സെന്റ് ലൂയിസ്: ഗ്രാൻഡ് ചെസ് ടൂർ ചാമ്പ്യനായി ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആർ. പ്രജ്ഞാനന്ദ. സെന്‍റ് ലൂയിസില്‍ നടന്ന ഫൈനലില്‍ ഫാബിയോ കരുവാനയെ പരാജയപ്പെടുത്തിയാണ് പ്രജ്ഞാനന്ദ കിരീടം സ്വന്തമാക്കിയത്.
ഇതോടെ ഗ്രാൻഡ് ചെസ് ടൂർ കിരീടം നേടുന്ന ആദ്യ ഭാരത താരമെന്ന ചരിത്രനേട്ടവും പ്രജ്ഞാനന്ദ സ്വന്തമാക്കിയിരിക്കുകയാണ്. കിരീടത്തിനൊപ്പം രണ്ട് ലക്ഷം ഡോളർ (ഏകദേശം 1.7 കോടി രൂപ) സമ്മാനത്തുകയും അടുത്ത വർഷത്തെ ഗ്രാൻഡ് ചെസ് ടൂറിലേക്ക് നേരിട്ടുള്ള യോഗ്യതയും താരത്തിന് ലഭിച്ചു.
ഫൈനലിലേക്ക് ആറ് പോയിന്റ് പിന്നിലായാണ് പ്രജ്ഞാനന്ദ എത്തിയത്. ക്ലാസിക്കല്‍ വിഭാഗത്തിന് ശേഷം നിലവിലെ ചാമ്പ്യനായ കരുവാന 9-3ന് മുന്നിലായിരുന്നു. എന്നാല്‍ റാപ്പിഡില്‍ തുടർച്ചയായി രണ്ട് മത്സരങ്ങള്‍ ജയിച്ച് എട്ട് പോയിന്റ് നേടിയ പ്രജ്ഞാനന്ദ 11-9ന് ലീഡ് പിടിച്ചു.
ബ്ലിറ്റ്സിലെ ആദ്യ മത്സരത്തില്‍ ജയിക്കാനുള്ള അവസരം ലഭിച്ചെങ്കിലും ടൈം സ്ക്രാംബിളിലെ പിഴവ് മത്സരം സമനിലയിലാക്കി. രണ്ടാം ബ്ലിറ്റ്സ് മത്സരത്തില്‍ കരുവാന വിജയിച്ചതോടെ സ്കോർ 12-12 എന്ന നിലയിലായി. നിർണായകമായ അവസാന പോരാട്ടത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത പ്രജ്ഞാനന്ദ കിരീടം ഉറപ്പിക്കുകയായിരുന്നു.
കരുവാനയ്‌ക്കെതിരായ ആറ് മത്സരങ്ങളില്‍ മൂന്ന് വിജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമാണ് പ്രജ്ഞാനന്ദയുടെ റെക്കോർഡ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് റാപ്പിഡിലും ബ്ലിറ്റ്സിലും താൻ ഏറെ മെച്ചപ്പെട്ടതാണ് ഈ ഫോർമാറ്റില്‍ വിജയം നേടാൻ സഹായിച്ചതെന്ന് കിരീടനേട്ടത്തിന് പിന്നാലെ താരം പറഞ്ഞു.
2026 കാൻഡിഡേറ്റ്സ് ടൂർണമെന്റിലെ നിരാശയ്‌ക്ക് പിന്നാലെ ഗംഭീര തിരിച്ചുവരവാണ് പ്രജ്ഞാനന്ദ നടത്തിയത്. നോർവേ ചെസില്‍ മാഗ്നസ് കാള്‍സനെ ഒരേ ടൂർണമെന്റില്‍ രണ്ടുതവണ തോല്‍പ്പിച്ച് കിരീടം നേടിയ താരം സെന്റ് ലൂയിസ് റാപ്പിഡ് ആൻഡ് ബ്ലിറ്റ്സിലും മികവ് തുടർന്നു. സിങ്ക്ഫീല്‍ഡ് കപ്പിലും ഒന്നാം സ്ഥാനം പങ്കിട്ടു.
2026ലെ ഗ്രാൻഡ് ചെസ് ടൂർ മത്സരങ്ങളില്‍ നിന്ന് മാത്രം 4,04,354 ഡോളർ (ഏകദേശം 3.86 കോടി രൂപ) സമ്മാനത്തുകയായി പ്രഗ്നാനന്ദ സ്വന്തമാക്കി. ക്ലാസിക്കല്‍, റാപ്പിഡ്, ബ്ലിറ്റ്സ് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ഗ്രാൻഡ് ചെസ് ടൂറിന്റെ ആകെ സമ്മാനത്തുക 20 ലക്ഷം ഡോളറാണ്.
അതേസമയം മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ ജർമനിയുടെ വിൻസെന്റ് കീമറിനെ വെസ്ലി സോ പരാജയപ്പെടുത്തി. ഇതോടെ പ്രജ്ഞാനന്ദയ്‌ക്കും കരുവാനയ്‌ക്കും പുറമെ വെസ്ലി സോയും അടുത്ത വർഷത്തെ ഗ്രാൻഡ് ചെസ് ടൂറിലേക്ക് യോഗ്യത നേടി.

