Saturday, 28 Nov, 7.41 am ജന്മഭൂമി

ലേറ്റസ്റ്റ് ന്യൂസ്
എന്‍ഡിഎയ്ക്ക് 400 ന്യൂനപക്ഷ സ്ഥാനാര്‍ത്ഥികള്‍; മലപ്പുറത്ത് സിപിഎം കോണ്‍ഗ്രസ് വെല്‍ഫയര്‍ പാര്‍ട്ടി എസ്ഡിപിഐ മഹാസഖ്യം

ദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കേരളത്തിലുടനീളം രാഷ്ട്രീയ മാറ്റത്തിന്റെ ചിത്രം തെളിയുകയാണ്. കാലങ്ങളായി ഇടത്-വലത് മുന്നണികളെ പിന്തുണച്ച കേരള ജനത, വികസനവും അഴിമതി വിരുദ്ധതയും മുഖമുദ്രയാക്കിയ ദേശീയ ജനാധിപത്യ സഖ്യത്തെ നെഞ്ചേറ്റുന്നു.കേന്ദ്രത്തിലെ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള എന്‍ഡിഎ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലും ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഈ രാഷ്ട്രീയത്തെ കുറിച്ചും തെരഞ്ഞെടുപ്പ് രംഗത്തെ അനുഭവങ്ങളും ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുളളക്കുട്ടി ജന്മഭൂമി കണ്ണൂര്‍ ലേഖകന്‍ ഗണേഷ് മോഹനനുമായി പങ്കുവെയ്ക്കുന്നു.

  • സംസ്ഥാനത്താകമാനം ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നും നിരവധി പേരാണ് എന്‍ഡിഎക്കുവേണ്ടി മത്സര രംഗത്തുളളത്. ഇതേ കുറിച്ച്‌?

കേരളത്തിലെ ന്യൂനപക്ഷം ബിജെപിയ്ക്കെതിരാണെന്ന ആരോപണം ഈ തെരഞ്ഞെടുപ്പോടെ ഇല്ലാതാവുകയാണ്. കോണ്‍ഗ്രസും-കമ്മ്യൂണിസ്റ്റുകളും കാലങ്ങളായി നടത്തുന്ന പ്രചണ്ഡ പ്രചരണമാണ് ബിജെപി ന്യൂനപക്ഷങ്ങള്‍ക്കെതിരാണെന്നത്. ഏകാത്മ മാനവ ദര്‍ശനമെന്ന ബിജെപിയുടെ മുദ്രാവാക്യം നാനത്വത്തില്‍ ഏകത്വത്തേക്കാളും മഹത്തരമാണ്. ഭാരതത്തെ ഒറ്റക്കെട്ടായി നിര്‍ത്തുന്ന സമന്വയത്തിന്റെ, ഐക്യത്തിന്റെ ആശയമാണത്. എന്നാല്‍ ഇടത്-വലത് പ്രചരണം മറിച്ചായിരുന്നു. ഇതിനാല്‍ ന്യൂനപക്ഷം ഭയവിഹ്വലരായിരുന്നു. ന്യൂനപക്ഷ വിരുദ്ധമല്ല ബിജെപിയെന്ന സത്യം ന്യൂനപക്ഷം തിരിച്ചറിഞ്ഞു. തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകമാനം 400 പേരാണ് ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നു എന്‍ഡിഎയ്ക്ക് വേണ്ടി മത്സരരംഗത്തുളളത്. ഇതില്‍ 117 പേര്‍ മുസ്ലീം സമുദായത്തില്‍ നിന്നുളളവരാണ്. ഇതില്‍തന്നെ 12 പേര്‍ വനിതകളാണ്. സംസ്ഥാനത്തെ തെരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം മലപ്പുറത്തെ തട്ടമിട്ട മുസ്ലീം യുവതികള്‍ പോലും സധൈര്യം നരേന്ദ്രമോദിയുടെ നയങ്ങള്‍ ആവേശത്തോടെ ഉള്‍ക്കൊണ്ട് ബിജെപിയ്ക്കു വേണ്ടി മത്സര രംഗത്തിറങ്ങി എന്നതാണ്.

  • കാശ്മീരില്‍ ഉണ്ടായ മാറ്റം കേരളത്തില്‍ ആവര്‍ത്തിക്കുമെന്നാണോ?

തീര്‍ച്ചയായും. കാശ്മീരിലും ന്യൂനപക്ഷങ്ങള്‍ ബിജെപിയുടെ നന്മ തിരിച്ചറിഞ്ഞിരിക്കുന്നു. ഇതാണ് കാശ്മീരിലെ ലഡാക്കില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയം കാണിക്കുന്നത്. തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കണമെന്ന മുന്‍ മുഖ്യമന്ത്രി മെഹ്ബൂബമുഫ്തിയുടെ ആഹ്വാനം തൃണവല്‍ഗണിച്ചു കൊണ്ടാണ് മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിലെ ജനങ്ങളൊന്നാകെ ബിജെപിയെ വിജയരഥത്തിലേറ്റിയത്. രാജ്യത്തെ ക്രിസ്തുമത വിശ്വാസികളായ 40ഓളം എംഎല്‍എമാരില്‍ പകുതിയിലധികം എംഎല്‍എമാരും ബിജെപിയെയാണ് പ്രതിനിധീകരിക്കുന്നത്. ഇതെല്ലാം കാണിക്കുന്നത് കാശ്മീര്‍ മുതല്‍ കേരളംവരെ ന്യൂനപക്ഷങ്ങള്‍ക്ക് ബിജെപിയോടുളള തെറ്റിദ്ധാരണ മാറിയെന്നും അവര്‍ പാര്‍ട്ടിയുടെ ഭാഗമായി മാറി കഴിഞ്ഞുവെന്നുമാണ്.

  • വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം എന്താണ്?

കേരളജനത സംസ്ഥാനത്തെ ഇടത്-വലത് മുന്നണികളുടെ അഴിമതിക്കും നാടിന്റെ വികസന പിന്നോക്കാവസ്ഥയ്ക്കുമെതിരെ വിധിയെഴുതാന്‍ തയ്യാറായിക്കഴിഞ്ഞു. അഴിമതി പോലെ തന്നെ ഈ തെരഞ്ഞെടുപ്പില്‍ വികസനവും സജീവ ചര്‍ച്ചാ വിഷയമാണ്. നമ്മുടെ ഗ്രാമങ്ങളുടേയും നഗരങ്ങളുടേയും സ്ഥിതി അതീവ ദയനീയമാണ്. എന്നാല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നഗരഗ്രാമ വിത്യാസമില്ലാതെ വന്‍ വികസനമാണ് ഉണ്ടായിട്ടുളളത്. മംഗലാപുരം, അഹമ്മദബാദ് നഗരങ്ങള്‍ വികസനം എന്നാല്‍ എന്താണെന്നതിനുളള ഉദാഹരണമാണ്. ഹൈടെക് ഫുട്പാത്തും ഓവുചാലുമാണ് ഇവിടങ്ങളിലുളളത്. ഒരു വീട്ടില്‍ പോലും സെപ്റ്റിക് ടാങ്കില്ല. മാലിന്യം പൈപ്പ് ലൈന്‍വഴി ട്രീറ്റ്മെന്റ് പ്ലാന്റിലേക്ക് നേരിട്ട് ഒഴുക്കുകയാണ്. അഹമ്മദബാദ് കോര്‍പ്പറേഷന്‍ 1750 കോടി രൂപയുടെ 750 കിടക്കകളുളള ലോകോത്തര നിലവാരത്തിലുളള ആശുപത്രിയാണ് നിര്‍മ്മിച്ചത്.

നമ്മുടെ സംസ്ഥാനത്ത് കാസര്‍കോട് പോലുളള സ്ഥലത്ത് മെഡിക്കല്‍ കോളേജ് പോലും ഇല്ല. കേരളത്തില്‍ ഇടത്-വലത് ഭരണത്തിന്റെ ഫലമായി നഗരങ്ങളില്‍ ഓവുചാലുകളില്ല, ഫുട്പാത്തുകളില്ല,നല്ല റോഡുകളില്ല. ഗ്രാമങ്ങളില്‍ പോലും ഗതാഗത കരുക്കാണ്. മലയാളിയുടെ സ്പീഡ് മണിക്കൂറില്‍ 37 കിലോമീറ്ററാണ്. അന്യ സംസ്ഥാനങ്ങളില്‍ 72 കിലോമീറ്ററാണ്. ഇത്രയും കാലം ഫണ്ടില്ല എന്നതായിരുന്നു കേരള സര്‍ക്കാരിന്റെ വാദം. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം അമൃത് പദ്ധതിയില്‍ 2215 കോടി രൂപ നഗരസവികസനത്തിനായി നല്‍കി. എന്നാല്‍ കഴിഞ്ഞ സാമ്ബത്തിക വര്‍ഷം 458 കോടി രൂപ മാത്രമാണ് ഇതില്‍ നിന്നു ചെലവഴിച്ചത്.

രാജ്യത്തെ എല്ലാ നഗരങ്ങളും സ്മാര്‍ട്ട്സിറ്റികളായി മാറുമ്ബോള്‍ കേരളത്തിലെ നഗരങ്ങള്‍ അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുകയാണ്. ഈ വികസനമില്ലായ്മയ്ക്ക് ഉത്തരവാദികളായ സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ക്കെതിരെ ശക്തമായ ജനവികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.

  • തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിയുടെ സാധ്യത എത്രത്തോളം?

