ന്യൂദല്‍ഹി: ഭാരതത്തില്‍ 5ജി ഉപഭോക്താക്കളുടെ എണ്ണം യൂറോപ്പിലെ ആകെ ജനസംഖ്യയ്‌ക്ക് തുല്യമായ 50 കോടിയില്‍ എത്തിയതായി കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.
2030-ഓടെ ഇത് 100 കോടിയിലേക്ക് ഉയരുമെന്നും, കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്തെ മൊബൈല്‍ ഇന്റർനെറ്റ് നിരക്കുകളില്‍ 97 ശതമാനത്തിന്റെ കുറവുണ്ടായതായും അദ്ദേഹം വ്യക്തമാക്കി. ദല്‍ഹിയില്‍വെച്ച് 'ഭാരത് 6ജി അലയൻസിന്റെ' പുരോഗതിയും പ്രവർത്തനങ്ങളും കേന്ദ്രമന്ത്രി വിലയിരുത്തി.
6ജി സാങ്കേതികവിദ്യയുടെ വികസനത്തിലും ആഗോള മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിലും ഇന്ത്യ മുന്നില്‍ നില്‍ക്കും. ITU, 3GPP തുടങ്ങിയ അന്താരാഷ്‌ട്ര സമിതികളുടെ നിർണ്ണായകമായ ചട്ടക്കൂടുകളില്‍ ഇന്ത്യ പങ്കാളിയാകുന്നുണ്ട്.
മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ഇന്ത്യയുടെ ആദ്യത്തെ ടെലികോം മാനുഫാക്ചറിങ് സോണ്‍ സ്ഥാപിക്കും. ഇത് രാജ്യത്ത് വൻതോതിലുള്ള ടെലികോം-ഡാറ്റാ സെന്റർ വ്യവസ്ഥയ്‌ക്ക് രൂപം നല്‍കും. ഭാരത് 6ജി അലയൻസിലെ അംഗങ്ങള്‍ക്ക് 5ജി, 6ജി മേഖലകളിലായി 7,700-ലധികം പേറ്റന്റ് അപേക്ഷകളുണ്ട്. ഇതില്‍ 4,400-ലധികം വിദേശ അപേക്ഷകളും ഉള്‍പ്പെടുന്നു.
വാർത്താവിനിമയ സഹമന്ത്രി ചന്ദ്രശേഖർ പെമ്മസാനി, ടെലികോം സെക്രട്ടറി അമിത് അഗർവാള്‍ എന്നിവരും പങ്കെടുത്തു.

