Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഹോര്‍മൂസ് അന്താരാഷ്‌ട്ര നിയമപ്രകാരം കൈകാര്യം ചെയ്യും: ഇറാന്‍

ഹോര്‍മൂസ് അന്താരാഷ്‌ട്ര നിയമപ്രകാരം കൈകാര്യം ചെയ്യും: ഇറാന്‍

വാഷിങ്ടണ്‍: അന്താരാഷ്‌ട്ര നിയമങ്ങള്‍ക്കനുസൃതമായി ഹോര്‍മൂസ് കടലിടുക്ക് കൈകാര്യം ചെയ്യുമെന്ന് ഇറാന്‍. ഹോര്‍മൂസിന്റെ നിയന്ത്രണം ആര്‍ക്കും വിട്ട് നല്‍കില്ല.

ഇറാന്‍ തന്നെ കൈകാര്യം ചെയ്യുമെന്നും സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഹ്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ സമാധാന ചര്‍ച്ചയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്താരാഷ്‌ട്ര നിയമങ്ങള്‍ക്കുള്ളില്‍ നിന്ന് കൊണ്ടുതന്നെ ഹോര്‍മൂസ് ഇറാന്‍ സംരക്ഷിക്കും. കടലിടുക്കിലൂടെയുള്ള ഗതാഗതം സജീവമാക്കും. ഇതിലൂടെ ആഗോള സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുമെന്നും ഗാലിബാഫ് അറിയിച്ചു. യുഎസിനെ ബഹുമാനിച്ചാല്‍ സമാധാനം നിലനിര്‍ത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഗാലിബാഫ്. ഇറാന്‍ യുഎസിനെ ബഹുമാനിക്കുന്നിടത്തോളം കാലം ഒരു പ്രശ്‌നവും ഉണ്ടാകില്ല. ഹോര്‍മൂസില്‍ നിന്ന് യുഎസ് നാവിക സേനയെ പിന്‍വലിക്കുന്നില്ലെന്നും ആയിരുന്നു ട്രംപിന്റെ പ്രസ്താവന.

അതിനിടെ ഇടക്കാല സമാധാന കരാര്‍ പ്രകാരം ഇറാനിയന്‍ എണ്ണയ്‌ക്കുമേല്‍ എര്‍പ്പെടുത്തിയ ഉപരോധം യുഎസ് നീക്കി. 60 ദിവസത്തേക്കുള്ള ലൈസന്‍സും യുഎസ് ട്രഷറി തിങ്കളാഴ്ച പുറപ്പെടുവിച്ചു. ഇതോടെ യുഎസിലേക്ക് എണ്ണ ഇറക്കുമതി ചെയ്യാന്‍ ഇറാന് സാധിക്കും.

സമാധാന ചര്‍ച്ചകളുടെ ഭാഗമായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ഇന്നലെ ഇസ്ലാമബാദിലെത്തി. ഉന്നതതല പ്രതിനിധി സംഘവും അദ്ദേഹത്തോടൊപ്പമുണ്ട്. പാക് ഉന്നത നേതൃത്വവുമായി ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും അന്തര്‍ദേശീയ വികസനങ്ങളെക്കുറിച്ചും പെസെഷ്‌കിയാന്‍ ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം സമാധാന ചര്‍ച്ചകളില്‍ പാകിസ്ഥാന്‍ മധ്യസ്ഥത വഹിക്കുന്നതില്‍ യുഎസ് പാര്‍ലമെന്റില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. മോണ്ടാനയില്‍ നിന്നുള്ള സെനറ്റര്‍ ടിം ഷീഹിയാണ് വിമര്‍ശനം ഉയര്‍ത്തിയത്. അല്‍ ഖ്വയ്ദ ഭീകരന്‍ ഒസാമ ബിന്‍ലാദന് അഭയം നല്‍കിയത് പാകിസ്ഥാനാണ്. പത്ത് വര്‍ഷം പാകിസ്ഥാന്‍ ലാദന് അഭയം നല്‍കി. ഐഎസ്‌ഐ ഇന്‍ഷുറന്‍സ് വഴി അയത്തുള്ളയ്‌ക്ക് ധനസഹായം നല്‍കി. പാകിസ്ഥാനെ മധ്യസ്ഥ ചര്‍ച്ചകളില്‍ നിന്ന് ഒഴിവാക്കണമെന്നും ടിം ഷീഹി ആവശ്യപ്പെട്ടു. പാകിസ്ഥാനും ഖത്തറും മധ്യസ്ഥ ചര്‍ച്ചയ്‌ക്കുണ്ടെങ്കില്‍, യുഎഇ, ഇസ്രയേല്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളെയും ഇതിന്റെ ഭാഗമാക്കണം, ടിം ഷിഹി കൂട്ടിച്ചേര്‍ത്തു. സ്വിറ്റ്‌സര്‍ലന്‍ഡ് ചര്‍ച്ചകളില്‍ പാകിസ്ഥാനെ അനുകൂലിച്ച്‌ പ്രസ്താവന നടത്തിയ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിനേയും യുഎസ് സെനറ്റര്‍മാര്‍ വിമര്‍ശിച്ചു. ഞങ്ങള്‍ പാകിസ്ഥാനെ സ്‌നേഹിക്കുന്നു. പാക് ആര്‍മി ചീഫ് അസീം മുനീര്‍ തന്റെ രണ്ട് പ്രിയപ്പെട്ട ആളുകളില്‍ ഒരാളാണ് എന്നായിരുന്നു വാന്‍സിന്റെ പ്രസ്താവന.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily