ലാല്‍ കൃഷ്ണ അദ്വാനിജി ഇന്ന് നവംബര്‍ 8-ന് തന്റെ ജീവിതത്തിന്റെ നൂറാം വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്. ശ്രീരാമചന്ദ്ര പ്രഭുവുമായും ദീപങ്ങളുമായും ബന്ധപ്പെട്ട ദീപാവലി ആഘോഷവുമായി അദ്ദേഹത്തിന്റെ ജന്മദിനം ഇത്തവണ ഒത്തുചേരുന്നുവെന്നത് തികച്ചും ഉചിതമാണ്.
ജനസംഘം സ്ഥാപിതമായതിന്റെ 75-ാം വര്‍ഷവും ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ 125-ാം ജയന്തിയും ആര്‍എസ്‌എസിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളും നടക്കുന്ന ഈ വേളയില്‍ തന്നെയാണ് അദ്ദേഹത്തിന്റെ ജന്മദിനവും വന്നെത്തിയിരിക്കുന്നത്.
ആധുനിക ഭാരതത്തിന്റെ പല സുപ്രധാന അധ്യായങ്ങളിലൂടെയും കടന്നുപോയ ചുരുക്കം ചില വ്യക്തികളില്‍ ഒരാളാണ് അദ്വാനി ജി. 1927 നവംബര്‍ 8-ന് ദേവ് ദീപാവലി നാളിലാണ് അദ്ദേഹം ജനിച്ചത്. 1947-ല്‍ യുവാവായിരിക്കുമ്പോള്‍തന്നെ സിന്ധിലെ പരിചിതമായ ലോകം ഉപേക്ഷിച്ചുപോരേണ്ടിവന്നതിന്റെ വേദന അദ്ദേഹം അനുഭവിച്ചു. എന്നാല്‍ യാതൊരു നീരസവുമില്ലാതെ തന്റെ ജീവിതം പൂജ്യത്തില്‍ നിന്ന് വീണ്ടും കെട്ടിപ്പടുത്തു. പ്രതിസന്ധികള്‍ക്കെതിരെ പോരാടി. ഒന്നുമില്ലായ്‌മയില്‍ നിന്ന് കെട്ടിപ്പടുക്കാനുള്ള ഈ കഴിവ് അദ്ദേഹത്തോടൊപ്പം എപ്പോഴും ഉണ്ടായിരുന്നു. ജനസംഘത്തെ ശക്തിപ്പെടുത്തുമ്പോഴും പിന്നീട് ബിജെപി പടുത്തുയര്‍ത്തുമ്പോഴും ഇത് ദൃശ്യമായിരുന്നു. അദ്ദേഹം ബിജെപി അധ്യക്ഷനായിരുന്ന കാലത്താണ്, 1989-ല്‍ കോണ്‍ഗ്രസ് 400 സീറ്റുകളില്‍ നിന്ന് 200-ന് താഴേക്ക് കൂപ്പുകുത്തിയതും 1996-ല്‍ ബിജെപി ആദ്യമായി രാജ്യത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയതും. തലമുറകളായി കാര്യകര്‍ത്താക്കളെ വളര്‍ത്തിയെടുത്ത അദ്ദേഹം ‘രാഷ്‌ട്രം ആദ്യം’ എന്ന ആശയത്തില്‍ വേരൂന്നിയ ഒരു വ്യക്തമായ അടിത്തറ പാര്‍ട്ടിക്ക് നല്‍കി.
രണ്ട് സവിശേഷതകള്‍ ഒരു നേതാവ് എന്ന നിലയില്‍ അദ്വാനിയെ എല്ലായ്‌പ്പോഴും മറ്റുള്ളവരില്‍ നിന്ന് വേറിട്ടുനിര്‍ത്തി. അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്ര വ്യക്തതയും ബൗദ്ധിക മൂര്‍ച്ചയുമാണ് ഒന്നാമത്തേത്. പ്രസംഗങ്ങളിലും എഴുത്തുകളിലും ഇത് പ്രതിഫലിച്ചിരുന്നു. അദ്ദേഹം തയ്യാറാക്കിയ ജനസംഘത്തിന്റെയും ബിജെപിയുടെയും പ്രമേയങ്ങള്‍ ഇന്നും വായിക്കപ്പെടേണ്ടവയാണ്. അതേസമയം അദ്ദേഹത്തിന്റെ അഭിമുഖങ്ങള്‍ എപ്പോഴും നിശിതവും കൃത്യവുവുമായിരുന്നു. രാഷ്‌ട്രീയത്തിലെ വലിയൊരു വിഭാഗം വര്‍ഷങ്ങളായി മുന്നോട്ടുവെച്ച വ്യാജ മതേതരത്വത്തെ തുറന്നുകാട്ടിയ രീതിയാണ് രണ്ടാമത്തേത്.
തനിക്ക് ലഭിച്ച ഓരോ ഉത്തരവാദിത്തവും അദ്വാനി വളരെ ശ്രദ്ധയോടെ നിര്‍വ്വഹിച്ചു. ആര്‍എസ്‌എസ് പ്രചാരക് എന്ന നിലയില്‍ രാജസ്ഥാന്റെ വിവിധ ഭാഗങ്ങളിലാണ് ആദ്യമായി പ്രവര്‍ത്തിച്ചത്. അവിടെ നിന്ന് രാജ്യതലസ്ഥാനത്തേക്ക് പോ
യി. അവിടെ അടല്‍ജിയോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. രണ്ട് മഹാരഥന്മാരായ രാഷ്‌ട്രീയ നേതാക്കള്‍ പരസ്പരം മത്സരിക്കാതെ, പതിറ്റാണ്ടുകളോളം ഒന്നിച്ച് പ്രവര്‍ത്തിക്കുന്നത് ചരിത്രത്തില്‍ വളരെ അപൂര്‍വ്വമാണ്. അദ്വാനിജിയും അടല്‍ജിയും അതിന് മികച്ച മാതൃക സൃഷ്ടിച്ചു. അവര്‍ ഒന്നിച്ചുനിന്ന് ഇന്ത്യന്‍ രാഷ്‌ട്രീയത്തിന്റെ ഗതിതന്നെ മാറ്റിമറിച്ചു.
അദ്വാനി ദല്‍ഹിയിലെത്തിയ കാലത്ത്, ആ നഗരം വിഭജനത്തിന്റെ ഭീകരതകളില്‍ നിന്ന് മുക്തമായി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹം ജനസംഘത്തെ ശക്തിപ്പെടുത്തുന്നതില്‍ പൂര്‍ണ്ണമായി മുഴുകി. 1967-ല്‍ ദല്‍ഹി മെട്രോപൊളിറ്റന്‍ കൗണ്‍സിലിന്റെ ചെയര്‍മാനായി ചുമതലയേറ്റു. അവിടെ അദ്ദേഹം വിജയ് കുമാര്‍ മല്‍ഹോത്രയോടൊപ്പം (അദ്ദേഹം പിന്നീട് ചീഫ് എക്‌സിക്യൂട്ടീവ് കൗണ്‍സിലറായി) ചേര്‍ന്ന് പ്രവര്‍ത്തിച്ചു.
1970-ല്‍ അദ്വാനിയുടെ പാര്‍ലമെന്ററി ജീവിതം ആരംഭിച്ചു. പാര്‍ലമെന്റിലെ ഇടപെടലുകള്‍ രാഷ്‌ട്രീയ ഭേദമന്യേ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. ഒരു എം.പി എന്ന നിലയിലും പിന്നീട് ഇരുസഭകളിലെയും പ്രതിപക്ഷ നേതാവായും ഭരണപക്ഷത്തിരുന്നും അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. പാര്‍ലമെന്ററി ഉത്തരവാദിത്തങ്ങള്‍ക്കിടയിലും ജനങ്ങളെ നേരിട്ട് കാണുന്നതിനായി രാജ്യത്തുടനീളം നിരന്തരം സഞ്ചരിച്ചു.
1991-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് എനിക്ക് ഇപ്പോഴും വ്യക്തമായി ഓര്‍മ്മയുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ അദ്വാനി രണ്ട് സീറ്റുകളില്‍ മത്സരിക്കാന്‍ തീരുമാനിച്ചു. അതിലൊന്നായിരുന്നു ഗാന്ധിനഗര്‍. ഗുജറാത്തുമായി അദ്ദേഹത്തിന് പഴയൊരു ബന്ധമുണ്ടായിരുന്നു. വിഭജനത്തിനുശേഷം അദ്ദേഹത്തിന്റെ പിതാവ് കച്ചിലായിരുന്നു സ്ഥിരതാമസമാക്കിയത്. കൂടാതെ, ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാ എം.പിയായും അദ്വാനി സേവനമനുഷ്ഠിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അത് അദ്ദേഹത്തിന് സ്വന്തം വീട്ടിലേക്കുള്ള ഒരു മടങ്ങിവരവുപോലെയായിരുന്നു. ബിജെപി സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നതിനാല്‍ അദ്ദേഹത്തിന്റെ നാമനിര്‍ദ്ദേശ പത്രിക തയ്യാറാക്കുന്നതിനും പ്രചാരണത്തിലുടനീളം സഹായിക്കുന്നതിനും എനിക്ക് ഭാഗ്യം ലഭിച്ചു. ഗാന്ധിനഗറിലെ ജനങ്ങള്‍ അദ്ദേഹത്തെ പലതവണ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുത്തു. ഗാന്ധിനഗറിലെ ഒരു വോട്ടര്‍ എന്ന നിലയില്‍ നിരവധി തവണ അദ്ദേഹത്തിന് വോട്ട് ചെയ്യാനുള്ള അവസരവും എനിക്ക് ലഭിച്ചു. തന്റെ മണ്ഡലത്തോട് അദ്വാനിജി കാണിച്ച കരുതലും ശ്രദ്ധയും ഏവരും കണ്ടുപഠിക്കേണ്ട ഒന്നാണ്.
അടിയന്തരാവസ്ഥ അദ്വാനിജിയുടെ ജീവിതത്തിലെ നിര്‍ണ്ണായക വഴിത്തിരിവായിരുന്നു. ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനും ഭരണഘടന കാത്തുസൂക്ഷിക്കുന്നതിനുമുള്ള പോരാട്ടത്തില്‍ അദ്ദേഹം മുന്‍നിരയിലുണ്ടായിരുന്നു. ആ അനുഭവങ്ങള്‍ അദ്ദേഹത്തിന്റെ ‘എ പ്രിസണേഴ്സ് സ്‌ക്രാപ്പ്-ബുക്ക്’ എന്ന പുസ്തകത്തില്‍ ഇടംപിടിച്ചു. അതിലെ ‘എ ടെയില്‍ ഓഫ് ടൂ എമര്‍ജന്‍സീസ്’ എന്ന ഭാഗത്ത് 1975 ജൂണ്‍ മുതല്‍ ഭാരതത്തില്‍ നടന്ന സംഭവങ്ങളും 1933-ല്‍ നാസി ജര്‍മ്മനിയില്‍ നടന്ന സംഭവങ്ങളും തമ്മിലുള്ള ശ്രദ്ധേയമായ സാമ്യതകള്‍ മനോഹരമായി വിശദീകരിച്ചിട്ടുണ്ട്.
ഉജ്ജ്വലനായ പ്രതിപക്ഷ നേതാവ് മാത്രമല്ല, മികച്ചൊരു ഭരണകര്‍ത്താവ് കൂടിയായിരുന്നു അദ്ദേഹം. 1977-ല്‍ ജനതാ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ അദ്വാനി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രിയായി ചുമതലയേറ്റു. ഈ വകുപ്പിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം വളരെ ഫലപ്രദമായിരുന്നുവെന്നത് പരക്കെ അംഗീകരിക്കപ്പെട്ട കാര്യമാണ്. ഉപപ്രധാനമന്ത്രി എന്ന നിലയിലും ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച ആഭ്യന്തര മന്ത്രിമാരില്‍ ഒരാളെന്ന നിലയിലും രാജ്യത്തിന്റെ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. നമ്മുടെ സുരക്ഷാ സേനാംഗങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി ചെയ്ത കാര്യങ്ങള്‍ ആദരവോടെ സ്മരിക്കപ്പെടുന്നു. ഭീകരവാദത്തിനെതിരെയുള്ള അസന്ദിഗ്‌ദ്ധ നിലപാട് ഭാരതത്തിന് ശക്തമായ ഒരു ഭീകരവിരുദ്ധ നിയമം ലഭിക്കുന്നതിന് വഴിയൊരുക്കി.
അദ്വാനിയുടെ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ മുഹൂര്‍ത്തങ്ങളിലൊന്നായിരുന്നു സോമനാഥില്‍ നിന്ന് അയോധ്യയിലേക്കുള്ള രഥയാത്ര. ഇത് ഭാരത സമൂഹത്തിന്റെ ഗതിയെത്തന്നെ ഗുണകരമായ രീതിയില്‍ മാറ്റിമറിച്ചു. ആശയരൂപീകരണ ഘട്ടം മുതല്‍ അത് നടപ്പിലാക്കുന്നതുവരെ ഈ യാത്രയുടെ ഭാഗമാകാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നു. സോമനാഥില്‍ നിന്ന് യാത്ര ആരംഭിച്ചപ്പോള്‍ നേരിട്ട് സാക്ഷ്യം വഹിക്കാന്‍ സാധിച്ചത് വളരെ സവിശേഷമായ അനുഭവമായിരുന്നു. ഒരു യാത്ര എന്നത് വളരെയധികം കഠിനാധ്വാനം ആവശ്യമുള്ള ഒന്നാണ്; നീണ്ട മണിക്കൂറുകള്‍, തുടര്‍ച്ചയായ യാത്രകള്‍, ശാരീരികമായ കരുത്ത്, ക്ഷീണത്തിനിടയിലും ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് എന്നിവയെല്ലാം ഇതിന് ആവശ്യമാണ്. ആ സഹനശക്തിയുടെ പ്രതീകമായിരുന്നു അദ്വാനി.
ബിഹാറില്‍ വെച്ച് അദ്ദേഹം അറസ്റ്റിലായ സങ്കടകരമായ നിമിഷങ്ങളുടെ ഓര്‍മ്മകളും എന്റെ മനസ്സിലുണ്ട്. ഇതേത്തുടര്‍ന്ന്, ഗുജറാത്തില്‍ ചിമന്‍ഭായ് പട്ടേല്‍ സര്‍ക്കാരിനുള്ള പിന്തുണ ബിജെപി പിന്‍വലിച്ചു. പ്രത്യയശാസ്ത്രത്തിന്റെയും രാമക്ഷേത്രത്തിന്റെയും കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്‌ക്കും തയ്യാറല്ല എന്ന വ്യക്തമായ സന്ദേശമാണ് ഇതിലൂടെ നല്‍കിയത്. എന്തുസംഭവിച്ചാലും രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് നമ്മുടെ മുതിര്‍ന്ന നേതാക്കളും കാര്യകര്‍ത്താക്കളും പ്രതിജ്ഞയെടുത്തു. വര്‍ഷങ്ങള്‍ക്ക് ശേഷം ഭാരത ജനതയുടെ അനുഗ്രഹത്തോടെ ശ്രീരാമചന്ദ്ര പ്രഭുവിന് വേണ്ടി ഒരു മഹത്തായ ക്ഷേത്രം അയോധ്യയില്‍ യാഥാര്‍ത്ഥ്യമായി.
അദ്വാനിയുടെ വ്യക്തിത്വത്തെ വേറിട്ടുനിര്‍ത്തുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. ഉദാഹരണത്തിന് അദ്ദേഹത്തിന്റെ ലാളിത്യം. നവനിര്‍മ്മാണ്‍ പ്രസ്ഥാനത്തിന് ശേഷം അദ്വാനി ജുനാഗഢിലെത്തി ഒരു സാധാരണ പ്രവര്‍ത്തകനെപ്പോലെ ഒരു മാസത്തോളം താമസിച്ചു. കോണ്‍ഗ്രസിനെ ജനങ്ങള്‍ തള്ളിക്കളഞ്ഞ ആ നിയമസഭാ തെരഞ്ഞെടുപ്പിനായി പാര്‍ട്ടിയെ സജ്ജമാക്കിയത് അദ്ദേഹമായിരുന്നു. പൊതുജീവിതത്തില്‍ എത്രത്തോളം സത്യസന്ധതയും ധാര്‍മ്മികതയും പുലര്‍ത്താമെന്ന് അദ്ദേഹം കാണിച്ചുതന്നു. വായനയിലും അതീവ തത്പരന്‍. അദ്ദേഹത്തോടൊപ്പം സമയം ചെലവഴിച്ചിട്ടുള്ളവര്‍ക്ക് അറിയാം എത്രത്തോളം ശ്രദ്ധയോടെയാണ് അദ്ദേഹം പത്രങ്ങള്‍ വായിക്കുന്നതെന്ന്. സിനിമയുടെയും നാടകത്തിന്റെയും വലിയൊരു ആരാധകനായ അദ്ദേഹം, നല്ലൊരു സിനിമാ നിരൂപകന്‍ കൂടിയായിരുന്നു. ചരിത്രത്തെക്കുറിച്ചുള്ള അറിവും അത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ‘മൈ കണ്‍ട്രി മൈ ലൈഫ്’ എന്ന അദ്ദേഹത്തിന്റെ പുസ്തകത്തില്‍ വ്യക്തമാണ്.
സിന്ധി സംസ്‌കാരവുമായി അദ്വാനി അടുത്ത ബന്ധം പുലര്‍ത്തി. ലേയ്‌ക്ക് സമീപത്ത് സിന്ധു ദര്‍ശന്‍ പൂജ പ്രചരിപ്പിക്കാനും മുന്‍കൈ എടുത്തു. അദ്വാനിക്കും ജോര്‍ജ്ജ് ഫെര്‍ണാണ്ടസിനുമൊപ്പം ഞാനും അത്തരമൊരു പൂജയില്‍ പങ്കെടുത്തിട്ടുണ്ട്.
അദ്വാനിയുടെ ശ്രദ്ധേയമായ ജീവിതയാത്രയെക്കുറിച്ച് പറയുമ്പോള്‍ കമലാ അദ്വാനിയെക്കുറിച്ച് പരാമര്‍ശിക്കാതെ അത് പൂര്‍ണ്ണമാകില്ല. അദ്ദേഹത്തിന്റെ പൊതുജീവിതത്തിലുടനീളം കരുത്തും പിന്തുണയും നല്‍കിയ വ്യക്തിയായിരുന്നു അവര്‍.
കറാച്ചിയില്‍ വളര്‍ന്ന അദ്വാനി ജി തന്റെ ജീവിതം ഇത്തരമൊരു വഴിയിലൂടെ സഞ്ചരിക്കുമെന്ന് ഒരിക്കലും കരുതിക്കാണില്ല. അദ്ദേഹത്തോടുള്ള നന്ദിസൂചകമായി 2024-ല്‍ ഭാരത സര്‍ക്കാര്‍ അദ്ദേഹത്തിന് ഭാരതരത്‌ന നല്‍കി ആദരിച്ചു. അദ്വാനിജി തന്റെ ജീവിതത്തിന്റെ നൂറാം വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അദ്ദേഹത്തിന് ആയുരാരോഗ്യമുണ്ടാവട്ടെയെന്നും നമ്മെ ഏവരെയും എന്നത്തെയും പോലെ ഇനിയും പ്രചോദിപ്പിക്കുന്നത് തുടരാന്‍ കഴിയട്ടെയെന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

