ന്യൂദല്‍ഹി: ഊർജ സുരക്ഷ ശക്തിപ്പെടുത്താൻ ആഴക്കടല്‍ എണ്ണ-വാതക പര്യവേഷണ രംഗത്ത് വൻ പദ്ധതിയുമായി കേന്ദ്ര സർക്കാർ.
നാഷണല്‍ ഡീപ്പ്‌വാട്ടർ എക്സ്പ്ലറേഷൻ മിഷൻ 'സമുദ്ര മന്ഥൻ' പദ്ധതിക്ക് കീഴില്‍ ഏകദേശം 80,000 കോടി രൂപയുടെ പ്രോത്സാഹന പാക്കേജ് ഒരുക്കുകയാണ് സർക്കാർ. ആഴക്കടല്‍ മേഖലകളില്‍ എണ്ണയും പ്രകൃതിവാതകവും കണ്ടെത്താനുള്ള നിക്ഷേപം വർധിപ്പിക്കുകയാണ് ലക്ഷ്യം.
ആഴക്കടല്‍ എണ്ണ പര്യവേഷണം വളരെ ചെലവേറിയതും സാങ്കേതികമായി വെല്ലുവിളി നിറഞ്ഞതുമാണ്. ഈ മേഖലയിലെ നിക്ഷേപ അപകടസാധ്യത കുറയ്‌ക്കുന്നതിനായി പര്യവേഷണ കിണറുകള്‍ കുഴിക്കുന്ന ചെലവിന്റെ 50 ശതമാനം വരെ സർക്കാർ വഹിക്കുന്ന രീതിയിലുള്ള പദ്ധതിയാണ് പരിഗണിക്കുന്നത്.
ഒരു ആഴക്കടല്‍ കിണർ കുഴിക്കാൻ തന്നെ നൂറുകണക്കിന് കോടികളുടെ നിക്ഷേപം ആവശ്യമാണ്. ഭൂമിശാസ്ത്രപരമായ സങ്കീർണത അനുസരിച്ച് ഒരു ഡീപ്പ്‌വാട്ടർ കിണറിന്റെ ചെലവ് ഏകദേശം 1,000-1,200 കോടി വരെ എത്താം. ഉയർന്ന ചെലവാണ് പല ആഗോള കമ്പനികളെയും ഇന്ത്യൻ കടല്‍ മേഖലകളില്‍ നിന്ന് അകറ്റിനിർത്തിയ പ്രധാന കാരണങ്ങളില്‍ ഒന്ന്.
പുതിയ പാക്കേജിലൂടെ വിദേശ എണ്ണ കമ്പനികളെയും ആഗോള സാങ്കേതിക വിദഗ്ധരെയും ഇന്ത്യയിലെ ആഴക്കടല്‍ പര്യവേഷണ മേഖലയിലേക്ക് ആകർഷിക്കാനാണ് ശ്രമം. കൂടാതെ, 3D സീസ്മിക് സർവേകള്‍ക്ക് ഭാഗിക ധനസഹായം നല്‍കുന്നതും പരിഗണനയിലുണ്ട്.
ഇന്ത്യ നിലവില്‍ ക്രൂഡ് ഓയില്‍ ആവശ്യത്തിന്റെ വലിയൊരു ഭാഗം ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. ആഭ്യന്തര എണ്ണ-വാതക ഉല്‍പ്പാദനം ഉയർത്തി ഇറക്കുമതി ആശ്രിതത്വം കുറയ്‌ക്കുകയും ഊർജ സ്വയംപര്യാപ്തത വർധിപ്പിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
സമുദ്ര മന്ഥൻ' പദ്ധതിയുടെ ഭാഗമായി ആഴക്കടല്‍ മേഖലകളിലെ പര്യവേഷണം വേഗത്തിലാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഓയില്‍ ആൻഡ് നാച്ചുറല്‍ ഗ്യാസ് കോർപ്പറേഷൻ (ONGC) മഹാനദി ഓഫ്‌ഷോർ ബേസിനില്‍ ആദ്യ ആഴക്കടല്‍ പര്യവേഷണ കിണർ ആരംഭിച്ചതും പദ്ധതിയുടെ ഭാഗമായുള്ള പ്രധാന മുന്നേറ്റമാണ്.
ഇന്ത്യയുടെ കടല്‍ അതിർത്തികളില്‍ മറഞ്ഞുകിടക്കുന്ന എണ്ണ-വാതക ശേഖരങ്ങള്‍ കണ്ടെത്താൻ കഴിഞ്ഞാല്‍, രാജ്യത്തിന്റെ ഊർജ സുരക്ഷയിലും സാമ്പത്തിക സ്ഥിരതയിലും വലിയ മാറ്റമുണ്ടാക്കാൻ ഈ നീക്കത്തിന് സാധിക്കും. നിലവില്‍ ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ആവശ്യത്തിന്റെ വലിയൊരു ഭാഗവും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്.
ആഗോള എണ്ണവിലയിലെ മാറ്റങ്ങളും അന്താരാഷ്‌ട്ര സംഘർഷങ്ങളും രാജ്യത്തിന്റെ ഊർജ ചെലവിനെ നേരിട്ട് ബാധിക്കുന്ന സാഹചര്യത്തില്‍, ആഭ്യന്തര എണ്ണ-വാതക ഉല്‍പ്പാദനം ഉയർത്തി വിദേശ എണ്ണ ആശ്രിതത്വം കുറയ്‌ക്കാനും ഊർജ സ്വയംപര്യാപ്തത വർധിപ്പിക്കാനുമാണ് കേന്ദ്രത്തിന്റെ ശ്രമം.

