Dailyhunt
അപ്രതീക്ഷിതമായെത്തി, കളം നിറഞ്ഞു; ചരിത്രവിജയത്തിലേക്ക് ബാബു ദിവാകരന്‍

അപ്രതീക്ഷിതമായെത്തി, കളം നിറഞ്ഞു; ചരിത്രവിജയത്തിലേക്ക് ബാബു ദിവാകരന്‍

കൊച്ചി: എറണാകുളം ജില്ലയിലെ കുന്നത്തുനാട് ഇത്തവണ ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ്. തികച്ചും അപ്രതീക്ഷിതമായിട്ടാണ് അടൂരില്‍ നിന്ന് കുന്നത്തുനാട്ടിലേക്ക് ഒരു സ്ഥാനാര്‍ത്ഥി എത്തുന്നത്.

ഒരു നിയോഗം പോലെ എത്തിയ ബാബു ദിവാകരന്‍ വളരെ പെട്ടെന്ന് തന്നെ കുന്നത്തുനാട്ടിലെ ജനങ്ങളുടെ മനസ് കീഴടക്കിക്കഴിഞ്ഞു. അടൂര്‍ നഗരസഭ മുന്‍ ചെയര്‍മാനും പത്തനംതിട്ട മുന്‍ ഡിസിസി സെക്രട്ടറിയുമായിരുന്നു പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള 53 കാരനായ ഈ നേതാവ്. രാഷ്‌ട്രീയത്തില്‍ നിന്നും ഒന്നും നേടാതെ ഇന്നും ദരിദ്ര്യനായി കഴിയുന്ന അദ്ദേഹത്തെ കോണ്‍ഗ്രസ് തഴയുകയായിരുന്നു. ഇതില്‍ മനംനൊന്ത് കോണ്‍ഗ്രസിനോട് വിടപറയുകയായിരുന്നു. ബാബു ദിവാകരന്റെ സത്യസന്ധമായ ജീവിത പശ്ചാത്തലം അറിഞ്ഞ് ട്വന്റി 20 പാര്‍ട്ടി ചെയര്‍മാന്‍ സാബു എം. ജേക്കബ് അദ്ദേഹത്തെ കുന്നത്തുനാട്ടിലേക്ക് കൂട്ടിക്കൊണ്ടു വരികയായിരുന്നു. ആ ഒരു നിയോഗം ഇത്തവണ കുന്നത്തുനാടിന്റെ ചരിത്രം മാറ്റിയെഴുതാനുള്ളതാണെന്നാണ് വിലയിരുത്തല്‍.

തുടക്കത്തിലുള്ള അപരിചിതാവസ്ഥ മാറി ബാബു ദിവാകരന്‍ ഇപ്പോള്‍ കളം നിറഞ്ഞിരിക്കുകയാണ്. സാധാരണക്കാരായ പട്ടിണി പാവങ്ങള്‍ അധിവസിക്കുന്ന കോളനികളില്‍ നിന്നുള്‍പ്പെടെ വന്‍ സ്വീകാര്യതയാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. എളിമ നിറഞ്ഞ സാധാരണക്കാരില്‍ ഒരാളായി ജനങ്ങളില്‍ക്കിടയില്‍ ഇടപെടുന്ന അദ്ദേഹം തങ്ങളില്‍ ഒരാളായി തന്നെയാണ് അവര്‍ കരുതുന്നത്. ഈ ലാളിത്യവും പെട്ടെന്ന് തന്നെ ലഭിച്ച സ്വീകാര്യതയുമാണ് എതിരാളികളെ ഏറെ അസ്വസ്ഥമാക്കുന്നത്. പതിറ്റാണ്ടുകളായി രാഷ്‌ട്രീയത്തില്‍ നിറഞ്ഞ് നിന്ന് പ്രവര്‍ത്തിച്ച പരിചയം തന്നെയാണ് ബാബു ദിവാകരന് കരുത്താകുന്നത്, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ വ്യത്യസ്തനാക്കുന്നത്.

സിറ്റിങ് എംഎല്‍എയായ പി.വി. ശ്രീനിജന്‍ തന്നെയാണ് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി. മണ്ഡലത്തില്‍ നേരത്തെ രണ്ടുവട്ടം എംഎല്‍എയായിരുന്ന വി.പി. സജീന്ദ്രനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. രണ്ടുകൂട്ടരെയും കുന്നത്തുനാട്ടുകാര്‍ക്ക് ശരിക്കറിയാമെന്നതാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന് ഗുണമാകുന്നത്. ഇരുമുന്നണികളുടെ കാലത്തെ വികസന മുരടിപ്പും ജനദ്രോഹനയങ്ങള്‍ക്കും പകരംവീട്ടാനുള്ള ഒരവസരമാണ് ജനങ്ങള്‍ക്ക് കൈവന്നിരിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷമുള്ള വോട്ടുകണക്കില്‍ എന്‍ഡിഎ ബഹുദൂരം മുന്നിലാണ്. ട്വന്റി 20 പാര്‍ട്ടി എന്‍ഡിഎയില്‍ എത്തിയതോടെ കുന്നതത്തുനാട് ഇത്തവണ ചരിത്രം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. പഞ്ചായത്തു തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ 62000 ത്തില്‍പരം വോട്ടാണ് ട്വന്റി 20 ക്ക് മണ്ഡലത്തില്‍ ലഭിച്ചത്. അതിനൊപ്പം ബിജെപിയുടെ വോട്ടും ചേര്‍ന്നാല്‍ ഏതാണ്ട് 70000 വോട്ടിലേക്ക് എത്തും. ഇതോടെ എന്‍ഡിഎയുടെ വിജയം സുനിശ്ചിതമാവുകയാണ്. കുന്നത്തുനാട് മണ്ഡലത്തില്‍ നാലു പഞ്ചായത്തുകളാണ് ട്വന്റി 20 ഭരിക്കുന്നത്. കിഴക്കമ്പലം, തിരുവാണിയൂര്‍, ഐക്കരനാട്, പൂത്തൃക്ക എന്നിവ. പുത്തന്‍കുരിശ്, മഴുവന്നൂര്‍, കുന്നത്തുനാട്, വാഴക്കുളം എന്നീ നാലു പഞ്ചായത്തുകളില്‍ യുഡിഎഫിനാണ് ഭരണം. ഈ പഞ്ചായത്തുകളിലും എന്‍ഡിഎ നിര്‍ണായക ശക്തിയാണ്. ഒന്നില്‍പ്പോലും എല്‍ഡിഎഫിന് ഭരണമില്ല.

ഇരുമുന്നണികളെയും പരാജയപ്പെടുത്തി പൊന്‍തിളക്കത്തോടെയുള്ള ഉജ്വല വിജയമാണ് എന്‍ഡിഎ പ്രതീക്ഷിക്കുന്നത്. അതിനുള്ള കളമാണ് ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നത്. പ്രത്യേകിച്ച്‌, ക്ലീന്‍ ഇമേജുള്ള, സാധാരണക്കാരനായ, തങ്ങളില്‍ ഒരാളായ സ്ഥാനാര്‍ത്ഥിയാണ് ബാബു ദിവാകരനെന്നുള്ളതും ജനങ്ങള്‍ അദ്ദേഹത്തെ നെഞ്ചിലേറ്റുന്നു. വിജയത്തില്‍ കുറഞ്ഞൊന്നും എന്‍ഡിഎ ഇവിടെ പ്രതീക്ഷിക്കുന്നില്ല. ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കുന്നത്തുനാട് മണ്ഡലത്തില്‍ എത്തുന്നതോടെ വലിയ മുന്നേറ്റമാണ് എന്‍ഡിഎ പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് തന്നെ ഏറ്റവും തിളക്കമാര്‍ന്ന വിജയത്തിനായുള്ള ഒരുക്കത്തിലാണ് എന്‍ഡിഎ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily