Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചെറുതല്ല ഇതിഹാസതാരത്തിന്റെ അഭാവം; പ്രകടനത്തില്‍ പതറിയും വാക്കുകളില്‍ വിതുമ്പിയും മനുഭാക്കര്‍

ചെറുതല്ല ഇതിഹാസതാരത്തിന്റെ അഭാവം; പ്രകടനത്തില്‍ പതറിയും വാക്കുകളില്‍ വിതുമ്പിയും മനുഭാക്കര്‍

നാഗോയ: ഏഷ്യന്‍ ഗെയിംസിലെ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ മെഡല്‍ ലഭിക്കാതെ അഞ്ചാം സ്ഥാനത്തേക്ക് തള്ളപ്പെട്ടെങ്കിലും, വികാരഭരിതമായ വാക്കുകളോടെ ആരാധകരുടെ മനസ്സ് കീഴടക്കി ഭാരതത്തിന്റെ ഒളിംപിക് മെഡല്‍ ജേതാവ് മനു ഭാക്കര്‍.

മത്സര ശേഷം അന്തരിച്ച തന്റെ പ്രിയ പരിശീലകനും ഇതിഹാസ താരവുമായ ജസ്പാല്‍ റാണയെ ഓര്‍ത്തെടുത്താണ് മനു മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിതുമ്പിയത്.

മെഡല്‍ റൗണ്ടില്‍ നിന്നും പുറത്തായപ്പോഴും നിശ്ചലയായി നിന്ന മനു, ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് അന്തരിച്ച ജസ്പാല്‍ റാണയുടെ പേര് ഉയര്‍ന്നുവന്നതോടെ വികാരങ്ങള്‍ നിയന്ത്രിക്കാനാവാതെ പൊട്ടിക്കരഞ്ഞു. ജസ്പ്രീതിന്റെ വിയോഗത്തിന് ശേഷം മനു പങ്കെടുക്കുന്ന ആദ്യ വലിയ മള്‍ട്ടി സ്പോര്‍ട്സ് ഇവന്റാണിത്. ‘കഴിയുന്നത്ര മികച്ച പ്രകടനം തന്നെയാണ് നല്‍കാന്‍ ശ്രമിച്ചത്. ജപ്പാനില്‍ പരിശീലന സമയത്ത് നേരിട്ട വെല്ലുവിളികളെക്കാള്‍ മികച്ച പ്രകടനമാണ് ഇവിടെ നടത്താനായത് എന്ന് വിശ്വസിക്കുന്നു. പോഡിയത്തില്‍ എത്താന്‍ സാധിക്കാത്തതില്‍ അതിയായ വിഷമമുണ്ട്. എന്നാല്‍ ഭാവിയില്‍ ഇതിലും മികച്ച പ്രകടനം നടത്താന്‍ സാധിക്കുമെന്ന പൂര്‍ണ്ണ പ്രതീക്ഷയുണ്ട്’ – മനു ഭാക്കര്‍ പറഞ്ഞു.

ഫൈനലില്‍ എട്ടാമത്തെ ഷോട്ടില്‍ 8.9 പോയിന്റായതാണ് മത്സരത്തില്‍ മനുവിന്റെ വിധി നിര്‍ണയിച്ചത്. ആ ഒരു ഷോട്ട് വിജയിക്കാനുള്ള സാധ്യതകളെ വലിയ തോതില്‍ ബാധിച്ചുവെന്ന് മനു പറഞ്ഞു.

മത്സരത്തിന് മുന്‍പുള്ള പരിശീലന സമയത്ത് കാഴ്ചയില്‍ ചില ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നുവെന്നും താരം വെളിപ്പെടുത്തി. എങ്കിലും ഭോപ്പാലില്‍ നടത്തിയ പരിശീലന മത്സരങ്ങളെക്കാള്‍ മെച്ചപ്പെട്ട പ്രകടനമാണ് ഏഷ്യന്‍ ഗെയിംസ് ഫൈനലില്‍ പുറത്തെടുത്തത്. തന്റെ നിലവിലെ കോച്ചായ സെര്‍ബിയന്‍ വിദഗ്ധ യെലേന അരുണോവിച്ചിനും ഭാരതത്തിന്റെ സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്കും മനു നന്ദി അറിയിച്ചു.

25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് മനുവിന് ഇനി മത്സരിക്കാനിരിക്കുന്നത്. ഈ വിഭാഗത്തില്‍ ഭാരതത്തിന്റെ സ്വര്‍ണ്ണ പ്രതീക്ഷ കൂടിയാണ് താരം.

10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മെഡലില്ലാതെ താരങ്ങള്‍

ഏഷ്യന്‍ ഗെയിംസിലെ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഭാരതത്തിന് തിരിച്ചടി. വ്യക്തിഗത ഇനത്തില്‍ ഒളിംപിക് മെഡല്‍ ജേതാവായ മനു ഭാക്കര്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ ടീം ഇനത്തിലും ഭാരതത്തിന് മെഡല്‍ നേടാനായില്ല.

ഫൈനല്‍ യോഗ്യതാ റൗണ്ടില്‍ 579 പോയിന്റോടെ മൂന്നാം സ്ഥാനക്കാരിയായാണ് 24കാരിയായ മനു ഭാക്കര്‍ ഫൈനലിലേക്ക് മുന്നേറിയത്. എന്നാല്‍ എട്ട് പേര്‍ പങ്കെടുത്ത ഫൈനല്‍ പോരാട്ടത്തില്‍ 181.1 പോയിന്റോടെ താരം അഞ്ചാം സ്ഥാനത്ത് മത്സരം അവസാനിപ്പിച്ചു. പാരിസ് ഒളിംപിക്‌സില്‍ വ്യക്തിഗത വിഭാഗത്തിലും മിക്‌സഡ് ടീം വിഭാഗത്തിലും വെങ്കലം നേടിയ മനുവിന് ഏഷ്യന്‍ ഗെയിംസില്‍ പ്രതീക്ഷിച്ച മുന്നേറ്റം നടത്താന്‍ കഴിഞ്ഞില്ല. ഇനി മത്സരിക്കാനിരിക്കുന്ന 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ മനു ഭാക്കറിലാണ് ഭാരതം മെഡല്‍ പ്രതീക്ഷ വയ്‌ക്കുന്നത്.

മറ്റു ഭാരത താരങ്ങളില്‍ ഇഷാ സിങ് യോഗ്യതാ റൗണ്ടില്‍ 572 പോയിന്റോടെ 15-ാം സ്ഥാനത്തും സുരുചി സിങ് 568 പോയിന്റോടെ 26-ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. ഇരുവര്‍ക്കും ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടാനായില്ല. ടീം വിഭാഗത്തില്‍ വളരെ നേരിയ വ്യത്യാസത്തിലാണ് ഭാരത വനിതാ ടീമിന് വെങ്കല മെഡല്‍ നഷ്ടമായത്. മത്സരം അവസാനിച്ചപ്പോള്‍ ഭാരതവും വിയറ്റ്‌നാമും 1719 പോയിന്റുകള്‍ വീതം നേടി തുല്യത പാലിച്ചെങ്കിലും, കൂടുതല്‍ ‘ഇന്നര്‍ 10’ സ്‌കോര്‍ ചെയ്തതിന്റെ മികവില്‍ വിയറ്റ്‌നാം വെങ്കല മെഡല്‍ സ്വന്തമാക്കുകയായിരുന്നു. നിലവില്‍ ഷൂട്ടിങ് ഇനങ്ങളില്‍ നിന്ന് നാല് വെള്ളിയും മൂന്ന് വെങ്കലവുമടക്കം ഏഴ് മെഡലുകളാണ് ഭാരതം നേടിയെങ്കിലും സ്വര്‍ണ്ണ മെഡല്‍ വരള്‍ച്ച തുടരുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily