ഹൂസ്റ്റണ്‍: ഫുട്ബോള്‍ ലോകത്തെ വീണ്ടും അത്ഭുതപ്പെടുത്തിക്കൊണ്ട് ആറ് വ്യത്യസ്ത ലോകകപ്പ് ടൂർണമെന്റുകളില്‍ ഗോള്‍ നേടുന്ന ലോകത്തിലെ ആദ്യ താരം എന്ന ചരിത്ര റെക്കോർഡ് ഇനി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് സ്വന്തം.
ഹൂസ്റ്റണില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ ഉസ്ബെക്കിസ്ഥാനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകർത്ത് പോർച്ചുഗല്‍ റൗണ്ട് ഓഫ് 32 യോഗ്യതയുടെ തൊട്ടരികെ എത്തിയിരിക്കുകയാണ്. മത്സരത്തില്‍ ഇരട്ട ഗോളുകള്‍ നേടിയാണ് 41-കാരനായ റൊണാള്‍ഡോ ഒരിക്കല്‍ കൂടി വാർത്തകളില്‍ നിറഞ്ഞത്.
ആദ്യ മത്സരത്തില്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയോട് സമനില വഴങ്ങിയതിന് പിന്നാലെ റൊണാള്‍ഡോയ്‌ക്കെതിരെ ഉയർന്ന വിമർശനങ്ങള്‍ക്കെല്ലാം കളിയിലൂടെ മറുപടി നല്‍കാൻ താരത്തിനായി. ക്യാപ്റ്റനിലുള്ള തന്റെ വിശ്വാസം തെറ്റിയില്ലെന്ന് തെളിയിക്കാൻ കോച്ച് റോബർട്ടോ മാർട്ടിനസിനും ഈ വിജയത്തിലൂടെ സാധിച്ചു. മത്സരത്തിന്റെ ആറാം മിനിറ്റില്‍ത്തന്നെ ജോവാനോ കാൻസെലോയുടെ ക്രോസില്‍ നിന്ന് ഗോള്‍ നേടി റൊണാള്‍ഡോ പോർച്ചുഗലിനെ മുന്നിലെത്തിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് താരം തന്റെ രണ്ടാം ഗോളും സ്വന്തമാക്കി. ഇതോടെ ലോകകപ്പില്‍ റൊണാള്‍ഡോയുടെ ആകെ ഗോള്‍ നേട്ടം പത്തായി ഉയർന്നു.
ഫാബിയോ കന്നവാരോ പരിശീലിപ്പിക്കുന്ന ഉസ്ബെക്കിസ്ഥാൻ നിരയെ പൂർണ്ണമായും നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് പോർച്ചുഗല്‍ പുറത്തെടുത്തത്. റൊണാള്‍ഡോയുടെ ഗോളുകള്‍ക്ക് പുറമെ നുനോ മെൻഡിസ്, റാഫേല്‍ ലിയാവോ എന്നിവരും പോർച്ചുഗലിനായി ലക്ഷ്യം കണ്ടപ്പോള്‍ ഒരു ഗോള്‍ ഉസ്ബെക്കിസ്ഥാന്റെ സെല്‍ഫ് ഗോളായിരുന്നു. ഈ വിജയത്തോടെ ഗ്രൂപ്പ് കെയില്‍ ഒന്നാമത് എത്തിയ പോർച്ചുഗലിന് കൊളംബിയക്കെതിരെയാണ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം.

