Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബോസ്‌നിയയെ പരാജയപ്പെടുത്തി അമേരിക്ക പ്രീക്വാര്‍ട്ടറില്‍; ചുവപ്പ് കാര്‍ഡ് കണ്ട ബലോഗന് അടുത്ത മത്സരം

ബോസ്‌നിയയെ പരാജയപ്പെടുത്തി അമേരിക്ക പ്രീക്വാര്‍ട്ടറില്‍; ചുവപ്പ് കാര്‍ഡ് കണ്ട ബലോഗന് അടുത്ത മത്സരം

സാന്‍ഫ്രാന്‍സിസ്‌കോ: ഓരോ ലോകകപ്പ് രാത്രിയും ഒരു കഥയാണ്. ചില കഥകള്‍ ഗോള്‍മഴയില്‍ എഴുതപ്പെടുന്നു, ചിലത് ഒരു വിസിലിന്റെ ശബ്ദത്തിലും ചുവന്ന കാര്‍ഡിന്റെ നിറത്തിലും വഴിമാറുന്നു.

ബോസ്നിയയെ വീഴ്‌ത്തി അമേരിക്ക അടുത്ത വാതില്‍ തുറന്നപ്പോള്‍, വിജയത്തിന്റെ പതാക കാറ്റിലുയര്‍ന്നു. എന്നാല്‍ ആ പതാകയുടെ നിഴലില്‍ ബാലോഗണിന്റെ പുറത്താകല്‍ എന്ന വേദനയും ഒപ്പമുണ്ടായിരുന്നു. ജയത്തിന്റെ മധുരം നാവില്‍ ശേഷിക്കുമ്പോഴും, വരാനിരിക്കുന്ന പോരാട്ടത്തിന്റെ കയ്‌പ് മനസ്സില്‍ കലരുന്ന നിമിഷം. ലോകകപ്പിന്റെ മഹാനാടകത്തില്‍ ചിലപ്പോള്‍ വിജയത്തേക്കാള്‍ ദൈര്‍ഘ്യമേറിയ ചര്‍ച്ചകള്‍ക്ക് തുടക്കമിടുന്നത് ഒരു ചുവപ്പ് കാര്‍ഡാണ്.

ഫോളാരിന്‍ ബലോഗന്‍, മാലിക് ടില്‍മാന്‍ എന്നിവര്‍ നേടിയ ഓരോ ഗോളുകളുടെ കരുത്തില്‍ ബോസ്നിയയെ കീഴടക്കി ആതിഥേയരായ യുഎസ്‌എ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു വിജയം. 45, 82 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. 64-ാം മിനിറ്റില്‍ ബലോഗന്‍ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തുപോയശേഷം പത്തുപേരുമായി കളിച്ചാണ് യുഎസ് വിജയം സ്വന്തമാക്കിയത്.

അവസാന 30 മിനിറ്റിലേറെ സമയം പത്തുപേരുമായി കളിക്കേണ്ടിവന്ന യുഎസിനേക്കാള്‍ നേരിയ മുന്‍തൂക്കം ബോസ്നിയയ്‌ക്കായിരുന്നു. മൂന്ന് ഓണ്‍ ടാര്‍ഗറ്റ് ഉള്‍പ്പെടെ അവര്‍ 10 ഷോട്ടുകള്‍ പായിച്ചപ്പോള്‍ യുഎസ് രണ്ട് ഓണ്‍ ടാര്‍ഗറ്റ് അടക്കം എട്ട് ഷോട്ടുകളാണ് ഉതിര്‍ത്തത്. മത്സരത്തിന്റെ തുടക്കത്തില്‍ ഏതാനും മികച്ച നീക്കങ്ങള്‍ നടത്താന്‍ സാധിച്ചെങ്കിലും ബോസ്‌നിയ പിന്നീട് നിരാശപ്പെടുത്തി. ബോസ്നിയന്‍ മുന്നേറ്റത്തിനിടെ യുഎസ് പലപ്പോഴും പ്രതിരോധത്തലേക്ക് വലിയുകയും ചെയ്തു. 10-ാം മിനിറ്റില്‍ ബോസ്നിയയ്‌ക്ക് മികച്ച ഒരു അവസരം ലഭിക്കുകയും ചെയ്തു. ഒരു ലോങ് ബോള്‍ സ്വീകരിച്ച്‌ എഡിന്‍ സെക്കോ നല്‍കിയ പാസില്‍ നിന്ന് ഡെമിറോവിച്ച്‌ പായിച്ച ഷോട്ട് യുഎസ്‌എ ഗോളി മാറ്റ് ഫ്രീസെ തട്ടിയകറ്റുകയായിരുന്നു. സാവധാനം താളം കണ്ടെത്തിയതോടെ യുഎസ് ആധിപത്യം നേടി. സെര്‍ജിനോ ഡെസ്റ്റും വെസ്റ്റണ്‍ മക്കെന്നിയും ടെയ്‌ലര്‍ ആഡംസും മാലിക് ടില്‍മാനും ആന്റണി റോബിന്‍സണുമെല്ലാം തുടര്‍ച്ചയായി ക്രിസ്റ്റ്യന്‍ പുലിസിച്ചിനും ഫൊളാരിന്‍ ബലോഗനും പന്തെത്തിച്ചതോടെ ബോസ്നിയ ശക്തമാക്കി അവയെല്ലാം പ്രതിരോധിച്ചു.

32-ാം മിനിറ്റില്‍ ബലോഗന്‍ ബോസ്നിയ വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. 45-ാം മിനിറ്റില്‍ യുഎസ് മുന്നിലെത്തി. ബലോഗനാണ് ഗോളടിച്ചത്. ടില്‍മാന്‍ നല്‍കിയ ഒരു ത്രൂബോള്‍ ബോസ്‌നിയ ഡിഫന്‍ഡറുടെ കാലില്‍ തട്ടി ബലോഗന് ലഭിക്കുകയായിരുന്നു. ബലോഗന്റെ ഇടംകാലനടി ബോസ്‌നിയ ഗോള്‍കീപ്പറുടെ കാലുകള്‍ക്കിടയിലൂടെ വലയില്‍ കയറി. ഈ ഗോളിന് ആദ്യപകുതിയില്‍ യുഎസ് മുന്നിട്ടുനിന്നു.

രണ്ടാം പകുതിയിലും യുഎസ് ആധിപത്യം തുടര്‍ന്നു. എന്നാല്‍ 64-ാം മിനിറ്റില്‍ യുഎസിന്റെ ബലോഗണ്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയി. പന്തിനായുള്ള പോരാട്ടത്തിനിടെ അബദ്ധത്തില്‍ ബോസ്‌നിയന്‍ താരം മുഹറെമോവിച്ചിന്റെ കണങ്കാലില്‍ ചവിട്ടിയതിനായിരുന്നു റെഡ് കാര്‍ഡ്. വാര്‍ പരിശോധിച്ച ശേഷമാണ് റഫറി തീരുമാനമെടുത്തത്. ബെല്‍ജിയത്തിനെതിരായ പ്രീക്വാര്‍ട്ടര്‍ മത്സരം ബലോഗണ് നഷ്ടപ്പെടും. തുടര്‍ന്ന് പത്തുപേരുമായാണ് റഫറി കളിച്ചത്. 78-ാം മിനിറ്റില്‍ യുഎസ് വീണ്ടും ബോസ്നിയ വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. പത്തുപേരായി ചുരുങ്ങിയിട്ടും മികച്ച മുന്നേറ്റം തുടര്‍ന്ന അവര്‍ 82-ാം മിനിറ്റില്‍ രണ്ടാം ഗോളും നേടി. ബോക്‌സിന് തൊട്ടുവെളിയില്‍ വെച്ച്‌ റാഡെലിച്ച്‌, യുഎസ് താരം ഡെസ്റ്റിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീ കിക്ക് മാലിക് ടില്‍മാന്‍ വലയിലെത്തിക്കുകയായിരുന്നു. ഇഞ്ചുറി സമയമായി ലഭിച്ച പത്ത് മിനിറ്റിലും ഗോള്‍ മടക്കാന്‍ ബോസ്നിയ കിണഞ്ഞു ശ്രമിച്ചെങ്കിലും യുഎസ് ഗോളിയെ കീഴടക്കാനായില്ല. ഇതോടെ യുഎസ് പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി. ബോസ്നിയ പുറത്തേക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily