പുരാതന കാലം മുതല്‍ തന്നെ, പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരനും ചിന്തകനുമായ മാര്‍ക്ക് ട്വയിന്‍ ഉള്‍പ്പെടെ, അനേകം ആളുകള്‍ ഭാരതം സന്ദര്‍ശിച്ചിട്ടുണ്ട്.
തന്റെ ഹ്രസ്വമായ ഒരു സന്ദര്‍ശനത്തിന് ശേഷം അദ്ദേഹം ഇങ്ങനെ പറഞ്ഞു, ‘മനുഷ്യനോ ദൈവത്തിനോ ചെയ്യാവുന്നതെന്തും ഈ മണ്ണില്‍ ചെയ്യപ്പെട്ടിട്ടുണ്ട്.’ ഈ രാഷ്‌ട്രത്തിന് ലഭിച്ചിട്ടുള്ള ഏറ്റവും വലിയ പ്രശംസ ഇതാണെന്ന് ഞാന്‍ കരുതുന്നു.
ഭാരതത്തില്‍ ഉണ്ടായിട്ടുള്ളതും ഇന്നും തുടരുന്നതുമായ ആത്മീയ പ്രക്രിയയുടെയും മിസ്റ്റിസിസത്തിന്റെയും ആഴത്തെക്കുറിച്ച് മിക്ക ആളുകള്‍ക്കും അറിവില്ല. ഈ ഭൂപ്രദേശം എല്ലായ്‌പ്പോഴും ലോകത്തിന്റെ ആത്മീയ തലസ്ഥാനമായാണ് അറിയപ്പെടുന്നത്, കാരണം മറ്റൊരു സംസ്‌കാരവും ആന്തരിക ശാസ്ത്രത്തെ ഇത്രത്തോളം ആഴത്തിലും ധാരണയിലും നോക്കിക്കണ്ടിട്ടില്ല. ഈ സംസ്‌കാരത്തില്‍ മുക്തി അഥവാ മോക്ഷമായിരുന്നു പരമമായ ലക്ഷ്യം – ദൈവം പോലും അതിലേക്കുള്ള ഒരു ചവിട്ടുപടി മാത്രമായാണ് പരിഗണിക്കപ്പെട്ടത്.
ആത്മീയ പ്രക്രിയയെ പ്രായോഗിക ജീവിതത്തിലേക്ക് കൊണ്ടുവരുന്ന കാര്യത്തില്‍, ഏതാനും യോഗികള്‍ നിശബ്ദമായി ഇവിടെ ഒരു മാറ്റം കൊണ്ടുവരുന്നതില്‍ വിജയിച്ചു. അഗസ്ത്യ മുനിയായിരുന്നു ഇതില്‍ ഏറ്റവും ഫലപ്രദമായി പ്രവര്‍ത്തിച്ചത്. അദ്ദേഹം ചെയ്ത കാര്യങ്ങളുടെ ഗുണഫലങ്ങള്‍ ഇന്നും ഭാരതീയര്‍ അനുഭവിക്കുന്നുണ്ട്. അദ്ദേഹം ഓരോ മനുഷ്യവാസ കേന്ദ്രങ്ങളെയും സ്പര്‍ശിക്കുകയും ആത്മീയപ്രക്രിയ എന്നത് വെറുമൊരു പഠനമോ തത്ത്വശാസ്ത്രമോ മാത്രമാകാതെ ഒരു സജീവ സംസ്‌കാരമായി – ഒരു ജീവിതരീതിയായി – മാറുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്തു. നിങ്ങള്‍ ഭാരതത്തില്‍ ജനിച്ച നിമിഷം മുതല്‍ നിങ്ങളുടെ ജീവിതം നിങ്ങളുടെ വ്യാപാരത്തെക്കുറിച്ചോ, പങ്കാളിയെക്കുറിച്ചോ അല്ലെങ്കില്‍ കുടുംബത്തെക്കുറിച്ചോ അല്ല, മറിച്ച് മുക്തിയെക്കുറിച്ച് മാത്രമായിരിക്കണം ചിന്തിക്കേണ്ടത് എന്ന രീതിയിലാണ് മുഴുവന്‍ സമൂഹവും രൂപകല്‍പ്പന ചെയ്യപ്പെട്ടത്.
ഈ പശ്ചാത്തലത്തില്‍, വിവിധതരം ശക്തമായ ഉപാധികള്‍ നിര്‍മ്മിക്കപ്പെട്ടു. ഊര്‍ജ്ജത്തിന്റെ ഒരു വലിയ സമുദ്രം തീര്‍ക്കുന്ന ക്ഷേത്രനിര്‍മ്മിതിയുടെ വലിയൊരു ശാസ്ത്രം തന്നെയുണ്ട്. ഭാരതത്തിലെ ചില ക്ഷേത്രങ്ങള്‍ നിങ്ങള്‍ സന്ദര്‍ശിക്കണം. നിങ്ങള്‍ ഒരു ദൈവത്തിലും വിശ്വസിക്കേണ്ടതില്ല. നിങ്ങള്‍ അല്പം സംവേദനക്ഷമതയുള്ളവരാണെങ്കില്‍, അവിടെ വെറുതെ ഇരുന്നാല്‍ മതി, അതു നിങ്ങളെ ഉള്ളില്‍ നിന്ന് ഉത്തേജിപ്പിക്കും.
നിങ്ങള്‍ ഈശ യോഗ കേന്ദ്രത്തിലെ ധ്യാനലിംഗത്തില്‍ വന്നിരിക്കുകയാണെങ്കില്‍, അത് നിങ്ങളെ ഉള്ളില്‍ നിന്ന് പിടിച്ചുലയ്‌ക്കും, കാരണം ഈ രൂപം അത്രത്തോളം ശക്തമായ രീതിയിലാണ് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്. അവിടെ ആചാരങ്ങളോ പ്രാര്‍ത്ഥനകളോ നടത്തുന്നില്ല; അവിടെ എപ്പോഴും പൂര്‍ണ്ണമായ നിശബ്ദതയാണ്. എല്ലാ മതപശ്ചാത്തലത്തിലുള്ളവരും അവിടെ വന്നുചേരാറുണ്ട്. ധ്യാനലിംഗത്തില്‍ ഏതാനും മിനിറ്റുകള്‍ വെറുതെ നിശബ്ദമായി ഇരിക്കുന്നത് മതിയാകും, ധ്യാനത്തെക്കുറിച്ച് അറിവില്ലാത്തവര്‍ പോലും ആഴത്തിലുള്ള ധ്യാനാവസ്ഥ അനുഭവിക്കാന്‍. ആ ഇടം അത്തരത്തിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
ദക്ഷിണഭാരതത്തില്‍ ക്ഷേത്രനിര്‍മ്മാണം വലിയൊരു പ്രക്രിയയായി മാറിയതുകൊണ്ട് കൂറ്റന്‍ ക്ഷേത്രങ്ങള്‍ പലതും നിര്‍മ്മിക്കപ്പെട്ടു. ഈ ക്ഷേത്രങ്ങളുടെ ഭൗതികമായ വാസ്തുവിദ്യ മാത്രം നോക്കിയാല്‍ പോലും, അതിന് പിന്നിലെ വൈഭവം അവിശ്വസനീയമാണെന്നു കാണാം. ക്ഷേത്രങ്ങള്‍ എപ്പോഴും പ്രതാപത്തോടെ ബൃഹത്തായി നിര്‍മ്മിക്കപ്പെട്ടു. എന്നാല്‍ അതു നിര്‍മ്മിച്ചവര്‍ കൊട്ടാരങ്ങളിലല്ല ജീവിച്ചിരുന്നത്. അവര്‍ ചെറിയ കുടിലുകളിലാണ് താമസിച്ചിരുന്നത്, അത് അവര്‍ക്ക് ഒരു പ്രശ്‌നമായിരുന്നില്ല, കാരണം ക്ഷേത്രം എന്നത് മനുഷ്യന്റെ ക്ഷേമത്തിനും മുക്തിക്കുമുള്ള ഒരു ഉപാധിയാകുമെന്ന് അവര്‍ക്കറിയാമായിരുന്നു. മറ്റെല്ലാം തന്നെ അപ്രധാനമായിരുന്നു. ഇത്തരത്തിലാണ് ഈ മുഴുവന്‍ സംസ്‌കാരവും രൂപപ്പെട്ടത്.
നിര്‍ഭാഗ്യവശാല്‍, ഇന്ന് ഭാരതത്തില്‍ നാം കാണുന്ന ആത്മീയ സംസ്‌കാരം പലവിധ അധിനിവേശങ്ങളാല്‍ തകരുകയും ദീര്‍ഘകാലത്തെ കടുത്ത ദാരിദ്ര്യത്താല്‍ വികലമാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പലതും സ്ഥാനഭ്രംശം സംഭവിച്ചുവെങ്കിലും, ആത്മീയ പ്രക്രിയയുടെ അടിസ്ഥാന ബോധവും നട്ടെല്ലും ഇന്നും തകര്‍ന്നിട്ടില്ല, അത് തകര്‍ക്കാനാവില്ല. അതിനെ അതിന്റെ പൂര്‍ണ്ണമായ മഹത്വത്തോടെ പുനഃസ്ഥാപിക്കേണ്ട സമയമാണിത്, പക്ഷേ മുന്‍കാലങ്ങളില്‍ ചെയ്തതുപോലെ ഇതു ചെയ്യാനാവില്ല. ഇന്ന് ആളുകള്‍ കൂടുതല്‍ യുക്തിബോധമുള്ളവരും ശാസ്ത്രീയമായി ചിന്തിക്കുന്നവരുമാണ്.
വിദ്യാഭ്യാസം ജനങ്ങളെ സ്വാധീനിക്കുന്ന രീതി വെച്ചുനോക്കിയാല്‍, ഒരു ആത്മീയപ്രക്രിയ ശാസ്ത്രമായി അവതരിപ്പിക്കപ്പെട്ടില്ലെങ്കില്‍ അത് അവര്‍ക്ക് പ്രയോജനപ്പെടില്ല. യോഗശാസ്ത്രം ഒരു തത്ത്വശാസ്ത്രത്തിലോ വ്യക്തിയിലോ ഉള്ള യാതൊരുവിധ വിശ്വാസവും ആവശ്യപ്പെടുന്നില്ല. വിശ്വാസമോ ഭക്തിയോ ആവശ്യമില്ല – എങ്കിലും അത് ഫലം നല്‍കുന്നു. ആയിരക്കണക്കിന് വര്‍ഷങ്ങളായി പരിശീലിച്ചുവരുന്ന ഒരു സംവിധാനമാണിത്, ഒരു വ്യക്തിയുടെ ശാരീരിക ആരോഗ്യം, മാനസികാരോഗ്യം, ആത്മീയ ഉന്നതി എന്നിവയുടെ കാര്യത്തില്‍ ഇത് ഫലപ്രദമാണ്. ഈ അര്‍ത്ഥത്തില്‍, ലോകത്തിന്റെ ഭാവി യോഗയിലാണ്.
നിലവില്‍, ഈശയില്‍ ഞങ്ങള്‍ ‘ഒരു തുള്ളി ആത്മീയത’ സമര്‍പ്പിക്കുന്നു – അപകടസാധ്യതയില്ലാതെ ആര്‍ക്കും തന്നെ മറ്റൊരാള്‍ക്ക് പകര്‍ന്നുനല്‍കാന്‍ കഴിയുന്ന ലളിതമായ ഒരു പ്രക്രിയ. ജാതി, മതം, വിശ്വാസം, ലിംഗഭേദം എന്നിവയ്‌ക്കതീതമായി ഓരോ മനുഷ്യനിലും ചുരുങ്ങിയത് ഒരു തുള്ളി ആത്മീയപ്രക്രിയയെങ്കിലും ഉണ്ടാകണം എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഒരു തുള്ളിയെ നിസ്സാരമായി കാണരുത്. ഒരു തുള്ളി എന്നത് തന്നെ ഒരു സമുദ്രമാണ്.
‘ആത്മീയ പ്രക്രിയ’ എന്ന് പറയുമ്പോള്‍, അത് ദൈവങ്ങളെക്കുറിച്ചോ പൂജകളെക്കുറിച്ചോ അങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ചോ അല്ല. അതിനര്‍ത്ഥം നിങ്ങളുടെ ഭൗതികതയ്‌ക്ക് അപ്പുറമുള്ള ഒന്ന് നിങ്ങള്‍ക്ക് ഒരു സജീവമായ യാഥാര്‍ത്ഥ്യമായി മാറി എന്നാണ്. മതപരമല്ലാത്ത, ശാസ്ത്രീയമായ ആത്മീയ പ്രക്രിയയാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം. ഇത് ഈ നൂറ്റാണ്ടിന്റെയും ഈ സഹസ്രാബ്ദത്തിന്റെയും നിത്യതയുടെയും ആവശ്യമാണ്.’

