കോട്ടയം: ഭക്ഷ്യോത്പന്നങ്ങളുടെ വിലക്കയറ്റത്തിനനുസരിച്ച് സർക്കാർ വിഹിതം വർധിപ്പിക്കാത്തത് സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണത്തെ പ്രതിസന്ധിയിലാക്കുന്നു.
പാല്‍, മുട്ട, പച്ചക്കറി എന്നിവയുടെ വില ഉയർന്നതോടെ പദ്ധതിയുടെ നടത്തിപ്പ് സ്‌കൂളുകള്‍ക്ക് അധിക സാമ്പത്തിക ബാധ്യതയാകുകയാണ്. കൂടുതല്‍ വിദ്യാർഥികളുള്ള സ്‌കൂളുകളിലാണ് പ്രതിസന്ധി രൂക്ഷം.
വിപണിയിലെ വിലയ്‌ക്കനുസരിച്ച് സർക്കാർ അനുവദിക്കുന്ന തുക വർധിപ്പിക്കാത്തതാണ് പ്രധാന വെല്ലുവിളി. അനുവദിച്ച തുകയും യഥാർഥ ചെലവും തമ്മിലുള്ള അന്തരം നികത്താൻ പ്രധാനാധ്യാപകരും മറ്റ് അധ്യാപകരും സ്വന്തം കൈയില്‍നിന്ന് പണം ചെലവഴിക്കേണ്ടിവരുന്നു. സർക്കാർ വിഹിതം കാലാനുസൃതമായി വർധിപ്പിക്കണമെന്നാണ് ഉച്ചഭക്ഷണ വിതരണത്തിന്റെ ചുമതലയുള്ള അധ്യാപകരുടെ ആവശ്യം.
ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ആഴ്ചയില്‍ ഒരു ദിവസം മുട്ടയും രണ്ടു ദിവസം പാലും വിദ്യാർഥികള്‍ക്ക് നല്‍കണമെന്നാണ് നിർദേശം. എന്നാല്‍ മുട്ടയുടെ വില എട്ടു രൂപ വരെയായിട്ടും ഒന്നിന് സർക്കാർ അനുവദിക്കുന്നത് ആറു രൂപ മാത്രമാണ്. ഇതുവഴിയുള്ള അധിക ചെലവ് സ്‌കൂളുകള്‍ തന്നെ വഹിക്കേണ്ടിവരുന്നു.
പാലിന്റെ കാര്യത്തിലും സമാനമായ സ്ഥിതിയാണ്. ക്ഷീരസംഘങ്ങളില്‍നിന്ന് നേരിട്ട് വാങ്ങുമ്പോള്‍ ലിറ്ററിന് 60 രൂപയും പുറത്തുനിന്ന് വാങ്ങുമ്പോള്‍ 65 രൂപ വരെയും നല്‍കണം. എന്നാല്‍ സർക്കാർ വിഹിതം ലിറ്ററിന് 52 രൂപ മാത്രമാണ്. പച്ചക്കറികളുടെ വിലവർധനയും ഉച്ചഭക്ഷണ വിതരണത്തിന്റെ ചെലവ് ഉയർത്തിയിട്ടുണ്ട്. സർക്കാർ അനുവദിക്കുന്ന തുകയും വിപണിയിലെ യഥാർഥ വിലയും തമ്മിലുള്ള അന്തരം വർധിക്കുന്ന സാഹചര്യത്തില്‍ പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ കൂടുതല്‍ സാമ്പത്തിക സഹായം വേണമെന്നാണ് അധ്യാപകരുടെ ആവശ്യം.

