Friday, 24 Sep, 5.01 am ജന്മഭൂമി

ലേറ്റസ്റ്റ് ന്യൂസ്
ദന്തവക്ത്രന്‍

മുകുന്ദന്‍ മുസലിയാത്ത്

ജയവിജയന്മാര്‍, ദ്വാപരയുഗത്തില്‍, ശിശുപാലനും ദന്തവക്ത്രനുമായിട്ടാണ് പുനര്‍ജനിച്ചത്. സനകാദികളുടെ ശാപം മൂലമുള്ള മൂന്നാമത്തേതും അവസാനത്തേതുമായ അസുരജന്മമായിരുന്നു അത്. ശിശുപാലന്‍ രാജസൂയ സഭയില്‍ വച്ച്‌ മോക്ഷംപ്രാപിച്ചു. ദന്തവക്ത്രന്‍, ശാല്വന്‍, പൗണ്ഡ്രകന്‍, ശിശുപാലന്‍ എന്നിവരുടെ ഉറ്റമിത്രമായ ഒരു രാജാവായിരുന്നു.

ദന്തവക്ത്രനും ശിശുപാലനെപ്പോലെ ഹൃദയത്തില്‍ ഭക്തിയും അധരത്തില്‍ നിന്ദയുമായി കഴിഞ്ഞുകൂടുന്നവനാണ്. തന്റെ ഊഴവും കാത്തു കഴിയുകയാണ് ദന്തവക്ത്രന്‍. ഏറ്റവും വേഗം വൈകുണ്ഠത്തില്‍ തിരിച്ചെത്തി ഭഗവദ് സേവകനാവണം. ഇതായിരുന്നു ദന്തവക്ത്രന്റെ ഉള്ളിലെ മോഹം. പക്ഷേ കിട്ടിയ ശരീരം അസുരന്റെതാകയാല്‍ പുറമേക്ക് ഒരു ഉഗ്രസത്വമായിരുന്നു. ആ ഭീകരന്റെ കണ്ണില്‍പ്പെട്ടവരാരും കാലപുരി പൂകാതിരുന്നിട്ടില്ല. സജ്ജനദ്രോഹമാണ് പ്രധാനവിനോദം. അതിനു സഹായികളായിരുന്നു കംസനും ജരാസന്ധനും. അവര്‍ക്കു പരികര്‍മ്മിയായി ദന്തവക്ത്രന്‍ കൂടെ കൂടി.

കംസന്‍, ശിശുപാലന്‍, സാല്വന്‍, പൗാണ്ഡ്രകന്‍ എന്നീ സുഹൃത്തുക്കളെല്ലാം കൃഷ്ണനാല്‍ ഹനിക്കപ്പെട്ടു കഴിഞ്ഞു. ഇനി തന്റെ ഊഴമാണ്. ഒരു ദിവസം അത്യുഗ്ര രൂപിയായി ദന്തവക്ത്രന്‍ ദ്വാരകയിലെ തെരുവീഥികളിലെത്തി. ഭഗവാനെ പ്രകോപിപ്പിക്കാനായി നാടും നഗരവും തകര്‍ത്തു മുന്നേറി. അവന്റെ ശ്വാസഗതിയില്‍ത്തന്നെ യാദവന്മാര്‍ വീണു മരിച്ചു തുടങ്ങി.

കാത്തിരുന്നിട്ടും ഭഗവാനെ കാണാത്തതിനാല്‍ അവന്‍ ഒരു ഗദയുമായി ഭഗവാനെ അന്വേഷിച്ചിറങ്ങി. അവന്റെ ശരീരബലത്താല്‍ ഗോപുരവും കോട്ടമതിലും തകര്‍ന്നുവീണു. ഇത്തരം ഒരു ഭീകരസത്വത്തെ ദ്വാരകാവാസികള്‍ ഇതിനു മുന്‍പ് കണ്ടിട്ടില്ല. അവന്‍ നടന്ന വഴിയിലെ മരങ്ങളും കെട്ടിടങ്ങളും എല്ലാം ഭൂമി കുലുക്കത്താല്‍ മറിഞ്ഞുവീണുകൊണ്ടിരുന്നു.

ഭഗവാനും അവന്റെ പരാക്രമം കുറെ നേരം ആസ്വദിച്ചു. തന്നെ കണ്ടുകിട്ടാത്തതില്‍ ഭക്തനുള്ള മനഃപ്രയാസം ഭഗവാന്‍ കണ്ടു. ഭഗവാനും മനുഷ്യനാട്യം വിടാതെ ഭക്തനെ എതിരിട്ടു. ഒരു ഗദയുമായി തേരില്‍ നിന്നു ചാടിയിറങ്ങി. ഭഗവാനെ കണ്ടതോടെ ഇടിമുഴക്കം പോലെ ദന്തവക്ത്രന്‍ അലറിയടുത്തു. ഭഗവാനെ തേരോടുകൂടി വിഴുങ്ങി അകത്താക്കാന്‍ പാകത്തില്‍ മുഖം പിളര്‍ന്നു പിടിച്ചു. മുഖത്തുനിന്നും ദംഷ്ട്രങ്ങള്‍ മേലോട്ടു താഴോട്ടും നീണ്ടുനിന്നു. വാള്‍ത്തലപോലെ നാക്കുനീട്ടിപ്പിടിച്ചു.

ദന്തവക്ത്രന്‍ ഭഗവാനോടു പറഞ്ഞു. കുറെക്കാലമായതിനാല്‍ ഞാന്‍ നിന്നെ അന്വേഷിച്ചിരിക്കുന്നു. എന്റെ പ്രാണമിത്രങ്ങളെ വധിച്ച നിന്നെ ഇന്നു കണ്ടുകിട്ടിയത് എന്റെ ഭാഗ്യം. നിന്റെ ദുര്‍ഭാഗ്യവും. ഹരേ! കൃഷ്ണ! യാദവനായ നീ ഞങ്ങള്‍ക്കു ബന്ധു തന്നെ. പക്ഷേ മിത്രഘാതകനായ നീ ഹന്തവ്യനുമാണ്. എന്റെ പ്രതികാരം കണ്ടുകൊള്ളുക. ഞാനെന്റെ മിത്രങ്ങളോടു നീതി പുലര്‍ത്താന്‍ നിന്നെ കൊല്ലുന്നുണ്ട്. നിന്നെ കൊന്നു ഞാനും എന്റെ കൂട്ടുകാരും ആത്മശാന്തി വരിക്കും!

ആ വാക്കുകള്‍ ദന്തവക്ത്രന്റെ അവസാന വാക്കുകളായിരുന്നു. കൂടുതലൊന്നും പറയാന്‍ ഇടം കിട്ടുന്നതിനു മുന്‍പ് ഭഗവാന്റെ കൗമോദകി എന്ന ഗദ ദന്തവക്ത്രന്റെ ശിരസ്സില്‍ പതിച്ചു. ദന്തവക്ത്രന്‍ കമഴ്ന്നടിച്ച്‌ ഭഗവാന്റെ കാല്‍ക്കല്‍ വീണു. അവന്റെ അവസാനത്തെ ദണ്ഡനമസ്‌കാരം!

ശിശുപാലനില്‍ നിന്നെന്നപോലെ ദന്തവക്ത്രനില്‍നിന്നു ഒരു തേജോഗോളം ഭഗവാനെ സമീപിക്കുകയും ഭഗവാനില്‍ ലയിക്കുകയും ചെയ്തു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Janmabhumi Daily
Top