എന്‍ഡിഎ മുന്നണിയ്ക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് കേരളത്തിലുളളത്. കേന്ദ്രസര്‍ക്കാരിന്റെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എത്തിച്ചേരാത്ത ഒരു പ്രദേശമോ പദ്ധതികളുടെ ഗുണം അനുഭവിക്കാത്ത വ്യക്തിയോ നാട്ടിലില്ല. കോവിഡ് മഹാമാരികാലത്ത് ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ വലിയ മാതൃകയാണ് ബിജെപി കാണിച്ചത്.സേവനമാണ് സംഘടന എന്ന മുദ്രാവാക്യം ഉയര്‍ത്തി 823000 ബിജെപി പ്രവര്‍ത്തകരേയാണ് ജനസേവനത്തിനായി രംഗത്തിറക്കിയത്. ഇരുപത്തി രണ്ടര കോടി കിറ്റും അഞ്ചേകാല്‍ കോടി മാസ്‌ക്കും ജനങ്ങള്‍ക്ക് നല്‍കി.മോദിയുടേയും ബിജെപി അഖിലേന്ത്യാ പ്രസിഡണ്ട് ജെ.പി. നഡ്ഡ യുടേയും നേതൃത്വത്തില്‍ സര്‍ക്കാരും പാര്‍ട്ടിയും നടത്തിയ ഇത്തരം പ്രവര്‍ത്തനങ്ങളായിരിക്കും തെരഞ്ഞെടുപ്പ് വിഷയം. മാത്രമല്ല പിണറായി ഭരണത്തില്‍ കല്ലുമഴയാണ് ജനങ്ങളുടെ മേല്‍ പെയ്തിറങ്ങുന്നത്. യുഡിഎഫ് നേതാക്കളും അഴിമതി കേസുകളില്‍പ്പെട്ട് ജയിലിലടയ്ക്കപ്പെട്ടിരിക്കുകയാണ്. ഭരണകക്ഷിയ്ക്കും പ്രതിപക്ഷത്തിനും എതിരെ ശക്തമായ പ്രതിഷേധം ജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നിട്ടുണ്ട്. കെ. സുരേന്ദ്രന്റെ നേതൃത്വത്തിലുളള ബിജെപി കേരളത്തിലെ മുഖ്യപ്രതിപക്ഷമായി മാറി. ഇതെല്ലാം എന്‍ഡിഎയ്ക്ക് അനുകൂലമാകും.

  • കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരിനേയും സിപിഎമ്മിനേയും വേട്ടയാടുന്നുവെന്ന ആരോപണത്തേ കുറിച്ച്‌?

കേന്ദ്ര ഏജന്‍സികളെ കത്തെഴുതി വിളിച്ചു വരുത്തിയത് താനാണെന്ന് മേനി നടിച്ചു നടന്നയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണം മുന്നോട്ടു പോകവെ പ്രിന്‍സിപ്പല്‍ സെക്രട്ടറി മാത്രമല്ല, പാര്‍ട്ടി സെക്രട്ടറിയുടെ മകനും അവസാനം പിണറായി മകനെ പോലെ സ്നേഹിക്കുന്ന പി.എം. രവീന്ദ്രനും കുടുങ്ങുന്നുവെന്ന് കണ്ടപ്പോഴാണ് മുഖ്യമന്ത്രി ശൈലി മാറ്റിയത്. കേരളത്തില്‍ സമൂഹത്തിന്റെ പൊതു വികാരം അഴിമതിക്കാരായ മുഖ്യമന്ത്രിക്കും ജലീലിനേയുമെല്ലാം എതിരാണ്. സത്യസന്ധമായ അന്വേഷണം നടത്തുന്ന കേന്ദ്ര ഏജന്‍സി വ്യക്തമായ തെളിവ് ലഭിച്ചാല്‍ മാത്രമേ ആര്‍ക്കെതിരേയും നടപടിയെടുക്കൂ. പാവങ്ങള്‍ക്ക് വീട് നല്‍കുന്ന ലൈഫ് മിഷന്‍ പദ്ധതിയില്‍ നിന്ന് പോലും പണം അടിച്ചുമാറ്റാന്‍ സിപിഎം പോലുളള പാര്‍ട്ടിക്ക് മാത്രമെ സാധിക്കൂ. അന്വേഷണം കൂടുതല്‍ മുന്നോട്ടു പോയാല്‍ മുഖ്യമന്ത്രിയും മക്കളും മറ്റ് പല സിപിഎം നേതാക്കളും കുടുംങ്ങും. അന്വേഷണം പൂര്‍ത്തിയാകുമ്ബോള്‍ എല്‍ഡിഎഫിന്റെ വേരറുക്കപ്പെടും. യുഡിഎഫ് നേതാക്കളാവട്ടെ പലരും ജയിലിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. എല്‍ഡിഎഫും യുഡിഎഫും അഴിമതിയുടെ കാര്യത്തില്‍ ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. ഇവര്‍ക്കെതിരായ ജനകീയ വികാരം താഴെതട്ടിലുളള ജനങ്ങളില്‍ നിലനില്‍ക്കുന്നുണ്ട് എന്നതാണ് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് നിന്നു മനസ്സിലാക്കുന്നത്. ഇത് എന്‍ഡിഎയ്ക്ക് അനുകൂല ഘടകമാണ്.

  • ഇടത്-വലത് മുന്നണികള്‍ തെരഞ്ഞെടുപ്പില്‍ തീവ്രവാദ ബന്ധമുളള സംഘടനകളുമായുണ്ടാക്കിയിരിക്കുന്ന സഖ്യം സംബന്ധിച്ച്‌?

ഇത്തരം സഖ്യം കേരളത്തെ അപകടകരമായ അവസ്ഥയിലേക്കാണ് കൊണ്ടുപോകുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടി-എസ്ഡിപിഐ എന്നീ സംഘടനകളുമായി ധാരണമാത്രമാണെന്നും അവര്‍ മുന്നണിയിലില്ലെന്നുമാണ് യുഡിഎഫ് നേതൃത്വം വ്യക്തമാക്കുന്നത്. എന്നാല്‍ മലപ്പുറം കോട്ടക്കലില്‍ ബിജെപിയുടെ രണ്ട് സിറ്റിംഗ് വാര്‍ഡുകളില്‍ സിപിഎമ്മും കോണ്‍ഗ്രസും വെല്‍ഫയര്‍ പാര്‍ട്ടിയും എസ്ഡിപിഐയുമടക്കമുളള സംഘടനകളും ചേര്‍ന്ന് മഹാസഖ്യമായാണ് മത്സരിക്കുന്നത്. വോട്ട് മറിച്ചു നല്‍കി കൊണ്ട് ഈ കേരളത്തിലെ ജനവികാരം അട്ടിമറിക്കാന്‍ ഇടതനും വലതനും കഴിയില്ല.

കണക്ക് ശാസ്ത്രമല്ല രാഷ്ട്രീയ ശാസ്ത്രമെന്ന് തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഈ അവിശുദ്ധ കൂട്ടുകെട്ടിന് നേതൃത്വം നല്‍കുന്നവരെ ജനം പഠിപ്പിക്കും. എല്ലാ ദേശ വിരുദ്ധ ശക്തികളുടേയും ആസ്ഥാനമാണ് കേരളമെന്ന് ഐക്യരാഷ്ട്ര സഭ പോലും പറഞ്ഞത് ജമാത്തെഇസ്ലാമിയുടേയും എസ്ഡിപിഐയുടേയും പ്രവര്‍ത്തനം മുന്‍നിര്‍ത്തിയാണ്. ഇന്‍ഡ്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് പറയുന്ന മൗദൂദിവാദികളുമായി കോണ്‍ഗ്രസ് സഖ്യം ചേര്‍ന്നതോടുകൂടി കോണ്‍ഗ്രസ് മുക്ത കേരളത്തിലേക്കുളള പാതവെട്ടി തെളിച്ചിരിക്കുകയാണ്.

  • സിപിഎമ്മിലെ നേതൃ മാറ്റത്തെ കുറിച്ച്‌?

എ. വിജയരാഘവനെ സെക്രട്ടറിയാക്കിയതിനെ ചൊല്ലി സിപിഎമ്മില്‍ ഭിന്നത ശക്തമാണ്. പിണറായിയുടെ വിധേയനെ പോലെ പെരുമാറുന്ന സ്വന്തക്കാരനായതിനാലാണ് അദ്ദേഹത്തെ സെക്രട്ടറിയാക്കിയത്. എം.എ. ബേബി, എ.കെ. ബാലന്‍, എം.വി. ഗോവിന്ദന്‍ എന്നീ സീനിയര്‍ നേതാക്കളെ തഴയുകയായിരുന്നു. സ്വാഭാവികമായിട്ടും ഈ നേതാക്കളുടെ നേതൃത്വത്തില്‍ അസ്വാരസ്യങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. ഇത്രയും കാലം കണ്ണൂര്‍ ലോബിയുടെ കൈകളിലായിരുന്നു സിപഎമ്മിന്റെ നേതൃത്വമെങ്കില്‍ ഇതോടെ പിണറായിയുടെ ഏകാധിപത്യത്തിന്‍ കീഴിലായി കഴിഞ്ഞു പാര്‍ട്ടി. ഇനിയൊരിക്കലും രക്ഷപ്പെടാത്ത രീതിയില്‍ പാര്‍ട്ടി ശിഥിലമായി കഴിഞ്ഞു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Janmabhumi Daily
Top