അമൃത്സർ: പഞ്ചാബിലെ ചണ്ഡീഗഡില്‍ ബിജെപി ആസ്ഥാനത്തിന് സമീപമുണ്ടായ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് അഞ്ച്പേർ അറസ്റ്റില്‍.
ചണ്ഡീഗഡ് പോലീസും പഞ്ചാബ് പോലീസിന്റെ കൗണ്ടർ ഇന്‍റലിജൻസ് വിംഗും സംയുക്തമായി നടത്തിയ പരിശോധനയില്‍ ഗ്രനേഡ് ഉള്‍പ്പടെയുള്ള ആയുധങ്ങളും കണ്ടെടുത്തു.
ഷമി (ബല്‍വീന്ദർ ലാല്‍), ജസി (ജസ്വിർ സിംഗ്), ചന്നി (ചരണ്‍ജിത് സിംഗ്), റൂബല്‍ ചൗഹാൻ, മൻദീപ് എന്ന അഭിജോത് ശർമ എന്നിവരാണ് അറസ്റ്റിലായത്. ആക്രമണത്തില്‍ ഉള്‍പ്പെട്ട രണ്ട് പ്രധാന കുറ്റവാളികളായ ഗുർതേജ് സിംഗ്, അമൻപ്രീത് സിംഗ് എന്നിവർ ഒളിവിലാണ്. ഇവരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം നടന്നുവരികയാണ്.
പ്രാഥമിക അന്വേഷണത്തില്‍, സംഘത്തിന് പാക്കിസ്ഥാന്റെ ഐഎസ്‌ഐയുടെ പിന്തുണയുണ്ടെന്നും പോർച്ചുഗലിലും ജർമനിയിലുമുള്ളവരുടെ നിർദേശപ്രകാരമാണ് ഇവർ പ്രവർത്തിച്ചതെന്നും കണ്ടെത്തി.
പ്രതികള്‍ ഹാൻഡ് ഗ്രനേഡുകള്‍, ആയുധങ്ങള്‍, വെടിയുണ്ടകള്‍ എന്നിവയ രാജ്യത്തേക്ക് കടത്തിയതായും അന്വേഷണത്തില്‍ വ്യക്തമായി. പോർച്ചുഗല്ലിലുള്ള ബല്‍ജോത് സിംഗ് എന്ന ജോട്ടിന്റെ നിർദേശപ്രകാരമാണ് പ്രതികള്‍ ആക്രമണം ഏകോപിപ്പിച്ചത്.

