തിരുവനന്തപുരം: കട ബാധ്യത പരിഹരിക്കാന്‍ പദ്ധതിയൊന്നുമില്ലാതെ, ദിശാബോധമില്ലാത്ത ബജറ്റാണ് വി.ഡി. സതീശന്‍ അവതരിപ്പിച്ചതെന്ന് ബിജെപി എംഎല്‍എമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇതിനു കാരണം കേരളം മാറിമാറി ഭരിച്ച ഇരുമുന്നണികളാണ്. റവന്യൂകമ്മിയും ധനക്കമ്മിയും കുതിച്ചുയര്‍ന്നതില്‍ രണ്ടു മുന്നണികള്‍ക്കും കൂട്ടുത്തരവാദിത്തമുണ്ട്. മുഖ്യമന്ത്രിക്കസേരയില്‍ ആളുമാറിയെന്നല്ലാതെ നയ- സാമ്പത്തിക കാര്യങ്ങളില്‍ മാറ്റമൊന്നുമില്ലെന്നാണ് ബജറ്റിന്റെ സൂചന.
രാജ്യത്താദ്യമെന്ന് കൊട്ടിഘോഷിച്ച് അവതരിപ്പിച്ച വയോജന വകുപ്പിന് നാമ മാത്ര തുകയാണു നീക്കിവച്ചത്. ഗ്ലോബല്‍ ഫര്‍ണിച്ചര്‍ മാര്‍ട്ടിനു നീക്കിവച്ചതുപോലെ 10 കോടി രൂപ മാത്രം അനുവദിച്ചതിലൂടെ വയോജന വകുപ്പിനെ സര്‍ക്കാര്‍ എത്ര ലാഘവത്തോടെയാണ് സമീപിക്കുന്നതെന്ന് വ്യക്തമാണ്. 25 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പദ്ധതിക്കായി നീക്കിവച്ചത് 90 ലക്ഷം കുടുംബങ്ങള്‍ക്കായി 10 കോടിയാണ്. ഒരു കുടംബത്തിന് 11 രൂപ 11 പൈസയാണ് കണക്കാക്കിയിരിക്കുന്നത്. ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കാനനുവദിക്കുന്ന തുക പോലും നല്കാത്തവരാണ് തിരുപ്പതി മോഡലിനെക്കുറിച്ചു പറയുന്നത്.
തിരുപ്പതി മോഡലിനും തുക വകയിരുത്തിയിട്ടില്ല. തലസ്ഥാനത്തു രണ്ടാം മെഡിക്കല്‍ കോളജിനെക്കുറിച്ചു പറയുന്നെങ്കിലും നിലവിലെ മെഡിക്കല്‍ കോളജിന്റെ അവസ്ഥ പരിതാപകരമായി തുടരുന്നു. ജലജീവന്‍ മിഷനും അമൃത് പദ്ധതികളും പോലും പൂര്‍ത്തിയാക്കിയിട്ടില്ലെന്നിരിക്കേ ജല വിതരണത്തിന് മാറ്റിവച്ചത് കേവലം 892 കോടി രൂപ. ശുദ്ധജലമില്ലാത്തതുമൂലമാണ് ഷിഗെല്ല പോലുള്ള പകര്‍ച്ചവ്യാധികള്‍ പടരുന്നത്.
തുറമുഖം, ഏവിയേഷന്‍, റോഡ് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നു പറയുന്നെങ്കിലും ഇതെല്ലാം കേന്ദ്ര പദ്ധതികള്‍ പേരുമാറ്റി അവതരിപ്പിക്കുന്നതാണ്. വിഷന്‍ സമുദ്രയെന്ന് പറഞ്ഞ് അവതരിപ്പിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ സാഗര്‍മാല പദ്ധതിയാണ്. ധനക്കമ്മി വര്‍ദ്ധിക്കുകയും വികസനത്തിനു പണമില്ലെന്ന് പറയുകയും ചെയ്യുമ്പോള്‍ 25,000 കോടി നികുതി കുടിശിക പിരിച്ചെടുക്കുന്നതിനെക്കുറിച്ചു പദ്ധതികളൊന്നുമില്ല. വിവിധ കേന്ദ്ര പദ്ധതികള്‍ നടപ്പാക്കാത്തതിലൂടെ സംസ്ഥാനം 25,000 മുതല്‍ 30,000 കോടി വരെ നഷ്ടമാക്കാറുണ്ട്. 5.07 ലക്ഷം കോടി രൂപയുടെ ഭീമമായ കടത്തില്‍ മുങ്ങി നില്‍ക്കുന്ന കേരളത്തില്‍ പ്രഖ്യാപിച്ച പദ്ധതികളൊക്കെ നടപ്പാക്കാനുള്ള വിഭവസമാഹരണമെങ്ങനെയെന്ന് ബജറ്റില്‍ വ്യക്തമായ ഉത്തരമില്ല.
മോഹന വാഗ്ദാനങ്ങള്‍ക്ക് മുകളില്‍ പടുത്തുയര്‍ത്തിയ ലക്ഷ്യബോധമില്ലാത്ത ബജറ്റാണിതെന്നും ബിജെപി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ബി.ബി. ഗോപകുമാര്‍, രാജീവ് ചന്ദ്രശേഖര്‍, വി. മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു.

