Dailyhunt
2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

ന്യൂദല്‍ഹി: ശബരിമല ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തില്‍ പ്രവേശനം തേടി ഹര്‍ജി നല്കിയത് അയ്യപ്പ ഭക്തരല്ലെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബി.വി.

നാഗരത്‌ന. ഭക്തരല്ലാത്ത, ശബരിമലയുമായി ബന്ധമില്ലാത്ത ആളുകളുടെ ഹര്‍ജി എന്തിനാണ് കോടതി പരിഗണിച്ചതെന്ന് അവര്‍ ചോദിച്ചു.

യുവതീ പ്രവേശവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവേയാണ് ജസ്റ്റിസ് നാഗരത്‌നയുടെ സുപ്രധാന നിരീക്ഷണങ്ങള്‍. യുവതീ പ്രവേശം തേടി അയ്യപ്പഭക്തരായ ആരും കോടതിയെ സമീപിച്ചിട്ടില്ല, അവര്‍ പറഞ്ഞു. കോടതി നടപടിയെത്തന്നെയാണ് ജസ്റ്റിസ് നാഗരത്‌ന ചോദ്യം ചെയ്തത്.

ഇത്തരം ഹര്‍ജിയുമായി ആരെങ്കിലും സിവില്‍ കോടതിയെ സമീപിച്ചിരുന്നെങ്കില്‍ നിങ്ങള്‍ക്ക് കേസുമായി എന്തു ബന്ധമെന്നായിരിക്കും ആദ്യം കോടതി ചോദിക്കുക. ബന്ധം വിശദീകരിക്കാനായില്ലെങ്കില്‍ അപ്പോള്‍ത്തന്നെ കേസ് തള്ളും. അയ്യപ്പഭക്തരല്ല ഹര്‍ജി നല്കിയതെന്നത് നേരത്തേ തന്നെ കണക്കിലെടുത്തിരുന്നെങ്കില്‍ 2006ല്‍ത്തന്നെ കേസ് തള്ളുമായിരുന്നെന്ന് ഒന്‍പതംഗ ഭരണഘടനാ ബെഞ്ചിന് നേതൃത്വമേകുന്ന ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

ജഡ്ജിമാരുടെ നിരീക്ഷണത്തോട് യോജിച്ച, കേന്ദ്ര സര്‍ക്കാരിനായി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, മുസ്ലിം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് തനിക്ക് കോടതിയെ സമീപിക്കാനാകില്ലെന്ന് പറഞ്ഞു. താനങ്ങനെ സമീപിച്ചാല്‍ അതിനുള്ള അവകാശം തനിക്കെന്താണെന്ന് കോടതി ആരായുമെന്നു തുഷാര്‍ മേത്ത പറഞ്ഞു. പഞ്ചാബില്‍ രജിസ്റ്റര്‍ ചെയ്ത ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷനാണ് ശബരിമലയില്‍ യുവതീ പ്രവേശത്തിനായി കോടതിയെ സമീപിച്ചതെന്ന് സുപ്രീം കോടതിയില്‍ എഴുതി നല്കിയ വാദത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സംഘടനയ്‌ക്കു ശബരിമലയെക്കുറിച്ച്‌ അറിയില്ലെന്നു കേന്ദ്രം തങ്ങളുടെ വാദത്തില്‍ ചൂണ്ടിക്കാട്ടി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily