Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്‌എഫ്‌ഐ

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്‌എഫ്‌ഐ

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയുടെ ഫണ്ട് ഉപയോഗിച്ച്‌ വിദ്യാര്‍ഥി യൂണിയന്‍ നടത്തുന്ന നാഷണല്‍ കോണ്‍ഫറന്‍സിന്റെ പ്രചാരണ ബോര്‍ഡില്‍ പാറ്റയുടെ ചിത്രം ഉപയോഗിച്ച്‌ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിഭാഗീയതയുണ്ടാക്കാന്‍ നീക്കം.

ആഗസ്ത് മൂന്നു മുതല്‍ ആറുവരെ കാമ്പസിലാണ് കോണ്‍ഫറന്‍സ് നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് സര്‍വകലാശാലാ കവാടത്തില്‍ പാറ്റയുടെ ചിത്രമുള്ള ബോര്‍ഡ് എസ്‌എഫ്‌ഐയുടെ നേതൃത്വത്തിലുള്ള യൂണിയന്‍ കഴിഞ്ഞ ദിവസം സ്ഥാപിച്ചിരുന്നു. ഇതില്‍ രാഷ്‌ട്രീയമുണ്ടെന്നും ബോര്‍ഡ് നീക്കണമെന്നും സര്‍വകലാശാലാ അധികൃതര്‍ യൂണിയനെ അറിയിച്ചെങ്കിലും തയ്യാറല്ലെന്ന നിലപാടിലാണ് അവര്‍.

പാറ്റയുടെ ചിത്രമുള്ള ബോര്‍ഡ് നീക്കണമെന്ന് വൈസ് ചാന്‍സലര്‍ നിര്‍ദേശിച്ചപ്പോള്‍ സമാനമായ രണ്ടു ബോര്‍ഡ് കൂടി കാമ്പസില്‍ സ്ഥാപിച്ച്‌ വെല്ലുവിളിക്കുന്ന നിലപാടിലാണ് എസ്‌എഫ്‌ഐ.സര്‍വകലാശാലയുടെ ഫണ്ട് വാങ്ങി നടത്തുന്ന പരിപാടികളില്‍ രാഷ്‌ട്രീയം പാടില്ലെന്ന നിലപാടാണ് വൈസ് ചാന്‍സലര്‍ സ്വീകരിച്ചത്. ഇതോടെ അദ്ദേഹത്തിനു നേരേ പ്രതിഷേധവുമായി എസ്‌എഫ്‌ഐ ഇറങ്ങുകയായിരുന്നു.

വൈസ് ചാന്‍സലര്‍ക്കെതിരേ മുദ്രാവാക്യം വിളിച്ച്‌ കഴിഞ്ഞ ദിവസം കാമ്പസില്‍ അവര്‍ പ്രകടനം നടത്തി. സര്‍വകലാശാലാ യൂണിയന്‍ ബോര്‍ഡ് മാറ്റാത്തതിനെത്തുടര്‍ന്ന് രജിസ്ട്രാര്‍ യൂണിയന്‍ ചെയര്‍മാനോട് വിശദീകരണം തേടി. ബോര്‍ഡ് നീക്കാത്തതിന്റെ കാരണം അറിയിക്കണമെന്നാണ് നിര്‍ദേശം. ബോര്‍ഡ് നീക്കണമെന്ന് തിങ്കളാഴ്ചയാണ് യൂണിയന്‍ ഭാരവാഹികളോട് നിര്‍ദേശിച്ചത്. ബോര്‍ഡ് നീക്കില്ലെന്ന ശാഠ്യത്തിലാണ് യൂണിയന്‍ ഭാരവാഹികള്‍. തുടര്‍ന്നായിരുന്നു രജിസ്ട്രാറുടെ നടപടി.

നാഷണല്‍ കോണ്‍ഫറന്‍സിനായി സര്‍വകലാശാല 3,75,000 രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ 2,81,500 രൂപ യൂണിയന്‍ മുന്‍കൂര്‍ കൈപ്പറ്റുകയും ചെയ്തു. ഇതിനുശേഷമാണ് പാറ്റയുടെ ചിത്രമുള്ള ബോര്‍ഡ് സ്ഥാപിച്ചത്. ഇത് നീക്കിയില്ലെങ്കില്‍ തുക തിരിച്ചു പിടിക്കുമെന്നാണ് അധികൃതരുടെ നിലപാട്. ഇതെത്തുടര്‍ന്ന്, പാറ്റയുടെ ചിത്രമുള്ള ബോര്‍ഡില്‍ കക്ഷി രാഷ്‌ട്രീയമില്ലെന്നും പ്രതീകാത്മക കലാ പ്രകടനം മാത്രമാണെന്നും മറുപടി നല്‍കി തലയൂരാനുള്ള ശ്രമത്തിലാണ് യൂണിയന്‍.

ദല്‍ഹിയില്‍ നടന്ന പാറ്റാ സമരത്തിന്റെ പാത പിന്തുടര്‍ന്ന് നാട്ടിലാകെ അരാജകത്വമുണ്ടാക്കാന്‍ ദേശവിരുദ്ധ ശക്തികള്‍ ശ്രമം നടത്തുകയാണ്. ഇതിനു ചൂട്ടു പിടിക്കുകയാണ് എസ്‌എഫ്‌ഐ ഉള്‍പ്പെടെയുള്ള ചില സംഘടനകള്‍. ഈ നീക്കത്തിന്റെ ഭാഗമാണ് മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ ഉയര്‍ത്തിയ പാറ്റാ ബോര്‍ഡെന്നാണ് പൊതു സമൂഹത്തിന്റെ വിലയിരുത്തല്‍. സര്‍വകാലാശാലയുടെ ഫണ്ട് വാങ്ങി നടത്തുന്ന പരി പാടിയില്‍ രാഷ്‌ട്രീയം കലര്‍ത്താനുള്ള എസ്ഫ്‌ഐയുടെ നീക്കം അക്കാദമിക സമൂഹത്തില്‍തന്നെ എതിര്‍പ്പിനിടയാക്കിയിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily