Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അന്ന് വാണിജ്യവാഹിനി; ഇന്ന് മാലിന്യവാഹിനി! വിസ്മൃതിയിലാവുന്ന അനന്ത വിക്ടോറിയ മാര്‍ത്താണ്ഡവര്‍മ്മ കനാല്‍

അന്ന് വാണിജ്യവാഹിനി; ഇന്ന് മാലിന്യവാഹിനി! വിസ്മൃതിയിലാവുന്ന അനന്ത വിക്ടോറിയ മാര്‍ത്താണ്ഡവര്‍മ്മ കനാല്‍

പൂവാര്‍: പൂവാറിന്റെ ചരിത്രത്തില്‍ ശേഷിപ്പുകളായി അവശേഷിക്കുന്ന ഒന്നാണ് അനന്ത വിക്ടോറിയ മാര്‍ത്താണ്ഡവര്‍മ്മ കനാല്‍ എന്ന എവിഎം കനാല്‍.

കോവളം മുതല്‍ കന്യാകുമാരി വരെയായിരുന്നു കനാല്‍ നിര്‍മ്മിച്ചിരുന്നത്. ഇതില്‍ കോവളം മുതല്‍ പൂവാര്‍ വരെയുള്ള കനാല്‍ ഭാഗം ഇന്ന് പൂര്‍ണ്ണമായും ഇല്ലാതായിരിക്കുന്നു. പൂവാര്‍ മുതലുള്ള കനാല്‍ കൈയേറ്റക്കാരുടെയും റിയല്‍ എസ്‌റ്റേറ്റ് മാഫിയകളുടെയും കൈകളില്‍ ഭദ്രമാണ്.

കനാലിനോട് ചേര്‍ന്ന ഏക്കര്‍ കണക്കിന് ഭൂമി കുറഞ്ഞ വിലക്ക് സ്വന്തമാക്കിയാണ് വന്‍കിട ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിവ പണിതുയര്‍ത്തിയത്. ഇതിനോട് ചേര്‍ന്നുവരുന്ന കനാല്‍ ഭാഗം മണ്ണിട്ട് നികത്തിയും, കോണ്‍ക്രീറ്റ് ഭിത്തികള്‍ നിര്‍മ്മിച്ച്‌ റിസോര്‍ട്ടുകള്‍ക്കായി ഇരുമ്പ് പാലങ്ങള്‍ ഒരുക്കിയും കൈയേറിയിരിക്കുകയാണ്. കാലങ്ങളായി പ്രദേശവാസികള്‍ ഉപയോഗിച്ചിരുന്ന ഊടുവഴികളെല്ലാം കെട്ടിയടച്ചു. കനാലില്‍ എത്തിപ്പെടാന്‍ നാട്ടുകാര്‍ക്ക് കിലോമീറ്ററുകള്‍ മാറി സഞ്ചരിക്കേണ്ട ഗതികേടിലാണ്. കനാല്‍ കേരളത്തിന്റെ ഭാഗമായി വരുന്ന ദൂരം പൂവാര്‍, കുളത്തൂര്‍ പഞ്ചായത്ത് മേഖലയിലാണ്.

തദ്ദേശസ്ഥാപനങ്ങളുടെ അനുമതിയില്ലാതെ നിരവധി കെട്ടിടങ്ങളാണ് കനാലിനുള്ളില്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഇത്രയും വ്യാപക കൈയേറ്റമുണ്ടായിട്ടും ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. അവശേഷിക്കുന്ന കനാലിലേക്ക് ഹോട്ടലുകളുടെയും റിസോര്‍ട്ടുകളുടെയും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നു. നിര്‍മ്മാണ ഘട്ടത്തില്‍ കനാലിന് ഏറ്റവും കുറഞ്ഞ വീതി 20 മീറ്റര്‍ ആയിരുന്നുവെങ്കില്‍ ഇപ്പോഴത് പല സ്ഥലങ്ങളിലും 5 മീറ്റര്‍ വീതിയുള്ള അഴുക്കുചാലായാണ് കാണപ്പെടുന്നത്. എവിഎം കന ാല്‍ മാലിന്യ മുക്തമാക്കണമെന്നും, കൈയേറ്റം ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്തുണ്ട്.

1860ല്‍ അന്നത്തെ തിരുവിതാംകൂര്‍ രാജാവായിരുന്ന ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവാണ് എവിഎം കനാല്‍ നിര്‍മ്മിച്ചത്. തിരുവിതാംകൂറിനെ കന്യാകുമാരിയുമായി ബന്ധിപ്പിക്കുകയും, അതിലൂടെ വ്യാപാര വാണിജ്യ ബന്ധം ശക്തിപ്പെടുത്തുകയുമായിരുന്നു ലക്ഷ്യം. സ്വര്‍ണ്ണ തൂമ്പയാല്‍ മഹാരാജാവ് തുടക്കം കുറിക്കുകയും പൂര്‍ണ്ണമായും മനുഷ്യ നിര്‍മ്മിതവുമായ കനാലിന് തിരുവിതാംകൂര്‍ മഹാരാജാവിന്റെ കുലദൈവമായ അനന്ത പത്മനാഭന്റെയും ബ്രിട്ടീഷ് രാജ്ഞിയായ വിക്ടോറിയയുടെയും മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെയും പേരുകള്‍ (എവിഎം) ചേര്‍ത്തായിരുന്നു നാമകരണം നടത്തിയത്.

ഇന്ന് തമിഴ്‌നാടിന്റെ ഭാഗമായ കുളച്ചല്‍ വരെ ഒന്നാം ഘട്ടമായും, അതുകഴിഞ്ഞ് കന്യാകുമാരി വരെ രണ്ടാം ഘട്ടമായുമാണ് കനാലിന്റെ പണി പൂര്‍ത്തീകരിച്ചിരുന്നത്. പൂവാര്‍, പൊഴിയൂര്‍, കൊല്ലംങ്കോട്, തേങ്ങാപ്പട്ടണം, കുളച്ചല്‍, മണ്ടയ്‌ക്കാട്, പുത്തൂര്‍ വഴി കന്യാകുമാരിയിലേക്കാണ് പാത കടന്നു പോയിരുന്നത്. തൂത്തുക്കുടിയില്‍ നിന്ന് ഉപ്പും, നാഞ്ചിനാട്ടില്‍ നിന്ന് അരിയും മറ്റ് ധാന്യങ്ങളും തിരുവിതാംകൂറില്‍ എത്തിച്ചിരുന്നത് ഈ ജലപാതയിലൂടെയായിരുന്നു. രാജഭരണ കാലത്തുടനീളം ഈ ജലപാതയിലൂടെ അയല്‍നാടുമായിട്ടുള്ള വ്യാപാര ബന്ധം ശക്തി പ്രാപിച്ചിരുന്നു. പില്‍ക്കാലത്ത് റോഡ് ഗതാഗതം ശക്തി പ്രാപിക്കുകയും വ്യാപാര വ്യവസായ മേഖലയില്‍ ഉണ്ടായ മാറ്റങ്ങള്‍ പുതിയ മാനങ്ങള്‍ തേടുകയും ചെയ്തപ്പോള്‍ എവിഎം കനാല്‍ ഉപയോഗമില്ലാതായി.

എന്നാലിന്ന് ടൂറിസത്തിന് വളരെ പ്രാധാന്യമുള്ള ഒരിടമായി പൂവാറും സമീപ പ്രദേശങ്ങളും മാറിയ സാഹചര്യത്തില്‍, എവിഎം കനാല്‍ പൂര്‍വ്വസ്ഥിതിയിലാക്കുകയും നവീകരിക്കുകയും ചെയ്യാനായാല്‍ ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കന്യാകുമാരിയെയും കോവളത്തെയും ബന്ധിപ്പിച്ച്‌ പൂവാറിലേയ്‌ക്ക് ഒരു ജലയാത്ര ഒരുക്കാനും ഇതിലൂടെ സാധ്യമാകുമെന്നും വിലയിരുത്തപ്പെടുന്നു.

എവിഎം കനാല്‍ കൈയേറുന്നവര്‍ക്കെതിരെ ശക്തമായ പരാതികള്‍ ഉയരുമ്പോള്‍ നടപടിയെടുക്കുമെന്ന് പഞ്ചായത്ത് അധികൃതരും റവന്യൂ അധികൃതരും വ്യക്തമാക്കുമെങ്കിലും തുടര്‍നടപടികള്‍ നാളിതുവരെ സ്വീകരിച്ചിട്ടില്ല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily