Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചിത്രരാമായണം 22: ലങ്കാദഹനം

ചിത്രരാമായണം 22: ലങ്കാദഹനം

തീ കൊളുത്താനായി രാക്ഷസന്മാര്‍ ഹനുമാന്റെ വാലില്‍ എണ്ണയില്‍ മുക്കിയ തുണികള്‍ ചുറ്റി. പക്ഷേ ഹനുമാന്റെ വാല്‍ അത്ഭുതകരമായി നീണ്ടു വളര്‍ന്നുവന്നു.

അവിടെയുള്ള തുണിക്കഷണങ്ങള്‍ പോരാതെ വന്നു. അതില്‍ നിരാശയോടെ രക്ഷസന്മാര്‍ വാലിന് തീ കൊടുത്തു. രാത്രിയില്‍ വന്ന കള്ളനാണെന്ന് വിളിച്ച്‌ പറഞ്ഞു ചെണ്ടമേളത്തോടെ ലങ്കാനഗരത്തിലൂടെ നടത്തിക്കൊണ്ടുപോയി. നഗരത്തിന്റെ കിഴക്കേ കവാടത്തില്‍ എത്തിയപ്പോള്‍ ഹനുമാന്‍, സ്വന്തം രൂപത്തെ വളരെ ചെറുതാക്കി തന്നെ ചുറ്റിക്കെട്ടിയ കയറുകളില്‍നിന്ന് രക്ഷപ്പെട്ടു പുറത്തുവന്നു. ആദ്യംതന്നെ കാവല്‍ക്കാരെ കൊന്നു. പിന്നെ വാലില്‍ കൊളുത്തിയ തീയുമായി വജ്രമണികളാല്‍ അലങ്കൃതമായ ഗോപുരത്തിന്റെ മുകളിലേക്ക് ചാടിക്കയറി നഗരം മുഴുവന്‍ കത്തിക്കാന്‍ തുടങ്ങി. ഹനുമാന്റെ വാലില്‍നിന്നുള്ള തീജ്വാലകള്‍ രാജപ്രാസാദങ്ങളും രഥങ്ങളും ആയുധശാലകളും ചുട്ടുനശിപ്പിച്ചു. മൃഗങ്ങള്‍ ഭയഭീതരായി ഓടി. സ്ത്രീകള്‍ അലമുറയിട്ട് കരഞ്ഞു. സീതാദേവിയെ അപഹരിച്ച രാവണന്റെ പാപകര്‍മ്മങ്ങള്‍ തന്നെയാണ് ലങ്കയുടെ നാശം കൊണ്ട് വന്നതെന്ന് അവര്‍ ഉച്ചത്തില്‍ പറഞ്ഞുകരഞ്ഞു.ഏറെ വീടുകളും രാക്ഷസന്‍മാരും തീയില്‍ മരിച്ചെങ്കിലും, വിഭീഷണന്റെ ഭവനം അതില്‍നിന്ന് രക്ഷപ്പെട്ടു. അഗ്നിദേവന്റെ കൃപകൊണ്ട് ഹനുമാനേയും രാമചിന്തയിലാണ്ടിരുന്ന സീതയേയും അഗ്നി സ്പര്‍ശിച്ചില്ല.

മടക്കയാത്രയ്‌ക്ക് മുന്‍പ് ഹനുമാന്‍ സീതയെ വീണ്ടും ചെന്ന് കണ്ടു. താന്‍ സ്വയം ദേവിയെ അവിടെനിന്നും രക്ഷിച്ചു തന്റെ തോളില്‍ എടുത്തുകൊണ്ടുപോയി രാമന്റെ മുന്നില്‍ എത്തിക്കാമെന്ന് ഹനുമാന്‍ സാദരം പറഞ്ഞുവെങ്കിലും സീത തന്റെ ഭര്‍ത്താവിന്റെ അഭിമാനം നിലനിര്‍ത്താനായി പോരില്‍ വിജയിച്ചുവന്നു രാമന്‍ തന്നെ രക്ഷിക്കുകയാണ് ഉചിതമെന്ന് ഹനുമാനെ അറിയിച്ചു. രാമന്‍ ഉടന്‍ തന്നെ വരുമെന്നും ദേവിയെ രക്ഷിക്കുമെന്നും ഹനുമാന്‍ ഉറപ്പു നല്‍കി. സീത അനുഗ്രഹത്തോടെ ഹനുമാനു വിടനല്‍കി.

