Wednesday, 05 Aug, 5.01 am ജന്മഭൂമി

ലേറ്റസ്റ്റ് ന്യൂസ്
അയോധ്യയിലെ രാമ ഹൃദയം

ഭാരതത്തിലും പുറത്തുമായി ജനകോടികള്‍ ആത്മഹര്‍ഷത്തോടെ കാത്തിരുന്ന പുണ്യ മുഹൂര്‍ത്തം ഇന്നാണ്. യുദ്ധമില്ലാത്ത, അല്ലെങ്കില്‍ യുദ്ധത്തിന് അവസരം കൊടുക്കാത്ത ഇടമാണ് അയോധ്യയെന്നാണ് കരുതപ്പെടുന്നത്. യുദ്ധമില്ലെങ്കില്‍ അവിടെ സമാധാനവും സൗഹാര്‍ദവും സൗഭ്രാത്രവും കളിയാടും. അങ്ങനെ കളിയാടാന്‍ അവസരമൊരുക്കിയ ശ്രീരാമചന്ദ്രന്റെ കളിത്തട്ടില്‍ ജനാഭിലാഷത്തിന്റെ മൂര്‍ത്തീരൂപമായാണ് മഹാക്ഷേത്രം ഉയരുന്നത്.സര്‍വ ക്ഷതങ്ങളില്‍ നിന്നും മനുഷ്യ - ജീവിവര്‍ഗത്തെ രക്ഷിക്കാനുള്ള ഊര്‍ജം ഉല്‍ഭവിക്കുന്നിടമാണ് ക്ഷേത്രമെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. അങ്ങനെയിരിക്കെ ജനകോടികള്‍ ഹൃദയത്തില്‍ വച്ചാരാധിക്കുന്ന ശ്രീരാമചന്ദ്ര പ്രഭുവിന്റെ മനസ്സും മന്ത്രവും തുടിക്കുന്ന ഭൂമിയില്‍ ക്ഷേത്രം ഉയര്‍ന്നാലത്തെ അവസ്ഥ പറയേണ്ടതില്ലല്ലോ.

അയോധ്യയും ശ്രീരാമചന്ദ്രനും കേവലം ഏതെങ്കിലും മതവിഭാഗത്തിന്റെ സ്വത്താണെന്ന് പറയാനാവില്ല. ഒരു ജനകീയ ഭരണാധികാരി എങ്ങനെയാണ് തന്റെ പ്രജകളെ പരിപാലിച്ചു പോന്നതെന്നതിന്റെ നേര്‍ച്ചിത്രമാണ് രാമനിലൂടെ തലമുറതലമുറകളായി മനുഷ്യവംശം അറിഞ്ഞു കൊണ്ടിരുന്നത്. രാമന്റെ അയനം മനുഷ്യമനസ്സുകളിലെ ഇരുട്ടകറ്റാന്‍ എങ്ങനെ പര്യാപ്തമാവുമെന്നും അനുഭവിച്ചറിഞ്ഞതാണ്. ഇന്ത്യയുടെ ആത്മാവില്‍ പ്രകാശം ചൊരിഞ്ഞു നില്‍ക്കുന്ന ആ രാമ സംസ്‌കാരത്തെ തകര്‍ത്തെറിയാനാണ് ബ്രിട്ടീഷുകാര്‍ ശ്രമിച്ചത്. അവരുടെ പരിശ്രമങ്ങള്‍ അഞ്ചു നൂറ്റാണ്ടു മുമ്ബ് അയോധ്യയിലെ പരമപവിത്രമായ ക്ഷേത്രം തകര്‍ത്തെറിഞ്ഞ അക്രമികളുടെ അതേ വഴിയിലൂടെ തന്നെയായിരുന്നു.

അയോധ്യയും അതിനോടു ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളും എന്നും രാമസംസ്‌കാരത്തിന്റെ വിളഭൂമിയായിരുന്നു. അവിടെ മതമൈത്രിയും സ്‌നേഹവും ഏതെങ്കിലും നിയമത്തിന്റെയോ അനുശാസനത്തിന്റെയോ ഫലമായുണ്ടായതായിരുന്നില്ല. സാധാരണക്കാര്‍ മുതല്‍ ഉയര്‍ന്ന നിലയിലുള്ളവര്‍ വരെ നെഞ്ചേറ്റിയ രാമസംസ്‌കാരത്തിന്റെ അനുരണനങ്ങളാണ് അവിടെ തുടിച്ചു തുള്ളിയിരുന്നത്. അത് ഭാരതത്തിന്റെ സ്വത്വവും ചിതിയുമായിരുന്നു. ആ സംസ്‌കാരമാണ് മഹാത്മാഗാന്ധിയും ശ്രീഅരബിന്ദോയും വിവേകാനന്ദനും ഉയര്‍ത്തിപ്പിടിച്ചത്.

ശ്രീരാമക്ഷേത്രത്തിനുവേണ്ടി നൂറ്റാണ്ടുകള്‍ നീണ്ട പോരാട്ടങ്ങളുടെ അവസാന ഘട്ടമായിരുന്നു 1990ലും 1992 ലും നടന്ന കര്‍സേവ. ഭാരതത്തിന്റെ മാനബിന്ദുക്കളെ ചേര്‍ത്തു നിര്‍ത്തി ആദരിക്കുമ്ബോഴാണ് ഭാരതം സ്വത്വശേഷിയുടെ പുണ്യഭൂമിയാവുകയെന്ന സങ്കല്‍പനമായിരുന്നു അതിനു പിന്നില്‍. ആ മഹിതോജ്വലമായ പോരാട്ടത്തിന്റെ തുടിപ്പ് നേരിട്ടറിഞ്ഞ സരയുവിലെ മണല്‍ത്തരികള്‍ കണ്ണീരുകൊണ്ട് കഴുകി പവിത്രമാക്കിയ ഹൃദയത്തോടെയാണ് ഇന്നത്തെ ശിലാസ്ഥാപന ചടങ്ങിന് സാക്ഷ്യം വഹിക്കുക. കോത്താരി സഹോദരന്മാരുള്‍പ്പെടെ എത്രയെത്ര കര്‍സേവകരുടെ ആത്മാവുകളാണ് സരയുവില്‍ ഈറനുടുത്തു നില്‍ക്കുക. വിശ്വഹിന്ദുപരിഷത്തിന്റെ ഉജ്വലനേതൃത്വത്തില്‍ അശോക് സിംഘാള്‍ നയിച്ച പ്രക്ഷോഭത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ എല്ലാ വഴികളും തേടിയവര്‍ക്ക് ഇന്ന് ഇച്ഛാഭംഗം വരുത്തുന്ന അനുഭവമാണെങ്കില്‍ ജനകോടികള്‍ക്ക് സഹസ്രസൂര്യന്മാരുടെ ഉദയ ശോഭ കാണുന്ന അനുഭവമാണ്. ഭാരതം അതിന്റെ യഥാതഥമായ നേതൃശേഷി കൈവരിക്കുന്നതിന്റെ പ്രകടമായ കാഴ്ചയാണ്. ലോകം ദത്തശ്രദ്ധമായി അതു കാണുന്നതും പലതരത്തില്‍ ഭാഗവാക്കാവുന്നതും അതുകൊണ്ടുതന്നെയാണ്.

ഭക്തിയും യുക്തിയും ശക്തിയും സമന്വയിച്ചാല്‍ പ്രഭാതകാന്തി കൈവരുമെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് അയോധ്യയില്‍ ഉയരാന്‍ പോവുന്ന ശ്രീരാമ ക്ഷേത്രം. ശ്രീരാമന്‍ എന്ന ഭക്തിയുടെ മുഖം കാണുന്ന രാമസേവകര്‍. രാമസങ്കല്‍പ്പം ഭാരതീയ ഉള്‍ത്തുടിപ്പായി കാണുന്ന യുക്തിസഹര്‍. ഇതു രണ്ടും ഉള്‍ക്കൊണ്ട് ജനാധിപത്യ ശക്തിയില്‍ വിശ്വസിക്കുന്ന സമൂഹം. ഈ ത്രിമൂര്‍ത്തി സങ്കല്‍പ്പത്തിന്റെ സാക്ഷാത്കാരത്തിലേക്കുള്ള ആദ്യപടിയാണ് ഇന്ന് നടക്കുന്ന ക്ഷേത്രശിലാസ്ഥാപനം.രാജ്യത്തിന്റെ അഭിമാനവും വീരോജ്വല സംഭവതികളും ഉള്‍ച്ചേര്‍ന്ന സ്ഥലങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും മണ്ണും മറ്റും ശിലാസ്ഥാപനത്തില്‍ സമര്‍പിക്കുന്നുണ്ട്. ലോകത്തിനു മുഴുവന്‍ സുഖം വരാന്‍ പ്രാര്‍ഥിക്കുന്ന സംസ്‌കാരം ശ്രീരാമ സംസ്‌കാരമാണെന്ന് ഉദ്‌ഘോഷിക്കുന്ന ഈ ചടങ്ങിലേക്ക് എല്ലാവരും ഹൃദയം കൊണ്ട് എത്തിച്ചേരണമെന്നാണ് ബന്ധപ്പെട്ടവര്‍ ആഗ്രഹിക്കുന്നത്. അങ്ങനെതന്നെയാവുമെന്നതില്‍ സംശയമില്ല. 1989 നവംബര്‍ 10ന് ബിഹാറിലെ കാമേശ്വര്‍ ചൗപ്പാല്‍ ശിലാന്യാസം നടത്തിയപ്പോള്‍ തുടങ്ങിയ രാമന്റെ അയനം അവസാന ഘട്ടത്തിലേക്ക് കടക്കുമ്ബോള്‍ ആര്‍ജവമുള്ള ഭരണകൂടത്തിന് അസാധ്യമായി ഒന്നുമില്ലെന്നു തന്നെയല്ലേ തെളിയുന്നത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Janmabhumi Daily
Top