Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചട്ടമ്പിസ്വാമികള്‍ എന്ന ജ്ഞാനസൂര്യന്‍ -2

ചട്ടമ്പിസ്വാമികള്‍ എന്ന ജ്ഞാനസൂര്യന്‍ -2

ഡോ. എ.എം. ഉണ്ണിക്കൃഷ്ണന്‍/ ശ്യാംകൃഷ്ണ

ശ്രീചട്ടമ്പിസ്വാമികളുടെ ഗൃഹസ്ഥശിഷ്യന്മാരില്‍ പ്രഥമഗണനീയനായ ശ്രീനാരായണതീര്‍ത്ഥപാദരുടെ മകളുടെ മകന്‍.

ആദ്ധ്യാത്മികതയില്‍ വേരൂന്നിയ കുടുംബത്തില്‍ പിറന്ന അങ്ങയ്‌ക്ക് കുട്ടിക്കാലത്തുണ്ടായ വേറിട്ട ഏതെങ്കിലും ആത്മീയാനുഭവങ്ങള്‍ ഓര്‍ത്തെടുക്കാന്‍ സാധിക്കുമോ?

= സാധാരണമായ അന്തരീക്ഷമായിരുന്നു ഞങ്ങളുടെ കുടുംബത്തിലേത്. എങ്കിലും ആദ്ധ്യാത്മികതയ്‌ക്ക് മുന്‍തൂക്കമുണ്ടായിരുന്നുവെന്ന് പിന്നീട് മനസ്സിലായിട്ടുണ്ട്. ശ്രീചട്ടമ്പിസ്വാമികളുടെ ഗൃഹസ്ഥശിഷ്യനായ ശ്രീനാരായണതീര്‍ത്ഥപാദരുടെ മൂത്തമകളാണ് എന്റെ അമ്മ. വിഷാദമോ ഗൗരവമോ എന്നു തിരിച്ചറിയാനാകാത്ത ഒരു മുഖഭാവമായിരുന്നു അമ്മയ്‌ക്ക്. ഞങ്ങളെല്ലാവരും ഉണരുന്നത് അമ്മയുടെ നാമജപമോ കീര്‍ത്തനാലാപമോ കേട്ടുകൊണ്ടായിരുന്നു. അതിരാവിലെ, മറ്റാരെയുംകാള്‍ മുന്‍പേ ഉണരുന്ന അമ്മ അടുക്കളയില്‍ ജോലി തുടങ്ങുന്നതു തന്നെ ഇങ്ങനെയായിരുന്നു.

മുക്കാല്‍ നൂറ്റാണ്ട് മുന്‍പ് സ്‌കൂള്‍ ഫൈനല്‍പ്പരീക്ഷ ഉന്നതനിലയില്‍ വിജയിച്ച വ്യക്തിയാണ് എന്റെ അമ്മ. അമ്മയുടെ അറിവിന്റെ ലോകം വിശാലമായിരുന്നു. മറ്റു സ്ത്രീകളില്‍നിന്നു വ്യത്യസ്തമായി അത് ദാര്‍ശനികമായിരുന്നു. തമിഴ്, സംസ്‌കൃതകൃതികളും അവയിലെ ഉദാഹരണങ്ങളും ഉദ്ധരണികളുമെല്ലാം അമ്മയുടെ സംഭാഷണങ്ങളില്‍ ഇടംപിടിച്ചിരുന്നു. സത് സ്വഭാവവും പഠനത്തില്‍ ശ്രദ്ധയും ഉണ്ടാവണമെന്ന് അമ്മയാണ് പലപ്പോഴും ഓര്‍മിപ്പിച്ചിട്ടുള്ളത്.

ശ്രീരാമന്‍, ശ്രീകൃഷ്ണന്‍, ശ്രീപരമേശ്വരന്‍ എന്നിവ പോലെ ഈശ്വരീയമായ മറ്റൊന്നായിട്ടാണ് ചട്ടമ്പിസ്വാമികള്‍ എന്ന പേര് വീട്ടില്‍ കേട്ടിട്ടുള്ളത്. അത് അപ്പൂപ്പനായ ശ്രീനാരായണതീര്‍ത്ഥപാദര്‍ക്ക് ചട്ടമ്പിസ്വാമികളുമായുണ്ടായിരുന്ന ആത്മീയബന്ധത്തിന്റെ ഫലമാണ്. സ്വാഭാവികമായിത്തന്നെ ഭക്തിയും ആദ്ധ്യാത്മികതയും കുട്ടിക്കാലത്തേ എന്റെ ഉള്ളിലുറച്ചിട്ടുണ്ട്. മധ്യവേനലവധിക്കാലത്ത് ഞാനും അനിയനും വെവ്വേറെ അമ്പലങ്ങള്‍ ഉണ്ടാക്കി പ്രതിഷ്ഠ, പൂജ, ഒടുവില്‍ വിഗ്രഹനിമജ്ജനം ഒക്കെ നടത്തുമായിരുന്ന ഒരു വിനോദം മനസ്സില്‍ തങ്ങിനില്‍ക്കുന്നുണ്ട്.

മഹാഗുരു ശ്രീനാരായണതീര്‍ത്ഥപാദരെ, പൗത്രനെന്ന നിലയില്‍ അങ്ങെങ്ങനെ അടയാളപ്പെടുത്തും?

= അദ്ധ്യാപകന്‍, ഹെഡ്മാസ്റ്റര്‍ എന്നീ നിലകളില്‍ ഔദ്യോഗികജീവിതം നയിച്ച വി.എ. നാരായണപിള്ളയാണ് ഞങ്ങളുടെ മാതാമഹന്‍. ചട്ടമ്പിസ്വാമികളുടെ അനുഗ്രഹംകൊണ്ടാണ് അദ്ദേഹം ശ്രീനാരായണതീര്‍ത്ഥപാദരായത്. കൊല്ലവര്‍ഷം 1069 മിഥുനം 13ന് (1894) ചതയം നക്ഷത്രത്തിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ അച്ഛന്‍ എസ്. ഗോവിന്ദപ്പിള്ള തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ സ്ഥിതിചെയ്യുന്നിടത്തുണ്ടായിരുന്ന വയല്‍വീട്ടിലെ അംഗമായിരുന്നു. അമ്മയുടെ സ്വദേശം നെയ്യാറ്റിന്‍കരയ്‌ക്കടുത്ത് വെണ്‍പകലാണ്.

പഠനത്തില്‍ അതിസമര്‍ത്ഥനായിരുന്നു നാരായണപിള്ള. തിരുവിതാംകൂറിലെ ഏഴാം ക്ലാസ് സര്‍ക്കാര്‍പ്പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി മഹാരാജാവില്‍നിന്ന് സ്വര്‍ണമെഡല്‍ കൈപ്പറ്റാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. എങ്കിലും എഫ് എ (ഫസ്റ്റ് എക്‌സാമിനേഷന്‍ ഇന്‍ ആര്‍ട്‌സ്, ഇന്നത്തെ പ്ലസ് ടു) വരെ പഠിക്കാനേ കഴിഞ്ഞുള്ളൂ. വീട്ടിലെ സാമ്പത്തികനില ദുര്‍ബലമായിരുന്നു. എന്നിരുന്നാലും മുമുക്ഷുവായ നാരായണപിള്ള സ്വപ്രയത്‌നംകൊണ്ട് മലയാളം, തമിഴ്, സംസ്‌കൃതം, ഇംഗ്ലീഷ് എന്നീ ഭാഷകളിലും തത്ത്വചിന്ത, വേദാന്തം മുതലായവയിലും നല്ല വ്യുത്പത്തി കൈവരിച്ചു. കൊല്ലവര്‍ഷം 1096 ല്‍ (1922) നാരായണപിള്ളയ്‌ക്ക് ചട്ടമ്പിസ്വാമികളെ കാണാന്‍ ഭാഗ്യമുണ്ടായി. പിന്നീട് ആ ബന്ധം സുദൃഢമായി. സ്വാമികള്‍ തീരെ ചുരുക്കം ശിഷ്യന്മാര്‍ക്കു മാത്രം ഉപദേശിച്ചുകൊടുത്തിട്ടുള്ള ബാലാസുബ്രഹ്‌മണ്യമന്ത്രവും കവചവും നാരായണപിള്ളയ്‌ക്കും ഉപദേശിച്ചുകൊടുത്തു. ഒഴിവിലൊടുക്കം, കൈവല്യനവനീതം, സ്വരൂപസാരം തുടങ്ങിയ പ്രൗഢഗ്രന്ഥങ്ങളുടെ സാരവും പകര്‍ന്നുനല്‍കുകയുണ്ടായി. അറിവിന്റെ അവതാരമായ ചട്ടമ്പിസ്വാമികളില്‍നിന്നു നേരിട്ടു മന്ത്രോപദേശം സിദ്ധിച്ച നാരായണപിള്ളയ്‌ക്ക് ജ്ഞാനസായുജ്യം നേടാനായി. സ്വാമികളോടൊപ്പം വസിച്ച്‌ ആ കൃപാകടാക്ഷത്തിന് പാത്രമാകാനും ഭാഗ്യം കിട്ടി. അവര്‍ തമ്മില്‍ കത്തിടപാടുകളും നടന്നിട്ടുണ്ട്. ആ കത്തുകളില്‍ ചിലത്, പുസ്തകത്തിലും മറ്റും പ്രസിദ്ധീകരിച്ചവ, ഞാന്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്.

ജീവിതാന്തം വരെ ഗുരൂപദേശമനുസരിച്ച്‌ അദ്വൈതവേദാന്തമാര്‍ഗ്ഗത്തില്‍ സഞ്ചരിച്ച ശ്രീനാരായണതീര്‍ത്ഥപാദര്‍ ഒഴിവിലൊടുക്കം അഥവാ ശിവബോധചന്ദ്രിക, താണ്ഡവരായരുടെ കൈവല്യനവനീതം, സ്വരൂപസാരം എന്നീ വ്യാഖ്യാനഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. 1973 ഒക്ടോബര്‍ 24നാണ് തീര്‍ത്ഥപാദര്‍ അന്തരിച്ചത്. മരണത്തെക്കുറിച്ച്‌ അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉച്ചയ്‌ക്കു പന്ത്രണ്ടുമണിയായപ്പോള്‍ ‘സമയമായിവരുന്നു’ എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം ചെന്നു കട്ടിലില്‍ കിടന്നു. പത്തുപതിനഞ്ചു മിനിറ്റുനേരം ശാന്തനായിക്കിടന്ന ശേഷം ആ കണ്ണുകള്‍ അടഞ്ഞു. മക്കളും മറ്റു ബന്ധുക്കളും അടുത്തുണ്ടായിരുന്നു.

പൂര്‍വകര്‍മസുകൃതത്താല്‍ യോഗ്യമായ മനുഷ്യജന്മമുണ്ടാകുന്നു. ഗുരുലാഭത്തോടെ അത് സമ്പൂര്‍ണ്ണമാകുന്നു. ജ്ഞാനപക്വതയാല്‍ ആ ജീവന്‍ സായുജ്യം പ്രാപിക്കുന്നു. ഭാരതീയവേദാന്തശാസ്ത്രം അനുശാസിക്കുന്ന സാക്ഷാത്കാരമാര്‍ഗമാണിത്. നമ്മുടെ ഗുരുപരമ്പര ഉപദേശിക്കുന്ന അതേ സത്യപഥം. ആ മാര്‍ഗാവലംബിയായ സാത്വികനായിരുന്നു ശ്രീനാരായണതീര്‍ത്ഥപാദര്‍.

അങ്ങയുടെ ബാല്യത്തെക്കുറിച്ചും വിദ്യാഭ്യാസകാലത്തെക്കുറിച്ചും പറയാമോ?

= താണ ഇടത്തരം കര്‍ഷകകുടുംബമായിരുന്നു ഞങ്ങളുടേത്. അച്ഛന്‍ പി. മാധവന്‍നായര്‍ കര്‍ഷകന്‍. അമ്മ ബി. അരുന്ധതിയമ്മ വീട്ടമ്മ. ഞങ്ങള്‍ അഞ്ചുമക്കള്‍. നാലാണും ഒരു പെണ്ണും. ഞാന്‍ നാലാമത്തെ സന്താനമാണ്. കുറച്ചുഭൂമിയുടെ ഉടമകളായിരുന്നെങ്കിലും വരുമാനമില്ലാത്തതിനാല്‍ എന്നും അരിഷ്ടിച്ചാണ് കഴിഞ്ഞുപോന്നത്. അന്ന് ആളുകള്‍ക്കിടയില്‍ ജാതീയമായ വേര്‍തിരിവുകള്‍ ഉണ്ടായിരുന്നു.

സ്‌കൂളില്‍ എല്ലാ ക്ലാസിലും ഞാന്‍ മിക്കവാറും ഒന്നാമനായിരുന്നു. കലാസാഹിത്യപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരുന്നു. മത്സരങ്ങളില്‍ ധാരാളം സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രീഡിഗ്രി-ഡിഗ്രി കാലങ്ങളില്‍ പഠിത്തത്തില്‍ അത്ര മുന്നിലായിരുന്നില്ല. ഇടത്തരക്കാരന്റെ അന്തര്‍മുഖത്വവും പരിമിതികളും ദുഃസ്വാതന്ത്ര്യങ്ങളിലേക്കും ഒഴിഞ്ഞുമാറലിലേക്കുമൊക്കെ കൊണ്ടെത്തിച്ചിട്ടുണ്ട്. എംഎ മലയാളത്തിന് കേരളസര്‍വകലാശാലയില്‍നിന്ന് ഒന്നാം റാങ്ക് നേടിയാണ് വിജയിച്ചത്. വൈകാതെ കോളജ് അദ്ധ്യാപകനിയമനം ലഭിക്കുകയും ചെയ്തു. അദ്ധ്യാപകനായിരിക്കെയാണ് എംഫില്‍; പിഎച്ച്‌ഡി ബിരുദങ്ങള്‍ നേടിയതും യുജിസി റിസര്‍ച്ച്‌ അവാര്‍ഡ് ലഭിച്ച്‌ പോസ്റ്റ് ഡോക്ടറല്‍ ഗവേഷണം നടത്തിയതും.

ജ്ഞാനസൂര്യനും പരിപൂര്‍ണ്ണകലാനിധിയുമായ ചട്ടമ്പിസ്വാമികളുടെ സമഗ്രസംഭാവനകളെക്കുറിച്ച്‌ സംഗ്രഹിക്കാമോ?

= അറിവിന്റെ അവതാരവും പരിപൂര്‍ണതയുടെ പര്യായവുമാണ് ചട്ടമ്പിസ്വാമികള്‍. സ്വാമികളെപ്പോലെ സ്വതഃപ്രാമാണ്യമുള്ള മറ്റൊരാള്‍ അദ്ദേഹത്തിനു മുന്‍പോ പിന്‍പോ കേരളത്തില്‍ പിറന്നിട്ടില്ല. താന്‍ ജീവിച്ച സ്ഥലവും കാലവുമായി ബന്ധപ്പെട്ട സകലതിന്മകളെയും ഏകനായി അരിഞ്ഞുവീഴ്‌ത്തിയ മഹാവിപ്ലവകാരിയാണദ്ദേഹം. സമുദായപിന്തുണയോ സംഘടനാശക്തിയോ അധികാരത്തിന്റെ ആനുകൂല്യമോ സമ്പത്തിന്റെ പിന്‍ബലമോ യാതൊന്നുമില്ലാതെ, അറിവ് എന്ന മഹായുധം ഉപയോഗിച്ച്‌ ലോകത്തെ പ്രകാശിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ചരിത്രത്തില്‍ അതുല്യനായത്. പരിപൂര്‍ണാര്‍ത്ഥത്തില്‍ സ്വയംനിര്‍മിത വ്യക്തിയായിരുന്നു ചട്ടമ്പിസ്വാമികള്‍ എന്ന ചരിത്രപുരുഷന്‍.

കാവിയുടുക്കാത്ത സംന്യാസി, ആശ്രമമോ സംഘടനയോ സ്ഥാപിക്കാത്ത ആചാര്യന്‍, സ്വത്തോ പദവിയോ കൈയേല്‍ക്കാത്ത പരിത്യാഗി എന്നിങ്ങനെ വിവിധനിലകളിലാണ് ഈ അസാധാരണ മഹര്‍ഷീശ്വരന്റെ ലോകചര്യകള്‍ പ്രത്യക്ഷമായിത്തീര്‍ന്നത്.

സാധാരണ സംന്യാസിമാരുടെ ഭൗതികസംഭാവനകള്‍ മൂന്നുവിധത്തിലാണ് ലോകത്തില്‍ പ്രകടമാവുക. സാഹിത്യം, തത്ത്വചിന്ത, ചരിത്രനിര്‍മാണം എന്നിങ്ങനെ. എന്നാല്‍ ചട്ടമ്പിസ്വാമികളുടെ ബൃഹത്തായ സംഭാവനകള്‍ ഇവയ്‌ക്കു പുറമെ അസംഖ്യമുണ്ട്. കവി, വിവര്‍ത്തകന്‍, കലാമര്‍മ്മജ്ഞന്‍, മര്‍മ്മവിദഗ്ധന്‍, ജീവകാരുണ്യപ്രവാചകന്‍, നവോത്ഥാന നായകന്‍ തുടങ്ങിയതൊക്കെ പലര്‍ക്കുമറിയാം. ഇവയ്‌ക്കെല്ലാമപ്പുറം ഗവേഷകന്‍, ചരിത്രകാരന്‍, വൈയാകരണന്‍, ഭാഷാശാസ്ത്രജ്ഞന്‍, ചിത്രകാരന്‍, സാഹിത്യവിമര്‍ശകന്‍, പാഠവിമര്‍ശകന്‍, നാട്ടറിവുപണ്ഡിതന്‍, സംസ്‌കാരപഠനത്തിന്റെ ഉദ്ഘാടകന്‍, പരിസ്ഥിതി-ലിംഗനീതീവിജ്ഞാനീയങ്ങളുടെ തുടക്കക്കാരന്‍ എന്നിങ്ങനെ ഒട്ടേറെ വിശേഷണങ്ങള്‍ കൂടിയുണ്ട് ചട്ടമ്പിസ്വാമികള്‍ക്ക്. ചുരുക്കത്തില്‍ കേരളീയധൈഷണിക ചരിത്രത്തിലെ അപൂര്‍വതയും അനന്വയവുമാണ് ഈ ജ്ഞാനസൂര്യന്‍.
ചട്ടമ്പിസ്വാമികളുടെ ബ്രഹ്‌മസാക്ഷാത്കാരം, മഹാസമാധി എന്നീ അനുഭവങ്ങള്‍ പൊതുസ്ഥലത്തുവച്ച്‌ പകല്‍വെളിച്ചത്തില്‍ സംഭവിച്ചവയാണെന്ന പ്രത്യേകതയുമുണ്ട്. ഇതെല്ലാം പറയാന്‍ എന്നെപ്പോലുള്ളവര്‍ക്കാവില്ല. അതു വ്യക്തമാക്കിത്തന്നത് ശ്രീനാരായണഗുരുവാണ്. ചട്ടമ്പിസ്വാമികളുടെ മഹാസമാധിവാര്‍ത്ത കേട്ടുടന്‍ ഗുരു രചിച്ച ആ രണ്ടു സംസ്‌കൃതശ്ലോകങ്ങള്‍ നാം പഠിച്ചാല്‍ എല്ലാം വ്യക്തമാകും.

ജീവിതത്തിലെ യാത്രകളെക്കുറിച്ച്‌, പ്രത്യേകിച്ച്‌ അങ്ങയുടെ ആത്മീയയാത്രകളെക്കുറിച്ച്‌ വിശദീകരിക്കാമോ? അന്തര്‍ലീനമായ മനോഭ്രമത്തില്‍ തളയ്‌ക്കപ്പെട്ട മനുഷ്യന്‍ ബാഹ്യമായ യാത്രകള്‍കൊണ്ടെന്തു നേടുന്നു?

= കാല്‍നൂറ്റാണ്ടുകാലം യാത്ര തന്നെയായിരുന്നു ജീവിതത്തില്‍ അധികം. 1987ല്‍ പാമ്പാടിയില്‍ കോളജ് അദ്ധ്യാപകനായതു മുതല്‍ 2016ല്‍ കാസര്‍കോട് കേന്ദ്രസര്‍വകലാശാലയില്‍നിന്നു മടങ്ങിപ്പോരുന്നതു വരെയുള്ള ഘട്ടം. ആഴ്ചയില്‍ രണ്ടും മൂന്നും വരെയുണ്ടായ ദീര്‍ഘയാത്രകള്‍. അവയെ യാത്രകള്‍ എന്നല്ല പറയേണ്ടത്, പരക്കംപാച്ചില്‍ എന്നാണ്. അത്രമാത്രം മാനസികസമ്മര്‍ദ്ദവും പ്രയാസങ്ങളും സഹിച്ച സന്ദര്‍ഭങ്ങളായിരുന്നു. അതുകൊണ്ട് യാത്ര എനിക്ക് അത്ര പഥ്യമല്ലാതായിപ്പോയി.

ആത്മീയയാത്ര എന്നതുകൊണ്ട് പലപ്പോഴും നാം ഉദ്ദേശിക്കുന്നത് തീര്‍ത്ഥാടനവും മറ്റുമാണല്ലോ. അവ കുറച്ചു നടത്തിയിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥ ആത്മീയയാത്ര നടത്തുന്നത് ശരീരംകൊണ്ടല്ല എന്നതാണു വാസ്തവം. മനസ്സുകൊണ്ടാണ് അതില്‍ നാം സഞ്ചരിക്കുന്നത്. മനോഭ്രമത്തില്‍പെട്ടു നടത്തുന്ന ബാഹ്യസഞ്ചാരങ്ങള്‍ സ്വാസ്ഥ്യം കെടുത്തുകയാണ് ചെയ്യുന്നത്; തനിക്കും മറ്റുള്ളവര്‍ക്കും.
(തുടരും)

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily