്റ്റീമിയ (സ്ഥിരമായ നേരിയ വിഷാദം), കുട്ടികളെ ബാധിക്കുന്ന പെരുമാറ്റ വൈകല്യങ്ങള്‍ തുടങ്ങിയവയും പഠനവിധേയമാക്കിയിട്ടുണ്ട്.

മാനസികാരോഗ്യത്തെക്കുറിച്ചുള്ള സാമൂഹിക അപമാനം കുറഞ്ഞതും രോഗനിർണയ സംവിധാനങ്ങള്‍ മെച്ചപ്പെട്ടതും കൂടുതല്‍ ആളുകള്‍ ചികിത്സ തേടാൻ മുന്നോട്ടുവരുന്നതിന് കാരണമായിട്ടുണ്ട്. നിരക്കുകള്‍ ഇത്രയും ഉയർന്നു കാണിക്കാൻ ഇതും ഒരു ഘടകമാണ്. ഈ ആഗോള പ്രതിസന്ധി പരിഹരിക്കാൻ ലോകരാജ്യങ്ങളുടെ കൂട്ടായ നേതൃത്വവും അടിയന്തര ഇടപെടലുകളും ആവശ്യമാണെന്ന് പഠനം അടിവരയിടുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online