Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബന്ധുനിയമന വിവാദത്തില്‍ മൗനം പാലിച്ച്‌ മന്ത്രി സണ്ണി ജോസഫ്; പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു

ബന്ധുനിയമന വിവാദത്തില്‍ മൗനം പാലിച്ച്‌ മന്ത്രി സണ്ണി ജോസഫ്; പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ മന്ത്രി സണ്ണി ജോസഫിനെതിരേ നിയമസഭയില്‍ രൂക്ഷവിമർശനമുയർത്തി പ്രതിപക്ഷം.

എന്നാല്‍, വിഷയത്തില്‍ മന്ത്രി മറുപടി പറഞ്ഞില്ല.

ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റുന്നുവെന്നാരോപിച്ച്‌ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിനിടെയാണ് ബന്ധുനിയമന വിഷയം പ്രതിപക്ഷം സഭയില്‍ ശക്തമായി ഉന്നയിച്ചത്. പ്രതികാര നടപടിയുടെ ഭാഗമായാണ് ജീവനക്കാരെ സ്ഥലം മാറ്റുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചപ്പോള്‍, ഇതൊരു സ്വാഭാവിക നടപടി മാത്രമാണെന്നായിരുന്നു മന്ത്രിയുടെ മറുപടി.

മന്ത്രിയുടെ സഹോദരി ഭർത്താവും കോണ്‍ഗ്രസ് നേതാവുമായ ബെന്നി തോമസിനെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. മുൻപ് ഇടതുസർക്കാരിന്റെ കാലത്തുണ്ടായ ബന്ധുനിയമനങ്ങളെ രൂക്ഷമായി വിമർശിച്ച യു.ഡി.എഫ്, ഇപ്പോള്‍ അധികാരത്തിലെത്തിയപ്പോള്‍ തങ്ങള്‍ പറഞ്ഞതെല്ലാം മറന്നുവെന്ന് പ്രതിപക്ഷം പരിഹസിച്ചു. വി. ജോയിയാണ് ഈ വിഷയം സഭയില്‍ ഉന്നയിച്ചത്.

ഭരണാനുകൂല സംഘടനകളുടെ അപേക്ഷ പ്രകാരം ജീവനക്കാരെ തെരഞ്ഞുപിടിച്ച്‌ സ്ഥലം മാറ്റുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. രോഗികളായ ജീവനക്കാരെയും വിരമിക്കാൻ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളവരെയും ദൂരസ്ഥലങ്ങളിലേക്ക് മാറ്റുന്നുവെന്നും, സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍ പോലും നടപടിയെടുക്കുന്നുവെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

എന്നാല്‍, മുൻകാലത്ത് ഇടതുസർക്കാർ നടപ്പിലാക്കിയ സ്ഥലം മാറ്റങ്ങളുടെ പട്ടിക നിരത്തിയായിരുന്നു സണ്ണി ജോസഫിന്റെ മറുപടി. അത്തരം ഇടതുനയങ്ങളല്ല യു.ഡി.എഫ് സർക്കാരിന്റേതെന്ന് മന്ത്രി അവകാശപ്പെട്ടു. എന്നാല്‍, മറുപടിയില്‍ തൃപ്തരാകാതെയും വിഷയം സഭ നിർത്തിവെച്ച്‌ ചർച്ച ചെയ്യണമെന്ന ആവശ്യം തള്ളിയതിലും പ്രതിഷേധിച്ച്‌ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily