Dailyhunt
ദക്ഷിണേന്ത്യയിലെ ആദ്യ 'അയുത ചണ്ഡിക മഹായാഗം' ഇന്ന് മുതല്‍

ദക്ഷിണേന്ത്യയിലെ ആദ്യ 'അയുത ചണ്ഡിക മഹായാഗം' ഇന്ന് മുതല്‍

ഞ്ചേരി: സനാതന ധര്‍മ്മത്തിലെ അതിവിശിഷ്ടവും അപൂര്‍വ്വവുമായ ‘അയുത ചണ്ഡിക മഹായാഗം’ ചരിത്രത്തിലാദ്യമായി ദക്ഷിണേന്ത്യയുടെ മണ്ണിലേക്ക്.

ഇന്ന് മുതല്‍ 10 വരെ മലപ്പുറം ജില്ലയിലെ മഞ്ചേരിയാണ് ഈ മഹാപുണ്യകര്‍മ്മത്തിന് വേദിയാകുന്നത്.

രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിന് സൂര്യകാലടി തന്ത്രി സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാട് കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് യോഗിനി ജയാംബ വിദ്യാംബ സരസ്വതിയുടെ കാര്‍മ്മികത്വത്തില്‍ ആചാര്യവരണവും സ്ഥാനികവരണവും.

രണ്ട് മണിക്ക് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ മഹാശ്രീചക്ര പൂജ. നാലിന് ആചാര്യ സ്വീകരണ ഘോഷയാത്ര ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ട് പരിസരത്തുനിന്നാരംഭിച്ച്‌ യാഗപുരിയിലെത്തും. തുടര്‍ന്ന് യാഗദീപം തെളിയിക്കുന്ന ചടങ്ങ് നടക്കും.

മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി, നടുവില്‍ മഠം അച്യുതഭാരതി മൂപ്പില്‍ സ്വാമിയാര്‍, യോഗിനി ശ്രീ ജയാംബ വിദ്യാംബ സരസ്വതി, കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം മുഖ്യ പുരോഹിതന്‍ ഗോവിന്ദ അടിഗ, കൊടുങ്ങല്ലൂര്‍ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രം മുഖ്യ പുരോഹിതന്‍ ത്രിവിക്രമന്‍ അടിഗ എന്നിവര്‍ ചേര്‍ന്ന് യാഗദീപം തെളിയിച്ച്‌ കൊടിയേറ്റം നടത്തും. തുടര്‍ന്ന് വികെ പാലസ് ഓഡിറ്റോറിയത്തില്‍ തയാറാക്കിയ മാര്‍ക്കണ്ഡേയ പുരിയില്‍ യാഗസമാരംഭ സഭ നടക്കും.

മഹായാഗ നിര്‍വാഹക സമിതി അദ്ധ്യക്ഷന്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി അദ്ധ്യക്ഷത വഹിക്കും. നടുവില്‍ മഠം അച്യുതഭാരതി മൂപ്പില്‍ സ്വാമിയാര്‍, യോഗിനി ശ്രീ ജയാംബ വിദ്യാംബ സരസ്വതി, കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം മുഖ്യ പുരോഹിതന്‍ ഗോവിന്ദ അഡിഗ, കൊടുങ്ങല്ലൂര്‍ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രം മുഖ്യ പുരോഹിതന്‍ ത്രിവിക്രമന്‍ അഡിഗ എന്നിവര്‍ അനുഗ്രഹ ഭാഷണം നിര്‍വഹിക്കും. മുഖ്യ സംയോജകന്‍ എം. ശ്രീധരന്‍ നമ്പൂതിരി ആമുഖഭാഷണം നടത്തും.

മഞ്ചേരി അമൃതാനന്ദമയി മഠം മഹാധിപതി സ്വാമിനി വരദാമൃത പ്രാണ, കാരക്കോട് രാമാനന്ദാശ്രമം മഠാധിപതി ഡോ. ധര്‍മാനന്ദ സ്വാമികള്‍, മഞ്ചേരി ചിന്മയ വിദ്യാലയ ആചാര്യന്‍ സ്വാമി ജിതാത്മാനന്ദ സരസ്വതി, മുന്‍ ഗുരുവായൂര്‍ മേല്‍ശാന്തി മൂര്‍ക്കന്നൂര്‍ ഹരി നമ്പൂതിരിപ്പാട്, കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ. പി.എം. വാര്യര്‍, തന്ത്രവിദ്യാപീഠം അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനര്, പുന്നപ്പാല ശങ്കരാശ്രമം മഠാധിപതി സ്വാമി പരമാനന്ദപുരി, യാഗസമിതി കാര്യാദ്ധ്യക്ഷന്‍ തന്ത്രി ഡോ. മൊടപ്പിലാപ്പള്ളി പരമേശ്വരന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് വഴവൂര്‍ നാട്യ കലൈമണി സുചിത്ര വിശ്വേശ്വരന്റെ നേതൃത്വത്തില്‍ ചതുഷഷ്ടി ഉപചാര നൃത്താവിഷ്‌കാരം നടക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily