Friday, 11 Jun, 4.06 pm ജന്മഭൂമി

ലേറ്റസ്റ്റ് ന്യൂസ്
ഭാരത് ബയോടെകിന്റെ കൊവാക്‌സിന് അമേരിക്കയില്‍ ഉടന്‍ അനുമതിയില്ല, അധിക വിവരങ്ങള്‍ നല്‍കാന്‍ നിര്‍ദേശം

ന്യൂദല്‍ഹി: കൊവിഡിനെതിരെ ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സീന് അമേരിക്കയില്‍ അടിയന്തിര ഉപയോ​ഗ അനുമതിയില്ല. കൊവാക്സീന്റെ അടിയന്തിര ഉപയോ​ഗത്തിനായി ഓക്യുജെന്‍ എന്ന കമ്ബനിയാണ് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനെ (എഫ്ഡിഎ) സമീപിച്ചത്. എന്നാല്‍ ഈ അപേക്ഷ എഫ്ഡിഎ തള്ളി. വാക്‌സിനെ സംബന്ധിച്ചുള്ള അധികവിവരങ്ങള്‍ കാട്ടി ബയോളജിക്‌സ് ലൈസന്‍സ് ആപ്ലിക്കേഷന്‍ (ബിഎല്‍എ) നേടാന്‍ നിര്‍ദേശം നല്‍ക്കുകയായിരുന്നു.

ഇതോടെ ഇനി പൂ‍ര്‍ണ ഉപയോ​ഗത്തിനുള്ള അനുമതിക്കായി ശ്രമിക്കുമെന്നാണ് ഓക്യുജെന്‍ കമ്ബനി അറിയിച്ചിരിക്കുന്നത്. അധികവിവരം ഉള്‍പ്പെടുത്തി പുതിയ അപേക്ഷ നല്‍കുമെന്നും നടപടിയ്ക്ക് കാലതാമസം നേരിടാമെന്നതിനാല്‍ കോവാക്‌സിന്റെ യുഎസിലെ വിതരണം വൈകുമെന്നും കമ്ബനി കൂട്ടിച്ചേര്‍ത്തു. ഡെല്‍റ്റ വകഭേദമുള്‍പ്പെടെ കൊറോണ വൈറസിന്റെ വിവിധ വകഭേദങ്ങളെ ദീര്‍ഘകാലയളവിലേക്ക് ഫലപ്രദമായി പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ് കൊവാക്‌സിനെന്നും ഓക്യുജെന്‍ പറഞ്ഞു.

പൂ‍ര്‍ണ അനുമതിക്കായി കൊവാക്സീന്‍ ഒരിക്കല്‍ കൂടി ട്രയല്‍ നടത്തേണ്ടി വരുമെന്നാണ് വിവരം. വൈകിയാലും കൊവാക്സീന്‍ അമേരിക്കയില്‍ വിതരണം ചെയ്യാന്‍ സാധിക്കുമെന്നാണ് ഒക്യുജെന്‍ മേധാവികളുടെ ആത്മവിശ്വാസം.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Janmabhumi Daily
Top