Friday, 24 Sep, 12.26 pm ജന്മഭൂമി

ലേറ്റസ്റ്റ് ന്യൂസ്
ചാരത്തില്‍ നിന്ന് പറന്നുയര്‍ന്ന് സ്വരൂപ്‌ ജനാര്‍ദ്ദനന്‍; ഊന്നു വടിയെ സൈഡിലേക്ക് മാറ്റി, വേദനകളെ കരുത്താക്കി സ്വപ്നങ്ങള്‍ തിരികെപ്പിടിച്ചു

കല്‍പറ്റ: വയനാട്ടില്‍ സാധാരണ ചികിത്സക്കു പോലും ഒരു ആശുപത്രി ഇല്ല എന്നതാണ് ഇന്നാട്ടുകാരുടെ പ്രധാന ശാപം. അതിന്റെ ബാക്കിപത്രമാണ് സ്വരൂപ് (29)എന്ന കലാകാരന്റെ ജീവിത നേര്‍സാക്ഷ്യം. തന്റെ ജീവിതവിധിയെ കര്‍മ്മ ബോധമന:സാന്നിധ്യത്തിലൂടെ വരുതിയിലാക്കിയ കഥ ആരുടെയും കരളലിയിപ്പിക്കും.

2020 ഫെബ്രുവരി 8നുണ്ടായ ഒരപകടമാണ് സ്വരൂപിന്റെ ജീവിതത്തെയാകെ മാറ്റിമറിച്ചത്. പക്ഷേ, തന്റെ പേരായ്മകളെ നൃത്തച്ചുവടുകള്‍കൊണ്ട് തന്റെ കാല്‍ ചുവട്ടിലാക്കി ഈ കലാകാരന്‍. അപകടത്തില്‍ ഒരു കാല്‍ നഷ്ടപ്പെട്ടു. കാല്‍ നഷ്ടപ്പെട്ടെങ്കിലും സ്വരൂപിന്റെ നൃത്തത്തിന്റെ ഒരുചുവടുപോലും പിന്നീട്പിഴച്ചിട്ടില്ല. മോഡലിങ്, സിനിമ എന്നിവയില്‍ തന്റെ കയ്യൊപ്പ് ചാര്‍ത്തി ഈ കലാകാരന്‍.

കമ്ബളക്കാട് കുടുംബശ്രീ ബസാറിലെ മാനേജരായിരുന്ന സ്വരൂപ് ജോലി കഴിഞ്ഞ് മടങ്ങവേ ഓടിച്ചിരുന്ന ബൈക്കിനെ എതിരെ നിന്നുവന്ന കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ ബൈക്ക് കത്തിനശിച്ചു. ഗുരുതരമായി പരിക്കേറ്റ സ്വരൂപ് അഞ്ചു ദിവസം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിലായി. അവിടെ ലക്ഷങ്ങള്‍ ചെലവായെങ്കിലും ഡോക്ടര്‍മാര്‍ കയ്യൊഴിഞ്ഞു. പിന്നീട് കോയമ്ബത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി. അവിടെനിന്നാണ് തന്റെ കാല്‍ മുറിച്ചുമാറ്റണമെന്ന സത്യം സ്വരൂപ് തിരിച്ചറിഞ്ഞത്.

ചോദിച്ചതെല്ലാം ജീവിതം തന്നു. ആഗ്രഹിച്ച പോലെ പഠനം. സ്വപ്നം കണ്ട ജോലി. കൂട്ടിന് നിരവധി സ്വപ്നങ്ങളും. അങ്കമാലിയിലെ എംബിഎ പഠനമാണ് സിനിമസ്വപ്നത്തിന് വേഗം പകര്‍ന്നത്. കൊച്ചിയിലേക്കുള്ള യാത്ര സിനിമയില്‍ പുതിയ അവസരങ്ങള്‍ നല്‍കി. ഡാന്‍സും മോഡലിംഗും ഇഴപിരിഞ്ഞ് കൂടെയുണ്ടായിരുന്നു. എംബിഎ പഠന ശേഷം കമ്ബളക്കാടുള്ള കുടുംബശ്രീ ബസാറില്‍ ജോലി. ഇടവേളകളില്‍ മോഡലിംഗില്‍ തലകാണിച്ചും ഫോട്ടോ ഷൂട്ടുമൊക്കെയായി . നിരവധി സിനിമ ഓഡിഷനുകളിലും തലകാണിച്ചു. നടന്‍ രാഹുല്‍ മാധവിന്റെ ഡാന്‍സ് പ്രോജക്ടില്‍ കിട്ടിയ അവസരമായിരുന്നു ആദ്യ സമ്മാനം. അതിന്റെ ആദ്യ സെഷന്‍ വിജയകരമായി പൂര്‍ത്തിയാക്കി. അടുത്ത സെഷനു വേണ്ടിയുള്ള കാത്തിരിപ്പിനിടെയാണ് അത് സംഭവിച്ചത്. മേല്‍വിലാസം തന്നെ മായ്ച്ചു കളഞ്ഞ അപകടം.

അപകടശേഷം കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിക്കാര്‍ കാലുകള്‍ ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് കോഴിക്കോടേക്ക്‌ റെഫര്‍ ചെയ്തു. കാലുകളില്‍ എല്ലുകള്‍ മാത്രം. കാലിലെ കുതികാല്‍ ഞരമ്ബും അറ്റുപോയി. വിദഗ്ധ ചികിത്സ നല്‍കാനുറച്ച അച്ഛനും ബന്ധുക്കളും സ്വരൂപിനെ കോഴിക്കോട്ടെ പേരുകേട്ട സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ദിവസങ്ങളോളം അവരുടെ വെന്റിലേറ്ററില്‍. സര്‍ജറി ഇന്നു ചെയ്യും നാളെ ചെയ്യുമെന്ന് പറഞ്ഞ് ദിവസങ്ങള്‍ നീണ്ടു പോയി. വൈകുന്തോറും അപകടമേറുകയാണെന്ന് പലരും ഓര്‍മ്മിപ്പിച്ചു. സര്‍ജറി വൈകിപ്പിച്ച്‌ മാംസങ്ങളിലൂടെ അണുബാധകേറി അത് പലരുടേയും ജീവനെടുത്ത ഭൂതകാലം ഇതേ ആശുപത്രിക്കുണ്ട്. ഇനിയും അവിടെ തുടരുന്നത് അപകടമെന്ന് മനസിലാക്കിയ നിമിഷം ഡിസ്ചാര്‍ജിനൊരുങ്ങി. ഒരു പെയിന്‍ കില്ലര്‍ തരാന്‍ പോലും അവര്‍ക്ക് മടി. ഒടുവില്‍ സഹോദരി ഭര്‍ത്താവ് ഷൈജന്റെ നിര്‍ദ്ദേശപ്രകാരം ഡിസ്ചാര്‍ജ് വാങ്ങി കോയമ്ബത്തൂരിലേക്ക് കോയമ്ബത്തൂരിലെ ഗംഗ ആശുപത്രിയില്‍ എത്തുമ്ബോഴേക്കും ഏറെ വൈകിയിരുന്നു.

മാംസത്തില്‍ പൂപ്പലും അണുബാധയും മൂടി. അവസാനം ഡോക്ടര്‍ പറഞ്ഞു, 'കാല് മുറിക്കുക തന്നെ വേണം!' ആ നിമിഷം മരിച്ചെങ്കിലെന്ന് തോന്നിപ്പോയി. കൊന്നു തരണമെന്നാണ് അവരോട് പറഞ്ഞത്. ഡോക്ടറാണ് പറഞ്ഞത്, എന്നെപ്പോലെ എത്രയോ പേര്‍ ഈ ഭൂമിയിലുണ്ടെന്ന്. കൃത്രിമകാല്‍ വച്ച്‌ അവര്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന്. ആ ഉപദേശത്തെ ജീവിത യാഥാര്‍ത്ഥ്യവുമായി കൂട്ടിക്കെട്ടാന്‍ പിന്നെയും എടുത്തു ദിവസങ്ങള്‍. ഒരു വേദനയ്ക്കു മുന്നിലും സ്വപ്നങ്ങളെ അടിയറവ് വയ്ക്കരുത് എന്ന തിരിച്ചറിവായിരുന്നു അത്. ചികിത്സയ്ക്കുശേഷം വായനാട്ടിലെത്തിയ സ്വരൂപിന് മാതാപിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും ഊര്‍ജം നല്‍കി. പഴയ റിഥം വെയ്ന്‍ ഡാന്‍സ് ക്‌ളബ്ബ് പുനരുജ്ജീവിപ്പിച്ചു. കൂട്ടുകാരുമൊത്ത് ഒറ്റക്കാലില്‍ നൃത്തം ചെയ്യുന്ന സ്വരൂപിന്റെ യൂട്യൂബ് വീഡിയോ വൈറലായി.

വേദനകളെ കരുത്താക്കി പഴയ സ്വപ്നങ്ങളെ പൊടിതട്ടിയെടുത്ത് മുന്നോട്ട് പോകുമ്ബോഴും സ്വരൂപിന്റെ ഓര്‍മകളിലേക്ക് ആ പഴയ സങ്കടക്കടല്‍ അലയടിക്കും. കൃത്രിമ കാല്‍ ഘടിപ്പിക്കും മുമ്ബ് ക്രച്ചസിന്റെ സഹായത്തോടെ നടക്കാന്‍ പഠിച്ചു. വോക്കറിന്റെ സഹായത്തോടെ പഴയ നൃത്തച്ചുവുകളെ തിരികെ വിളിച്ചു. പിന്നെ പിന്നെ ഊന്നു വടിയെ സൈഡിലേക്ക് മാറ്റി നൃത്തം ചെയ്യുന്നതിലേക്ക് വരെ വളര്‍ന്നു ആത്മവിശ്വാസം. സിനിമയും മോഡലിംഗും എല്ലാം അതേപടി ഇന്നും കൂട്ടിനുണ്ട്. കൊവിഡ് ആയതു കാരണം ജിം പരിശീലനത്തിന് താത്കാലിക അവധി നല്‍കിയിരിക്കുകയാണ്. കൃത്രിമ കാല് ഘടിപ്പിക്കാനുള്ള കോയമ്ബത്തൂര്‍ യാത്ര ബാക്കിയാണ്. കേരളത്തില്‍ അത് ചെയ്യാന്‍ എനിക്ക് വിശ്വാസമില്ല. പേടിയാണെന്ന് പറയുന്നതാകും കൂടുതല്‍ ശരി.

ജയഹരി കാവാലത്തിന്റെ സംഗീത സംവിധാനത്തില്‍ സ്വാതി ഇടുക്കി ഗോള്‍ഡിന് വേണ്ടി സി. നവീന്‍ കൃഷ്ണ സംവിധാനം ചെയ്ത സ്വരുപിന്റെ ജീവിത നേര്‍സാക്ഷ്യം വിംഗ്സ് എന്ന ഷോര്‍ട്ട് ഫിലിം ഇതിനകം വൈറലായി. ഷോര്‍ട്ട് ഫിലിമിന് വേണ്ടി ഹിമാലയം വരെ പോകാനായത് അഛന്റെയും അമ്മയുടെയുമെല്ലാം കഠിന പ്രയത്‌നവും പ്രാര്‍ത്ഥനയുമാണെന്ന് സ്വരൂപ് പറയുന്നു.

കട്ടപ്പനയിലെ ഋതിഷ് റോഷന്‍, അമര്‍ അക്ബര്‍ അന്തോണി സിനിമകളുടെ സ്ക്രിപ്റ്റ് റൈറ്ററും മാര്‍ഗ്ഗം കളി സിനിമയിലെ ആക്ടറുമായ ബിപിന്‍ ജോര്‍ജ്ജ് ആണ് തന്റെ ജീവിതത്തിലേക്കുള്ള തിരിച്ചു വരവിന്റെ പ്രധാന ചാലക ശക്തി . സഹോദരി, സഹോദരന്‍മാര്‍, മേമമാര്‍ പാപ്പന്‍ മാര്‍ മറ്റ് കുടുംബാംഗങ്ങള്‍, അങ്ങനെ കുടുംബത്തിലെ എല്ലാവരും നന്നായി സഹായിച്ചെന്നും സ്വരൂപ് . ജീവിതം ഇവര്‍ക്കായി സമര്‍പ്പിക്കുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Janmabhumi Daily
Top