Friday, 24 Sep, 5.01 am ജന്മഭൂമി

ലേറ്റസ്റ്റ് ന്യൂസ്
ചരം സ്ഥിരം ഉഭയം

ചരരാശികള്‍ മേടം, കര്‍ക്കടകം, തുലാം, മകരം എന്നിവയാണ്. സ്ഥിരരാശികള്‍ അവയുടെ തൊട്ടടുത്ത ഓരോ രാശികള്‍. അതായത് ഇടവം, ചിങ്ങം, വൃശ്ചികം, കുംഭം എന്നിവ നാലും. പിന്നെ ഉഭയരാശികള്‍. അവ സ്ഥിരരാശികളുടെ തൊട്ടടുത്തവയാണ്. മിഥുനം, കന്നി, ധനു, മീനം എന്നിവ. ഇങ്ങനെ പന്ത്രണ്ടു രാശികള്‍ ചരം, സ്ഥിരം, ഉഭയം എന്നിവയില്‍ ഉള്‍പ്പെടുന്നു. ഓരോ വിഭാഗത്തിലും നാലു രാശികളുമുണ്ട് എന്നും വ്യക്തം.

ചരരാശിയില്‍ (മേടം, കര്‍ക്കടകം, തുലാം, മകരം) ജനിക്കുന്നവര്‍, അവ കൂറോ/ജന്മരാശിയോ ലഗ്നമോ ആയിട്ടുള്ളവര്‍ സഞ്ചാരപ്രിയരാവും. ചലനാത്മക വ്യക്തിത്വമുള്ളവരാവും. മാറ്റത്തെ അഭിലഷിക്കും. മാറാന്‍ സന്നദ്ധരാവും. കാലത്തിന്റെ സ്പന്ദനം വേഗം മനസ്സിലാക്കും. അതിനെ ഉള്ളിലേക്ക് ആവാഹിക്കാന്‍ ശ്രമിക്കും. പൊതുവേ ധനാത്മകമായ (പോസിറ്റീവ്) ആയ വ്യക്തിത്വമായിരിക്കും ചരരാശിക്കാരുടേത്. മറ്റുള്ളവര്‍ പറയുന്നതെന്ത് എന്ന് കേള്‍ക്കാനുള്ള ആര്‍ജവം കാണിക്കും. വാഹനം ഓടിക്കാനും സ്വന്തമാക്കാനും ചെറിയ പ്രായത്തില്‍ സാഹചര്യം ഉദിക്കും. ലക്ഷ്യത്തില്‍ ഉന്നം വെക്കാനും അതിലേക്ക് ഓടിയെത്താനും ഉള്‍ത്വരയുള്ളവരുമാണ്.

സ്ഥിരരാശികള്‍ (ഇടവം, ചിങ്ങം, വൃശ്ചികം, കുംഭം), ജന്മരാശി/കൂറ്, ലഗ്നം ഒക്കെ ആയിട്ടുള്ളവര്‍ മാറാന്‍ മടി കാട്ടുന്നവരാണ്. മാറ്റം മൂക്കില്‍ വന്നു തൊട്ടാല്‍ മാത്രമേ പരിവര്‍ത്തനങ്ങള്‍ക്ക് ഒരുങ്ങുകയുള്ളൂ. സ്ഥിരരാശിക്കാരെ പറഞ്ഞു ബോധിപ്പിക്കുക എന്നതും എളുതല്ല. എന്നാല്‍ ചരരാശിക്കാരെക്കാള്‍ മനസ്സിന് ഉറപ്പുള്ളവരാണ്. കൃഷ്ണശിലയുടെ കാഠിന്യം ഉണ്ടാവും, വചനത്തിനും കര്‍മ്മത്തിനും. 'ചിത്തം ചലിപ്പതിന് ഹേതു മുതിര്‍ന്നു നില്‍ക്കേ നെഞ്ചില്‍ കുലുക്കമെവനി, ല്ലവനാണ് ധീരന്‍' എന്ന കാളിദാസന്റെ വരികള്‍ പോലെയാണ് ഇവരുടെ പ്രകൃതം. 'പാലം കുലുങ്ങിയാലും കുലുങ്ങാത്ത കേളന്‍' എന്നൊക്കെ നാടന്‍ മൊഴിയില്‍ പറയാം. വാക്കിന് വ്യവസ്ഥയുള്ളവരുമായിരിക്കും, സ്ഥിരരാശിക്കാര്‍.

ഉഭയരാശികള്‍ (മിഥുനം, കന്നി, ധനു, മീനം), ലഗ്നമോ, കൂറോ/ജന്മരാശിയോ ആയിട്ടുള്ളവര്‍ക്ക് 'വന്ന പാട് ചന്തം' എന്ന മനോനിലയാവും അധികവും ഉണ്ടാവുക. മുറുക്കേണ്ടിടത്ത് മുറുക്കാനും അഴിക്കേണ്ടിടത്ത് അഴിക്കാനും ജന്മായത്തമായ വിരുതുള്ളവരായിരിക്കും. അനുരഞ്ജനം എന്നത് ഒരു കലയും വിദ്യയുമൊക്കെയാവുന്നത് ഉഭയരാശിക്കാരിലാണ്. തത്ത്വം പറയും, പ്രവൃത്തിയില്‍ അതിന്റെ വിരുദ്ധതയിലേക്ക് പോയെന്നും വരാം. പൊതുവേ കൂട്ടായ്മകളില്‍ വിശ്വസിക്കുന്നവരാണ്. എല്ലാവരുടെയും നല്ലപിള്ളയായി മാറും. 'ഉഭയരാശിക്കാര്‍' ഒരു മുഴം മുന്നേ എറിയുന്നവരുമാണ്!

മേടം, വൃശ്ചികം രാശികളുടെ നാഥന്‍ ചൊവ്വ. ഇടവം, തുലാം രാശികളുടെ അധിപന്‍ ശുക്രന്‍. മിഥുനം, കന്നികളുടെ ബുധന്‍. കര്‍ക്കടകത്തിന്റെ അധിപന്‍ ചന്ദ്രനും ചിങ്ങത്തിന്റെ അധിപന്‍ സൂര്യനും. ധനു, മീനം എന്നിവയുടെ അധിപന്‍ വ്യാഴം. മകരം, കുംഭം എന്നിവയുടെ നാഥന്‍ ശനിയും. അങ്ങനെ പന്ത്രണ്ടു രാശികളുടെ ആധിപത്യം രാഹുവും കേതുവും ഒഴികെ മറ്റ് ഏഴ് ഗ്രഹങ്ങള്‍ക്കാകുന്നു.

ചരം, സ്ഥിരം, ഉഭയം എന്നീ തരം തിരിവ് മാത്രമല്ല വേറെയും ഏറെ വിഭജനങ്ങളും അതിലൂടെ ഉള്ളറകളിലേക്കുളള വഴികളും പഠിതാവിന് തുറന്നുകിട്ടുന്നു. അത്തരം സവിശേഷതകള്‍ മറ്റൊരു ലേഖനത്തിന് വിഷയമാക്കാന്‍ ശ്രമിക്കാം.

രാശികളുടെ ചരസ്ഥിരോഭയത്വം നാം മനസ്സിലാക്കി. അവ ജീവിതത്തില്‍ പ്രതിഫലിക്കുന്നതും അറിഞ്ഞു. ഒരു ദിങ്മാത്ര ദര്‍ശനമായിട്ടാണെങ്കില്‍ കൂടി. ചര,സ്ഥിര, ഉഭയങ്ങളുടെ ചില ദുര്‍ബല സ്ഥാനങ്ങളുണ്ട്. അതിലൊന്നാണ് 'ബാധാരാശി' എന്നത്. അക്കാര്യം കുറച്ചൊന്ന് വിവരിച്ചിട്ട് ഈ പ്രകരണം പൂര്‍ത്തിയാക്കാം.

ജ്യോതിഷ ശാസ്ത്രത്തിലെ ഒരു സുപ്രധാന പദമാണ് 'ബാധ', അല്ലെങ്കില്‍ ബാധാരാശി. സത്യത്തില്‍ ഇത്രയേറേ തെറ്റിദ്ധരിക്കപ്പെട്ടൊരു പദമില്ല. ജീവിതത്തിലെ എല്ലാ തമസ്സുകളുടെയും കൂടാരമാണ് ബാധാരാശി എന്ന സങ്കല്പം ശരിയല്ല. അതൊരു ഋണാത്മക (നെഗറ്റീവ്) രാശിയാണ്, കുറച്ചൊക്കെ. അഥവാ ഭാഗികമായി. അതിനപ്പുറം ഗുണപരമായ പല ദൗത്യങ്ങളും കൂടിയുണ്ട് ബാധാരാശിക്ക്. ഓരോ രാശിക്കും ഓരോ ബാധാരാശിയുണ്ട്. (സാമാന്യമായി). ചരരാശികള്‍ നാലിനും അവയുടെ പതിനൊന്നാം രാശിയും, സ്ഥിരരാശികള്‍ നാലിനും അവയുടെ ഒമ്ബതാം രാശിയും, ഉഭയരാശികള്‍ നാലിനും അവയുടെ ഏഴാം രാശിയുമാകുന്നു ബാധാരാശികള്‍. പ്രതിലോമകാര്യങ്ങള്‍ സൃഷ്ടിക്കപ്പെടാന്‍ സാധ്യതയുള്ള രാശി, ഗ്രഹം, അതിനാല്‍ ആ രാശിയും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും കരുതല്‍ വേണം, ജാഗ്രത നഷ്ടപ്പെടുത്തരുത്, ബാധാരാശിയുടെ നാഥനുമായി ബന്ധപ്പെട്ട ദശാപഹാരഛിദ്രങ്ങള്‍ നടക്കുമ്ബോഴും അലസത കൈവിടണം. ഇതൊക്കെയാണ് 'ബാധ' എന്ന പദം ഏതാണ്ട് പരിഭാഷപ്പെടുത്തിയാല്‍ കിട്ടുന്ന ആശയം. അതിനപ്പുറം ഉള്ളതെല്ലാം വെറും രന്ധ്രാന്വേഷണം മാത്രമാണ്...

ഉദാഹരണം ഇങ്ങനെ: മേടം ഒരു ചരരാശി ആണല്ലോ? ആകയാല്‍ അതിന്റെ പതിനൊന്നാം രാശിയായ കുംഭമാണ് ബാധരാശി. കുംഭത്തിന്റെ അധിപനായ ശനി അപ്പോള്‍ മേടലഗ്നക്കാര്‍ക്ക്/ മേടരാശിക്കാര്‍ക്ക് ഉപദ്രവകാരിയായി. ഇടവം സ്ഥിരരാശിയാകയാല്‍ അതിന്റെ ഒമ്ബതാം രാശിയാണ് ബാധാരാശി. അതിന്റെ അധിപന്‍ ശനിയും. ഇനി ഉഭയരാശിയായ മിഥുനത്തിന്റെ കാര്യം നോക്കാം. അതിന്റെ ബാധാരാശി ഏഴാം രാശിയായ ധനുവാണ്. ധനുവിന്റെ നാഥന്‍ വ്യാഴവും. ഇതുപോലെ ഓരോ രാശിയുടെയും ബാധാരാശി അത് ചരമാണോ, സ്ഥിരമാണോ, ഉഭയമാണോ എന്നതിനെ മുന്‍നിര്‍ത്തി കണ്ടെത്തുവാനാവും.

പിന്നെയും പഠിക്കുവാന്‍ ജ്യോതിഷം നമ്മെ പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നു. ഒന്ന് മറ്റൊന്നിലേക്കുള്ള തുടര്‍ച്ചയാണ്. അതിലേക്കുള്ള ചുവടുവെയ്പുകളാണ് ഈ എളിയ ലേഖനങ്ങള്‍.

എസ്. ശ്രീനിവാസ് അയ്യര്‍

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Janmabhumi Daily
Top