ഹനുമാന്റെ മടങ്ങിവരവ്

ഹനുമാന്‍ ഉയര്‍ന്നു ചാടി സമുദ്രത്തിന് മുകളിലൂടെ തിരികെ പറന്നെത്തി തന്റെ ദൂത് വിജയിച്ചതായി എല്ലാവരേയും അറിയിച്ചു. വാനരര്‍ ആഹ്ലാദത്തോടെ സുഗ്രീവന്റെ തോട്ടത്തില്‍ കയറി കാവല്‍ക്കാരെ തള്ളിമാറ്റി യഥേഷ്ടം പഴങ്ങള്‍ കഴിച്ച്‌ ഒരുത്സവം പോലെ ആഘോഷം നടത്തി. ഹനുമാന്‍ രാമന്റെ അടുത്തെത്തി ഭക്തിയോടെ നമസ്‌കരിച്ചു. അഭിമാനം നിറഞ്ഞ സ്വരത്തില്‍ സ്വതവേ സമുചിതവാക്കുകള്‍ പറയുന്നതില്‍ അതിവിദഗ്‌ദ്ധനും നയചതുരനുമായ ഹനുമാന്‍ പറഞ്ഞു.

”സ്വാമിന്‍, ലങ്കയില്‍ ഞാന്‍ സീതാദേവിയെ കണ്ടു. ദേവിയവിടെ അശോകവനത്തില്‍ ദുഃഖിച്ചു വിലപിച്ചു ദിനരാത്രങ്ങള്‍ എണ്ണി നീക്കി അവിടുത്തെ മാത്രം ചിന്തിച്ചുകൊണ്ട് കാത്തിരിക്കുന്നു.”

സീത നല്‍കിയ ചൂഡാരത്നം ഹനുമാന്‍ രാമന് സമര്‍പ്പിച്ചു. രാമന്‍ അതിനെ ചേര്‍ത്ത് പിടിക്കവേ ദുഖവും സന്തോഷവുമൊന്നായി കണ്ണുനീരായി പുറത്തുവന്നു. എന്നാല്‍ പ്രതീക്ഷയുടെ പ്രകാശം ആ ദുഃഖത്തെ തെല്ലൊന്നു കുറച്ചു. സീതാരക്ഷാര്‍ത്ഥമുള്ള സ്വപ്രതിജ്ഞയുടെ അഗ്നിയില്‍ രാമഹൃദയം തപിച്ചു. ഹനുമാന്റെ ധൈര്യത്തേയും ഭക്തിയേയും അഭിനന്ദിച്ച്‌, രാമന്‍ അദ്ദേഹത്തെ സ്നേഹത്തോടെ ആലിംഗനം ചെയ്തു.

”ഹനുമാനേ, ഞാനിന്നുമുതല്‍ നിന്നോട് കടപ്പെട്ടിരിക്കുന്നു. അജയ്യമായ സമുദ്രത്തെ നീ കടന്നിരിക്കുന്നു. നിരാശയുടെ ഇരുട്ടില്‍ നീ പ്രതീക്ഷയുടെ വിളക്ക് തെളിയിച്ചിരിക്കുന്നു.”
”രാമന്റെ ആലിംഗനം ലഭിച്ച ഹനുമാന്‍ എത്ര ഭാഗ്യവാനാണ്” എന്നു പറഞ്ഞു പരമശിവന്‍ കഥാകഥനം നിര്‍ത്തവേ, രാമകഥ തുടര്‍ന്നും കേള്‍ക്കുവാന്‍ പാര്‍വതീദേവി അത്യുത്സുകതയോടെ കാത്തിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily