Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബ്രിക്സ് വനിതാ വര്‍ക്കിങ് ഗ്രൂപ്പ് യോഗം കൊച്ചിയില്‍ തുടങ്ങി

ബ്രിക്സ് വനിതാ വര്‍ക്കിങ് ഗ്രൂപ്പ് യോഗം കൊച്ചിയില്‍ തുടങ്ങി

കൊച്ചി: 2026 ലെ ഭാരതത്തിന്റെ ബ്രിക്സ് അധ്യക്ഷ പദവിക്ക് കീഴില്‍, ബ്രിക്സ് വനിതാ വര്‍ക്കിങ് ഗ്രൂപ്പ് (ഡബ്ല്യുഡബ്ല്യുജി) യോഗത്തിന് കൊച്ചിയില്‍ തുടക്കമായി.

സ്ത്രീശാക്തീകരണം, സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം എന്നിവയുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പരസ്പര താത്പര്യമുള്ള മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുമായി ബ്രിക്സ് അംഗരാജ്യങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഈ രണ്ട് ദിവസത്തെ യോഗത്തില്‍ പങ്കെടുക്കും.

ഭൂമിശാസ്ത്രപരമായ അകലം നമ്മെ ശാരീരികമായി അകറ്റി നിര്‍ത്തുമ്പോഴും, സ്ത്രീശാക്തീകരണത്തിന് മുന്‍ഗണന നല്‍കുന്നതിലുള്ള നമ്മുടെ പ്രതിബദ്ധത നമ്മെ പരസ്പരം അടുപ്പിച്ചു നിര്‍ത്തുന്നതായി പ്രതിനിധികളെ സ്വാഗതം ചെയ്ത് വനിതാ ശിശുവികസന മന്ത്രാലയം സെക്രട്ടറി അനില്‍ മാലിക് പറഞ്ഞു. അര്‍ത്ഥവത്തായ ചര്‍ച്ചകള്‍ക്കും പരസ്പര പഠനത്തിനും ക്രിയാത്മകമായ സഹകരണത്തിനും ഈ യോഗം വഴിയൊരുക്കുമെന്നും, സ്ത്രീ ശാക്തീകരണത്തിനായുള്ള ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ പ്രതിബദ്ധതയെ അത് കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഭാരതത്തിന്റെ ബ്രിക്സ് അധ്യക്ഷ പദവിയെക്കുറിച്ച്‌ പരാമര്‍ശിച്ച്‌ ബ്രിക്സ് രാജ്യങ്ങളുടെ പൊതുവായ അഭിലാഷങ്ങളേയും സമകാലിക ആഗോള വെല്ലുവിളികളേയും പ്രതിഫലിപ്പിക്കുന്ന നാല് മുന്‍ഗണനാ മേഖലകളെ അടിസ്ഥാനമാക്കിയാണ് വനിതാ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണരംഗത്തെ വനിതാ പങ്കാളിത്തത്തിലൂടെയും നേതൃത്വത്തിലൂടെയും കൂടുതല്‍ കരുത്തുറ്റ ഒരു ബ്രിക്സ് സഖ്യം രൂപീകരിക്കുക, മാറ്റത്തിന്റെ ചാലകശക്തികളായി സ്ത്രീകളുടെ സാമ്പത്തിക- ഡിജിറ്റല്‍ പങ്കാളിത്തം ഉറപ്പാക്കുക, വനിതാ സംരംഭകത്വവും നൈപുണ്യ വികസനവും പ്രോത്സാഹിപ്പിക്കുക, കാലാവസ്ഥാ പ്രവര്‍ത്തനങ്ങള്‍, ഭക്ഷ്യസുരക്ഷ, പോഷകാഹാരം എന്നിവയില്‍ സ്ത്രീകളുടെ പങ്ക് ശക്തിപ്പെടുത്തുക എന്നിവയാണ് ഈ നാല് മുന്‍ഗണനാ മേഖലകള്‍.

കഴിഞ്ഞ ഏതാനും മാസങ്ങളായുള്ള പങ്കാളിത്തത്തിന് ഈ മുന്‍ഗണനാ മേഖലകള്‍ ശക്തമായ ഒരു ചട്ടക്കൂട് നല്‍കിയിട്ടുണ്ടെന്നും കൊച്ചിയില്‍ നടക്കുന്ന യോഗത്തിലെ ചര്‍ച്ചകള്‍ക്ക് ഇവ തുടര്‍ന്നും വഴികാട്ടിയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനകേന്ദ്രീകൃതവും മാനവികതയ്‌ക്ക് മുന്‍ഗണന നല്‍കുന്നതുമായ സമീപനത്തെ പ്രതിഫലിപ്പിക്കുന്ന പ്രതിരോധശേഷി, നൂതനാശയങ്ങള്‍, സഹകരണം, സുസ്ഥിരത എന്നിവ കെട്ടിപ്പടുക്കുക എന്ന ഭാരതത്തിന്റെ ബ്രിക്സ് അധ്യക്ഷപദവിയുടെ മുഖ്യ പ്രമേയത്തിന് കീഴിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. വനിതാ മന്ത്രിതല യോഗം ഇന്നും നാളെയും നടക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily