അറ്റ്ലാന്റ: 2026 ഫിഫ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയോട് 3-2ന് തോറ്റ് പുറത്തായതിന് പിന്നാലെ റഫറിയുടെയും വീഡിയോ അസിസ്റ്റന്റ് റഫറി (VAR) സംഘത്തിന്റെയും പ്രവര്‍ത്തനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഫിഫയ്‌ക്ക് ഔദ്യോഗിക പരാതി നല്‍കി ഈജിപ്ത് ഫുട്‌ബോള്‍ ഫെഡറേഷന്‍ (EFA).
അനീതിയെന്നായിരുന്നു ഇൗജിപ്‌ത് പരിശീലകൻ ഹൊസം ഹസൻ പ്രതികരിച്ചത്. "ലോകചാമ്പ്യൻമാരേക്കാള്‍ മികച്ച കളിയാണ് ഞങ്ങള്‍ പുറത്തെടുത്തത്. എന്നാല്‍ കളത്തിന് പുറത്തുള്ള തീരുമാനങ്ങളാണ് റഫറി നടപ്പാക്കിയത്. മത്സരഫലത്തെ അത് സ്വാധീനിച്ചു. ലോകചാമ്പ്യൻമാരെ നിലനിർത്തണമെന്നും മെസി തുടരണമെന്നും അവർ ആഗ്രഹിച്ചിട്ടുണ്ടാകാം. ചിലപ്പോള്‍ സാങ്കേതിക വശങ്ങള്‍ക്കുമപ്പുറം ബാഹ്യഇടപെടലുകള്‍ ഫുട്‌ബോളില്‍ നിർണായകമാകാം. ലോകചാമ്പ്യൻമാർക്ക് എല്ലാ തലത്തിലും പിന്തുണ ലഭിച്ചു"-. ഹൊസം ഹസൻ പറഞ്ഞു. ഇരട്ടനീതിയാണ് റഫറി നടപ്പാക്കിയത്. റഫറിയെയും മറ്റ് ഒഫീഷ്യല്‍സിനെയും ലോകകപ്പില്‍നിന്ന് പുറത്താക്കണമെന്നും ഇൗജിപത് ഫുട്‌ബോള്‍ ഫെഡറേഷൻ പ്രസിഡന്റ് ഹാനി അബു റിദ ആവശ്യപ്പെട്ടു.
മത്സരത്തില്‍ ടീമിന്റെ രണ്ടാംഗോള്‍ നേടിയ സീക്കോയും രൂക്ഷമായി പ്രതികരിച്ചു. കളിക്കളത്തിലെ വംശീയാധിക്ഷേപം റഫറിയുടെ ശ്രദ്ധയില്‍പ്പെടുത്താൻ ഫിഫ അംഗീകരിച്ച ആംഗ്യം ഉയർത്തിക്കാട്ടിയ കോച്ച് ഹൊസം ഹസന് റഫറി മഞ്ഞക്കാർഡ് നല്‍കി. അർജന്റീനയ്‌ക്ക് വേണ്ടി ഒത്തുകളിച്ചുവെന്നായിരുന്നു സീക്കോയുടെ ആരോപണം.
ആദ്യ 79 മിനിറ്റ് 2-0ന് മുന്നിലായിരുന്ന ഈജിപ്ത്, അവസാനഘട്ടത്തില്‍ മൂന്ന് ഗോളുകള്‍ വഴങ്ങി അര്‍ജന്റീനയോട് തോല്‍ക്കുകയായിരുന്നു. മത്സരത്തില്‍ റഫറിയുടെ നിരവധി നിര്‍ണായക തീരുമാനങ്ങളാണ് ടീമിന്റെ പുറത്താകലിന് കാരണമായതെന്നാണ് ഈജിപ്തിന്റെ ആരോപണം. മത്സരത്തില്‍ ക്രിസ്റ്റ്യന്‍ റൊമേറോ, ലയണല്‍ മെസി, എന്‍സോ ഫെര്‍ണാണ്ടസ് എന്നിവര്‍ നേടിയ ഗോളുകളിലൂടെയാണ് നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീന ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറിയത്. എന്നാല്‍ മത്സരശേഷം ശ്രദ്ധ മുഴുവന്‍ റഫറിയിംഗിലെ വിവാദങ്ങളിലേക്കാണ് മാറിയത്.
മത്സരത്തിലെ ആദ്യ നിര്‍ണായക വിവാദം മുസ്തഫ സിക്കോ നേടിയ ഗോള്‍ VAR പരിശോധനയ്‌ക്ക് ശേഷം റദ്ദാക്കിയതായിരുന്നു. ഗോളിലേക്കുള്ള മുന്നേറ്റത്തിനിടെ അര്‍ജന്റീനന്‍ താരം ലിസാന്‍ഡ്രോ മാര്‍ട്ടിനസിനെതിരായ ഫൗള്‍ ചൂണ്ടിക്കാട്ടിയാണ് ഫ്രഞ്ച് റഫറി ഫ്രാന്‍സ്വാ ലെറ്റെക്‌സിയെര്‍ ഗോള്‍ അസാധുവാക്കിയത്.
തുടര്‍ന്ന് മത്സരം സമനിലയിലായിരിക്കെ, ജൂലിയന്‍ അല്‍വാരസിന്റെ വെല്ലുവിളിയില്‍ മുഹമ്മദ് സലായെ വീഴ്‌ത്തിയതിന് പെനാല്‍റ്റി അനുവദിക്കാതിരുന്നതും, എന്‍സോ ഫെര്‍ണാണ്ടസിന്റെ വിജയഗോളിന് മുന്നോടിയായി അലക്‌സിസ് മാക് അലിസ്റ്റര്‍ ഹംദി ഫതിയെ ഫൗള്‍ ചെയ്‌തെന്ന പരാതിയില്‍ VAR പരിശോധന നടത്താതിരുന്നതും ഈജിപ്ത് ചൂണ്ടിക്കാട്ടി.

