Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആദിശേഖറിനെ കാറിടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച്‌ സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

ആദിശേഖറിനെ കാറിടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച്‌ സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

തിരുവനന്തപുരം: കാട്ടാക്കടയില്‍ പത്താം ക്ലാസ് വിദ്യാർത്ഥി ആദി ശേഖറിനെ കാറിടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച്‌ സുപ്രീം കോടതി.

ശിക്ഷാവിധിയില്‍ പിഴവുണ്ടെന്ന നിരീക്ഷണത്തിലാണ് ജാമ്യം അനുവദിച്ച്‌ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. തിരുവനന്തപുരം ആറാം അഡിഷണല്‍ സെഷൻസ് കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷയാണ് സുപ്രീം കോടതി മരവിപ്പിച്ചിരിക്കുന്നത്.

വിചാരണക്കോടതി വിധിക്കെതിരെ പ്രിയരഞ്ജൻ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. വിചാരണക്കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീല്‍ നിലവില്‍ കേരള ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. 2023 ഓഗസ്റ്റ് 30നാണ് ആദിശേഖർ കാറിടിച്ച്‌ കൊല്ലപ്പെടുന്നത്. കാർ കയറ്റി കൊലപ്പെടുത്തുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യം പുളിങ്കോട് ക്ഷേത്രത്തിലെ സിസിടിവി ക്യാമറയില്‍ നിന്നാണ് ലഭിച്ചത്.

‘മാമാ.. ഇവിടെ മൂത്രം ഒഴിക്കുന്നത് ശരിയാണോ ‘ എന്ന ആദിശേഖറിന്റെ നിഷ്‌കളങ്കമായ ചോദ്യത്തില്‍ നിന്നുണ്ടായ പകയാണ് പൈശാചികമായ കൊലപാതകത്തിലെത്തിയത് എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ആദിശേഖർ കൂട്ടുകാർക്കൊപ്പം പുളിങ്കോട് ക്ഷേത്ര ഗ്രൗണ്ടില്‍ കളി കഴിഞ്ഞ് ബാള്‍ ഷെഡില്‍ സൂക്ഷിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന കുട്ടിയില്‍ നിന്ന് ആദിശേഖർ സ്വന്തം സൈക്കിള്‍ വാങ്ങി കയറാൻ തുടങ്ങുന്നതിനിടെ പിന്നാലെ വേഗത കുറച്ചുവന്ന ഇലക്‌ട്രിക് കാർ (കെ.എല്‍ 19 എൻ 6957) വേഗതകൂട്ടി കുട്ടിയെ ഇടിച്ചുതെറിപ്പിച്ചതിനുശേഷം കടന്നുപോവുകയായിരുന്നു.

പ്രതി പ്രിയരഞ്ജൻ സ്ഥിരം മദ്യപാനിയാണെന്നും സംഭവ സമയത്തും മദ്യപിച്ചിരുന്നതായും മുൻകൂട്ടി പദ്ധതിയിട്ട കൊലയാണെന്നും പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ആദിശേഖറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് വീട്ടുകാർ സംശയം ഉന്നയിച്ചതോടെയാണ് അപകട മരണമായി ആദ്യം രജിസ്റ്റർ ചെയ്ത കേസ് നരഹത്യയായി പരിഗണിച്ചത്.

എന്നാല്‍ ഭാര്യ വിദേശത്ത് ജോലി ചെയ്യുകയാണെന്നും അവരുമായി ഫോണില്‍ സംസാരിച്ചുകൊണ്ട് കാർ മുന്നോട്ടെടുത്തപ്പോള്‍ സൈക്കിളില്‍ ഇടിച്ചതാണെന്നും പ്രിയരഞ്ജൻ സമർപ്പിച്ച ജാമ്യ ഹർജിയില്‍ പറയുന്നുണ്ട്. പുതിയ ഇലക്‌ട്രിക് കാറായിരുന്നതിനാല്‍ പരിചയക്കുറവുമുണ്ടായിരുന്നെന്നും പ്രതി കോടതിയെ അറിയിച്ചിരുന്നു. സംഭവത്തിനുശേഷം തമിഴ്നാട്ടിലേയ്‌ക്ക് കടന്ന പ്രിയരഞ്ജനെ കന്യാകുമാരിയില്‍ നിന്നാണ് പിടികൂടിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily