Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആയുര്‍വേദ ജ്യോതിഷ സമന്വയവും ആയുസ്സിന്റെ അമൃതവര്‍ഷവും

ആയുര്‍വേദ ജ്യോതിഷ സമന്വയവും ആയുസ്സിന്റെ അമൃതവര്‍ഷവും

ആധുനിക ലോകത്തിന് ഭാരതം നല്‍കിയ അമൂല്യ സംഭാവനകളാണ് ആയുർവേദവും ജ്യോതിഷവും. ഭാരതീയ ശാസ്ത്രങ്ങളുടെ സുവർണ്ണ വേരുകള്‍ പ്രപഞ്ചത്തിന്റെയും മനുഷ്യജീവിതത്തിന്റെയും ആഴങ്ങളിലേക്ക് എത്രത്തോളം ഇറങ്ങിച്ചെന്നിരുന്നു എന്ന് കാട്ടിത്തരുന്നവയാണ് ഈ രണ്ടു ശാസ്ത്രങ്ങളും.

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഗാഢബന്ധത്തെയും പ്രപഞ്ചത്തിലെ ഊർജ്ജപ്രവാഹത്തിന്റെ ഗതിയെയും ശാസ്ത്രീയമായി വിശകലനം ചെയ്യുന്ന സമഗ്രമായ ജീവശാസ്ത്രങ്ങളാണ് ഇവ രണ്ടും. ധന്വന്തരി ജയന്തിയായ ഇന്ന് ഇവയുടെ പ്രാധാന്യം വിശകലനം ചെയ്യുകയാണിവിടെ.
‘ശരീരമാദ്യം ഖലു ധർമ്മസാധനം’ (ശരീരമാണ് ധർമ്മം അനുഷ്ഠിക്കാനുള്ള ആദ്യത്തെ ഉപകരണം) എന്ന ആപ്തവാക്യം വ്യക്തമാക്കുന്നത് ആരോഗ്യത്തിന്റെയും ആയുസ്സിന്റെയും പരമപ്രധാന സ്ഥാനമാണ്. ധന്വന്തരി ജയന്തി എന്ന പുണ്യദിനത്തിന് ഭാരതീയ സംസ്‌കൃതിയില്‍ സവിശേഷ സ്ഥാനമുണ്ടാകുന്നത് ഈ പശ്ചാത്തലത്തിലാണ്. അമൃതകലശവുമേന്തി സമുദ്രമഥനത്തില്‍ നിന്നും ഉത്ഭവിച്ച ഭഗവാൻ ധന്വന്തരി, രോഗവിമുക്തിയുടെയും ആയുസ്സിന്റെയും അധിദേവനാണ്.
കാലചക്രത്തിന്റെ ഗതിയും ഗ്രഹങ്ങളുടെ ചലനങ്ങളും മനുഷ്യശരീരത്തിലുള്ള സ്വാധീനവും കൃത്യമായി അടയാളപ്പെടുത്തുന്ന ജ്യോതിഷവും, ശരീരത്തിലെ ദോഷങ്ങളെയും ധാതുക്കളെയും സമനിലയില്‍ നിർത്തുന്ന ആയുർവേദവും രണ്ട് വ്യത്യസ്ത വഴികളിലൂടെ സഞ്ചരിച്ചാലും ഇവയുടെ ലക്ഷ്യം ഒന്നുതന്നെയാണ്, മാനുഷിക ഉന്നതിയും സർവ്വജന സുഖവും.
‘ജ്യോതിഷശ്ശാസ്ത്രവിദ്വാൻ ച
വൈദ്യശാസ്ത്ര വിശാരദഃ
ഉഭൗ തൗ തു സമൗ ജ്ഞേയൗ
ലോകാനാം ഹിതകാരകൗ’ എന്ന് ഗർഗ്ഗസംഹിത.
ജ്യോതിഷത്തില്‍ അറിവുള്ളവനും വൈദ്യശാസ്ത്രത്തില്‍ (ആയുർവേദത്തില്‍) പ്രാവീണ്യമുള്ളവനും ആയ വ്യക്തിയെ ലോകത്തിന്റെ ഹിതം (ക്ഷേമം) സാധിച്ചുകൊടുക്കുന്നതില്‍ തുല്യരായി അറിയണം എന്നാണ് ഈ ശ്ലോകം ഓർമ്മിപ്പിക്കുന്നത്.
ആധുനിക ലോകം ഓരോ ശാസ്ത്രത്തെയും പ്രത്യേക കള്ളികളായി വേർതിരിച്ച്‌ കാണുമ്പോള്‍, ഭാരതീയ ദർശനം സമഗ്ര (ഒീഹശേെശര) കാഴ്ചപ്പാടാണ് പുലർത്തുന്നത്. ഒരു വ്യക്തിയുടെ ആരോഗ്യസ്ഥിതി, ശരീരപ്രകൃതി, വരാൻ സാധ്യതയുള്ള രോഗങ്ങള്‍, രോഗം വരുന്ന സമയം, രോഗപ്രതിരോധ ശേഷി, ശരീരപ്രതികരണം, രോഗകാരകമായ ആധ്യാത്മിക, ആധിദൈവിക ഘടകങ്ങള്‍, രോഗസ്ഥാനങ്ങള്‍, ചികിത്സയുടെ ഫലപ്രാപ്തി എന്നിവ ജാതകത്തിലെ ഗ്രഹസ്ഥിതികളിലൂടെ (ലഗ്‌നം, ചന്ദ്രൻ, ആറ്, എട്ട് ഭാവങ്ങള്‍) ജ്യോതിഷിക്ക് മനസ്സിലാക്കാനാവും. ശാരീരിക, മാനസിക ദോഷങ്ങളെ രോഗം വരുന്നതിനു മുൻപ് തന്നെ സമീകരിക്കാനും രോഗം വന്നുപോയാല്‍ ശമിപ്പിക്കാനുമുള്ള ഔഷധക്കൂട്ടുകളും പഥ്യങ്ങളും ആയുർവേദവും നല്‍കുന്നു. എന്നാല്‍ ‘കർമ്മദോഷത്താല്‍ വരുന്ന രോഗങ്ങള്‍ക്ക് ചെമ്മേ കഷായം കുടിച്ചാല്‍ ഫലിക്കുമോ?’ എന്ന് ചോദിക്കാറുണ്ട്. അപ്പോള്‍ ശാരീരിക-മാനസിക കാരണത്തിന് അതീതമായി മറ്റു ചില കാരണങ്ങള്‍ കൂടി രോഗാദി ദുരിതങ്ങള്‍ക്ക് ഉണ്ടെന്നു വരുന്നു. അവയ്‌ക്കുള്ള പരിഹാരം കൂടി ജ്യോതിഷം നിർദ്ദേശിക്കുമ്പോഴാണ് നിദാനപരിവർജ്ജനം, രോഗപ്രതിരോധം, രോഗചികിത്സ, കർമ്മദോഷനിവാരണം, ദൈവകോപ പരിഹാരം എന്നിങ്ങനെ ആരോഗ്യസംരക്ഷണം സമഗ്രമായിത്തീരുന്നത്.

രോഗകാരണങ്ങളുടെ അപഗ്രഥനം
ഒരാളുടെ ശരീരപ്രകൃതി, രോഗപ്രതിരോധശേഷി, രോഗസാധ്യതകള്‍, രോഗത്തിന്റെ ഗതി, രോഗപരിണാമം, ഇവയെ എല്ലാം നിയന്ത്രിക്കുന്നത് ശരീരത്തിലെ വാത-പിത്ത-കഫ ദോഷങ്ങളുടെ വ്യതിചലനമാണ്, എന്നാല്‍ ഇത് സംഭവിക്കുന്നത് കേവലം ആഹാരം, ഉറക്കം ഇവയുടെ വൈകല്യം കൊണ്ട് മാത്രമല്ല. മറിച്ച്‌, ഗ്രഹങ്ങളുടെ ദശാപഹാരങ്ങളും ഗോചരഫലങ്ങളും മൂലമാണ് എന്ന് ജ്യോതിഷം പറയുന്നു.

കാലനിർണ്ണയം
ഔഷധസേവ തുടങ്ങാനും ശസ്ത്രക്രിയകള്‍ നടത്താനും ഉചിതമായ മുഹൂർത്തം നോക്കുന്നത് ചികിത്സാ ഫലം ഇരട്ടിയാക്കുന്നുവെന്ന് അനുഭവസ്ഥർ പറയുന്നു. അതിനായി ധാരാളം പേർ ഇന്ന് ജ്യോതിഷികളെ സമീപിക്കുകയും ചെയ്യുന്നു. ചികിത്സ ഫലപ്രദമാവുമോ എന്നും ചികിത്സയുടെ ചെലവും ബുദ്ധിമുട്ടും വല്ലാതെ വർധിച്ച ഇന്നത്തെ സാഹചര്യത്തില്‍ ചിലർ ആരായാറുണ്ട്.
ഇപ്രകാരം ഒത്തൊരുമയിലൂടെ, രോഗം വന്നതിനുശേഷം ചികിത്സിക്കുന്നതിനേക്കാള്‍ രോഗം വരാതെ തടയാൻ (പ്രതിരോധ വൈദ്യം) ഭാരതീയ ശാസ്ത്രങ്ങള്‍ക്ക് സാധിക്കുന്നു. ഇത് ഭാരതത്തിന്റെ തനതായ ഔഷധ-ജ്യോതിഷ പാരമ്പര്യത്തിന്റെ പ്രായോഗിക വിജയമാണ് തെളിയിക്കുന്നത്.

ആരോഗ്യ, ആത്മീയ, പുരോഗതി
ആയുർവേദത്തിന്റെയും ജ്യോതിഷത്തിന്റെയും സംയോജനം വ്യക്തിഗത ആരോഗ്യത്തില്‍ തുടങ്ങി സമൂഹത്തിന്റെ മൊത്തത്തിലുള്ള ഉന്നതിയിലേക്ക് നയിക്കുന്നു. ശരീരവും മനസ്സും ആത്മാവും ഒന്നായി കാണുന്ന ആയുർവേദ കാഴ്ചപ്പാട് രാസവസ്തുക്കളുടെ പാർശ്വഫലങ്ങളില്ലാത്ത പ്രകൃതിദത്തമായ ചികിത്സാ രീതികളിലേക്ക് മനുഷ്യനെ തിരികെ നടത്തുന്നു. ഇത് ദീർഘായുസ്സും രോഗപ്രതിരോധ ശേഷിയും ഉറപ്പാക്കുന്നു.

ആത്മീയ മേഖല
കാലത്തിന്റെ അനന്തതയെയും പ്രപഞ്ച നിയമങ്ങളെയും തിരിച്ചറിയാനും പ്രപഞ്ചത്തിലെ ഊർജ്ജപ്രവാഹത്തിനു കാരണമായ പ്രപഞ്ചശക്തികളെ തിരിച്ചറിയാനും അവയെ ആരാധിക്കാനും അതിനനുസരിച്ചു ജീവിതചര്യയും മനോനിലയും ക്രമപ്പെടുത്തുവാനും ജ്യോതിഷം സഹായിക്കുന്നു. ഇത് മനുഷ്യനില്‍ വിനയവും ഈശ്വരവിശ്വാസവും വളർത്തുകയും, പ്രകൃതിയോട് ഇണങ്ങി ജീവിക്കാനുള്ള ആത്മീയ ബോധം ഉണ്ടാക്കുകയും ചെയ്യുന്നു.

സാമൂഹ്യ മേഖല
‘സർവ്വേ ഭവന്തു സുഖിനഃ’ (എല്ലാവരും സുഖമുള്ളവരായിരിക്കട്ടെ) എന്ന ഭാരതീയ ദർശനം സാക്ഷാത്കരിക്കപ്പെടുന്നത് ആരോഗ്യപൂർണ്ണമായ ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിലൂടെയാണ്. ആത്മവിശ്വാസവും ധർമ്മബോധവുമുള്ള പൗരന്മാരെ വാർത്തെടുക്കുന്നതിലൂടെ ഭാരതം ലോകത്തിന്റെ ആധ്യാത്മികഗുരു എന്ന പദവിയിലേക്ക് അതിവേഗം നീങ്ങുന്ന ഈ സമയത്ത് ഭാരതീയ ശാസ്ത്രങ്ങളുടെ, പ്രത്യേകിച്ചും ആയുർവേദ, ജ്യോതിഷ ശാസ്ത്രങ്ങളുടെ പ്രചാരവും ആചരണവും വലിയ പങ്കുവഹിക്കുന്നു. കഴിവും ശാരീരിക ശേഷിയും മനോദാർഢ്യവും ചിന്താഗരിമയുമുള്ള ഭാരതമാതാവിന്റെ പുത്രന്മാരെയും, അതുവഴി സംഘടിതവും സാംസ്‌കാരികമായി ശക്തവുമായ ഒരു സമൂഹത്തെയും നിർമ്മിക്കുക എന്നതാണ് ഇതിന്റെ ആത്യന്തിക നേട്ടം.

ആർഷ പാരമ്പര്യവും ആധുനിക ദർശനവും
രാഷ്‌ട്രത്തിന്റെ പുനർനിർമ്മാണം എന്നത് കേവലം ഭൗതികമായ വളർച്ചയിലൂടെ മാത്രം സാധ്യമാകുന്ന ഒന്നല്ല. അത് സാംസ്‌കാരികവും ബൗദ്ധികവുമായ അടിത്തറയില്‍ പടുത്തുയർത്തപ്പെടേണ്ടതാണ്. ഭാരതത്തിന്റെ തനതായ വിജ്ഞാന ശാഖകളെ അവഗണിച്ച്‌ മുന്നോട്ട് പോകാൻ ഒരു സമൂഹത്തിനും സാധിക്കില്ല. ആയുർവേദവും ജ്യോതിഷവും ഉള്‍പ്പെടെയുള്ള പ്രാചീന ശാസ്ത്രങ്ങള്‍ വെറും അന്ധവിശ്വാസങ്ങളല്ല, മറിച്ച്‌ തലമുറകളിലൂടെ കൈമാറിവന്ന ശാസ്ത്രീയ സത്യങ്ങളാണ് എന്ന തിരിച്ചറിവ് സമൂഹത്തില്‍ ഉണ്ടാകേണ്ടതുണ്ട്.
രാഷ്‌ട്രജീവിതത്തില്‍ സ്വയംപര്യാപ്തതയും അരോഗദൃഢഗാത്രതയും കൈവരിക്കാൻ കുടുംബങ്ങളിലും വിദ്യാലയങ്ങളിലും ഈ ജ്ഞാനശാഖകളുടെ അടിസ്ഥാന പാഠങ്ങള്‍ എത്തേണ്ടതുണ്ട്. പ്രകൃതിയോടിണങ്ങിയ ജീവിതശൈലിയിലൂടെ മാത്രമേ ആധുനിക ലോകം നേരിടുന്ന രോഗാവസ്ഥകള്‍ക്കും മാനസിക സംഘർഷങ്ങള്‍ക്കും ശാശ്വതമായ പരിഹാരം കാണാൻ സാധിക്കൂ എന്ന സന്ദേശം ലോകത്തിനു മുന്നില്‍ എത്തിക്കാൻ നാം പ്രതിജ്ഞാബദ്ധരായിരിക്കണം.

ധന്വന്തരി ജയന്തിയുടെ സന്ദേശവും കടമയും
ആധുനിക യാന്ത്രികയുഗത്തില്‍ പ്രകൃതിയില്‍ നിന്നും നമ്മുടെ വേരുകളില്‍ നിന്നും അകന്നുപോകുന്ന മനുഷ്യന് വലിയ മാനസിക സംഘർഷങ്ങളാണ് നേരിടേണ്ടി വരുന്നത്. ഈ അവസ്ഥയ്‌ക്ക് പരിഹാരം കാണാൻ നമ്മുടെ പ്രാചീന ശാസ്ത്രങ്ങളിലേക്ക് തിരികെ നടക്കുക മാത്രമാണ് ഏക വഴി. ധന്വന്തരി ജയന്തി നമുക്ക് നല്‍കുന്നത് ഈ തിരിച്ചറിവാണ്. നമ്മുടെ പാരമ്പര്യങ്ങളെയും ശാസ്ത്രങ്ങളെയും അഭിമാനത്തോടെ ഉള്‍ക്കൊള്ളാനും, അവയെ വർത്തമാനകാല ജീവിതത്തില്‍ പ്രായോഗികമാക്കാനും ഈ ധന്വന്തരീജയന്തി ദിനത്തില്‍ ദൃഢനിശ്ചയം ചെയ്യാം. ആയുർവേദത്തിന്റെ ഔഷധക്കരുതലും ജ്യോതിഷത്തിന്റെ പ്രപഞ്ചജ്ഞാനവും കൈകോർക്കുമ്പോള്‍ ഭാരതം വീണ്ടും ലോകഗുരുവിന്റെ പദവിയിലേക്ക് ഉയരുമെന്നതില്‍ സംശയമില്ല.
‘ശുഭയോഗസമായുക്തോ
ദൈവജ്ഞേന വിശാരദഃ
ദൈവാനുകമ്പയാ മർത്ത്യഃ
പ്രാപ്‌നോതി ശുഭമക്ഷയം’ -പ്രഭാകരീയ പദ്ധതി.
ദൈവജ്ഞന്റെ(ശാസ്ത്രജ്ഞന്റെ/ജ്യോതിഷിയുടെ) അറിവും ശുഭയോഗങ്ങളും ദൈവാനുകമ്പയും ചേരുമ്പോള്‍ മനുഷ്യന് ഒരിക്കലും നശിക്കാത്ത ശുഭകരമായ നേട്ടങ്ങളും പരമമായ ആരോഗ്യവും കൈവരുന്നു എന്നാണ് ശ്ലോകാർത്ഥം. ധർമ്മനിഷ്ഠവും ആരോഗ്യപൂർണ്ണവുമായ ഒരു സമൂഹത്തെ വാർത്തെടുക്കാൻ നമുക്ക് ഒത്തൊരുമിച്ച്‌ പ്രവർത്തിക്കാം.
‘നമാമി ധന്വന്തരിമാദിദേവം
സുരാസുരൈർവന്ദിത പാദപത്മം
ലോകേ ജരാരുക്ഭയമൃത്യുനാശം
ദാതാരമീശം വിവിധൗഷധീനാം!’

എല്ലാവർക്കും ധന്വന്തരീജയന്തി ആശംസകള്‍!!

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily