Friday, 27 Nov, 5.56 am ജന്മഭൂമി

ലേറ്റസ്റ്റ് ന്യൂസ്
ചെകുത്താനും ദൈവത്തിനുമിടയിലെ നാലു മിനിറ്റ്

മെക്‌സിക്കോ നഗരത്തിലെ അസ്‌ടെക്ക് സ്‌റ്റേഡിയം ഒരു നിമിഷം തല കുനിച്ചു. ചരിത്രത്തില്‍ നാണക്കേടിന്റെ കഥ പേറിയ ലജ്ജയോടെ. അല്‍പ്പായുസ്സു മാത്രമായിരുന്നു ആ നാണക്കേടിന് കാലാവധി. എന്നും ഒറ്റയ്ക്ക് പോരാട്ടം നയിച്ച്‌ ശീലമുള്ള ഡീഗോയ്ക്ക് 1986 ജൂണ്‍ 22, മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് ഓടിക്കയറിയ ദിവസമാണ്.

വമ്ബന്‍ താരനിരയടങ്ങിയ ഇംഗ്ലണ്ട് പ്രതിരോധത്തെ പൊട്ടനാക്കിയും പിന്നീട് നിശബ്ദനാക്കിയും ഡീഗോ മറഡോണയെന്ന അപൂര്‍വ പ്രതിഭാസം മിന്നിത്തിളങ്ങിയ 1986 ഫിഫ ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം. ശക്തമായ ടീമായിരുന്നു ഇംഗ്ലണ്ട്, കിരീടം ലക്ഷ്യം വച്ച രാജ്യം. മറഡോണയുടെ കരുത്തിലെത്തിയ അര്‍ജന്റീന ആദ്യ പകുതിയില്‍ പുറത്തെടുത്തത് ശരാശരി പ്രകടനം. രണ്ടാം പകുതിയിലേക്ക് നീങ്ങിയതോടെ നാടകീയത നിറഞ്ഞു. 52-ാം മിനിറ്റില്‍ അഞ്ചടി അഞ്ചിഞ്ചുകാരനായ ഡീഗോ അത്ഭുതം കാട്ടി. താരതമ്യേന കുള്ളനായ ഡീഗോയ്ക്ക് ഗോളിക്ക് മുകളില്‍ ഉയര്‍ന്നു ചാടുക അസാധ്യമായിരുന്നു. ഇംഗ്ലീഷ് പ്രതിരോധത്തെ പിടിച്ചുകുലുക്കിയ ഡീഗോ ആ അസാധ്യം സാധ്യമാക്കിയെന്ന് തോന്നിച്ച നിമിഷം. എന്നാല്‍, പന്ത് വല തൊട്ടതോടെ ഇംഗ്ലീഷ് പ്രതിരോധ നിര ഒന്നടങ്കം ആക്രോശത്തോടെ റഫറിക്ക് മുന്നില്‍ ഓടിയടുത്തു. പന്ത് കൈയില്‍ തട്ടിയെന്ന ഇംഗ്ലീഷ് നിരയുടെ ആരോപണം റഫറി പാടേ തള്ളി. ഒരു ജനതയാകെ പൊട്ടിത്തെറിച്ച നിമിഷം. സഹതാരങ്ങള്‍ പോലും ഡീഗോയ്‌ക്കൊപ്പം ഗോളാഘോഷിക്കാതെ ഒരു നിമിഷം തരിച്ചു നിന്നു.

ഇംഗ്ലണ്ട് പ്രതിരോധത്തെ മറികടന്ന് നേടിയ നൂറ്റാണ്ടിലെ മികച്ചതെന്ന് വിഖ്യാതമായ ഗോള്‍

എന്നാല്‍, ഫുട്‌ബോളിനെ ജീവനുതുല്യം സ്‌നേഹിക്കുന്ന അര്‍ജന്റീനിയന്‍ ആരാധകര്‍ക്ക് ഏറെ ദുഃഖിക്കേണ്ടി വന്നില്ല. നാല് മിനിറ്റുകള്‍ക്കിപ്പുറം വില്ലനില്‍ നിന്ന് നായകനിലേക്ക് ചിറകുവിരിച്ച മറഡോണ നാണക്കേടിന്റെ കറ മനോഹരമായി നീക്കി. സ്വന്തം പകുതിയില്‍ നിന്ന് എതിര്‍ ഗോള്‍മുഖത്തേക്ക് നടത്തിയ മിന്നലാക്രമണം അത്രമേല്‍ മനോഹരമായിരുന്നു. ഇംഗ്ലണ്ടിന്റെ നാല് പ്രതിരോധ താരങ്ങളെ നിശബ്ദരാക്കി, സെക്കന്‍ഡുകള്‍ക്കുള്ളില്‍ പെനാല്‍റ്റി ബോക്‌സില്‍ ഡീഗോ കുതിച്ചെത്തി. ആദ്യം പീറ്റര്‍ ബിയേഡ്സ്ലിയെ. പിന്നെ പീറ്റര്‍ റീഡ്, അതുകഴിഞ്ഞ് രണ്ട് തവണ ടെറി ബുച്ചറെ. പിന്നെ ടെറി ഫെന്‍വിക്ക്. ഒടുവില്‍ ഇടംകാലിന്റെ മാന്ത്രികത ഷില്‍ട്ടണെയും വരിഞ്ഞുമാറ്റിയതോടെ അപൂര്‍വഗോളിന്റെ പിറവി. രാജ്യം വീണ്ടെടുത്ത രാജാവിനെപ്പോലെ മറഡോണ ഒരു നിമിഷം നിവര്‍ന്നു നിന്നു.

52-ാം മിനിറ്റിലെ ആ ചെകുത്താന്‍ നാല് മിനിറ്റുകള്‍ക്കിപ്പുറം ദൈവമായ നിമിഷം. നാല് ദിവസങ്ങള്‍ക്കിപ്പുറം ബല്‍ജിയത്തിനെതിരെ നടന്ന സെമിയില്‍ ഡീഗോയുടെ മാന്ത്രികത വീണ്ടും ഫുട്‌ബോള്‍ ലോകം കണ്ടറിഞ്ഞു. 63-ാം മിനിറ്റില്‍ ബല്‍ജിയം പ്രതിരോധ നിരയെ ഒറ്റയ്ക്ക് കീഴടക്കിയ ഡീഗോ എതിര്‍ മുഖത്ത് വിള്ളല്‍ വീഴ്ത്തി. ബല്‍ജിയത്തിന്റെ പെനാല്‍റ്റി ബോക്‌സിലേക്കടുക്കുമ്ബോള്‍ ലൂയിസ് സുസിഫോയ്ക്ക് ഒറ്റ ലക്ഷ്യമേ ഉണ്ടായുള്ളു. മറഡോണക്ക് പന്ത് മറിച്ച്‌ നല്‍കുക. ആ ജോലി കൃത്യമായി നിറവേറ്റി. പിന്നീട് നടന്നതെല്ലാം ഫുട്‌ബോള്‍ ദൈവത്തിന്റെ മാന്ത്രികതയാണ്. പ്രതിരോധനിരയെ ഒന്നടങ്കം വെട്ടിമാറ്റി, ഗോളിയെ നോക്കിനിര്‍ത്തി ഇടം കാലുകൊണ്ടു സൈ്വപ്പ് ചെയ്ത അപൂര്‍വ മുഹൂര്‍ത്തം. ഒരുപക്ഷെ നൂറ്റാണ്ടിന്റെ ഗോളായി തെരഞ്ഞെടുക്കാന്‍ പോലും ആവശ്യമുയര്‍ന്ന ആ അപൂര്‍വ ഗോള്‍ ചരിത്രത്തിന്റെ ഭാഗമാണ്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Janmabhumi Daily
Top