കോട്ടയം: കേരളത്തില്‍ ഭർതൃപീഡനവും ഗാർഹിക അതിക്രമങ്ങളും വർധിച്ചുവരുന്നതായി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ നാഷണല്‍ ഫാമിലി ഹെല്‍ത്ത് സർവേ (NFHS-6) റിപ്പോർട്ട്.
കഴിഞ്ഞദിവസം പുറത്തുവന്ന ആറാം കുടുംബാരോഗ്യ സർവേ റിപ്പോർട്ടിലാണ് കണ്ടെത്തല്‍.
ദേശീയതലത്തില്‍ ഭർതൃപീഡന നിരക്കുകള്‍ കുറയുമ്പോഴും കേരളത്തില്‍ ഈ നിരക്ക് 9.8 ശതമാനത്തില്‍ നിന്ന് 17.7 ശതമാനമായി ഉയർന്നു. ഉയർന്ന വിദ്യാഭ്യാസവും സാമ്പത്തിക പുരോഗതിയും ഉണ്ടായിട്ടും സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വർധിക്കുന്നത് കടുത്ത ആശങ്ക ഉയർത്തുന്നുണ്ട്. തൊട്ടുമുൻപത്തെ സർവേയില്‍ പീഡനത്തിന്റെ ദേശീയ നിരക്ക് 29.2 ശതമാനമായിരുന്നത് പുതിയ സർവേയില്‍ 22.3 ശതമാനമായി കുറഞ്ഞു.
ഗർഭകാലത്ത് ഭർത്താക്കന്മാരില്‍നിന്ന് മർദനം നേരിടുന്നവരുടെ നിരക്ക് 0.5% ആയിരുന്നത് 1.7 ശതമാനമായി. രാജ്യത്തെല്ലായിടത്തും ഗ്രാമപ്രദേശങ്ങളിലാണ് മർദനനിരക്ക് ഉയർന്നുനില്‍ക്കുന്നത്. കേരളത്തിലെ നഗരങ്ങളില്‍ 15.6 ശതമാനവും ഗ്രാമങ്ങളില്‍ 19.7 ശതമാനവുമാണ്. ഏറ്റവുമധികം ഭർത്തൃപീഡനം നടക്കുന്നത് തെലങ്കാനയിലാണ്, 30.8 ശതമാനം. മുൻപ് ഇത് 37.2 ശതമാനമായിരുന്നു.

