Dailyhunt
ഇടതിലും വലതിലും ആരുടെയൊക്കെ 'തല ഉരുളും'

ഇടതിലും വലതിലും ആരുടെയൊക്കെ 'തല ഉരുളും'

ലപ്പുഴ: സിപിഎമ്മിനേയും കോണ്‍ഗ്രസിനെയും അടക്കി ഭരിക്കുന്ന നേതാക്കള്‍ക്ക് നിയമസഭാ തെരഞ്ഞെടുപ്പ് വാട്ടര്‍ലൂ ആകാന്‍ സാധ്യത.

സിപിഎമ്മിനെ നയിക്കുന്ന പിണറായി വിജയനും, പാര്‍ട്ടി സെക്രട്ടറി എം. വി. ഗോവിന്ദനും, കോണ്‍ഗ്രസിനെ നയിക്കുന്ന കെ. സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ എന്നിവര്‍ക്കാണ് ഈ തെരഞ്ഞെടുപ്പ് നിര്‍ണായകമാകുന്നത്.

രമേശ് ചെന്നിത്തല, കെ. സുധാകരന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളെയും കെപിസിസി പ്രസിഡന്റിനേയും കാഴ്ചക്കാരാക്കി സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കമുള്ള തീരുമാനങ്ങള്‍ കൈക്കൊണ്ടത് കെ.സി. വേണുഗോപാലും വി.ഡി. സതീശനുമായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം പ്രതിപക്ഷ നേതാവ് സ്ഥാനം രമേശ് ചെന്നിത്തലയെ അട്ടിമറിച്ച്‌ കൈവശപ്പെടുത്തിയ സതീശന് വിജയം അനിവാര്യമാണ്. നൂറ് സീറ്റ് ലഭിച്ചില്ലെങ്കില്‍ രാഷ്‌ട്രീയം ഉപേക്ഷിക്കുമെന്ന് പറഞ്ഞ സതീശന്‍ ഇപ്പോള്‍ യുഡിഎഫിന് അധികാരം ലഭിച്ചില്ലെങ്കില്‍ രാഷ്‌ട്രീയം മതിയാക്കുമെന്ന് മാറ്റി പറഞ്ഞിട്ടുണ്ട്. യുഡിഎഫിനെ വിജയത്തിലേക്ക് നയിക്കാനായില്ലെങ്കില്‍ മറു പക്ഷത്തെ മുതിര്‍ന്ന നേതാക്കള്‍ വെറുതെയിരിക്കില്ല.

ഹൈക്കമാന്‍ഡിന്റെ ഭാഗമായി നിന്ന് സ്ഥാനാര്‍ത്ഥികളായി തന്നെ അനുകൂലിക്കുന്നവരെ കൂടുതലായി ഉള്‍പ്പെടുത്താന്‍ വേണുഗോപാലിന് കഴിഞ്ഞു. കോണ്‍ഗ്രസിനെ ആറ് പതിറ്റാണ്ടോളം അതിശക്തമായി എതിര്‍ത്തിരുന്ന ജി. സുധാകരനെ യുഡിഎഫ് പാളയത്തില്‍ എത്തിച്ച്‌ സീറ്റ് നല്‍കിയതിന് ഉള്‍പ്പെടെ നേതൃത്വം നല്‍കിയത് വേണുഗോപാലായിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇതില്‍ അമര്‍ഷം ശക്തമാണ്. പരീക്ഷണങ്ങള്‍ പരാജയപ്പെട്ടാല്‍ വേണുഗോപാലിന് എതിരെയും നീക്കം ശക്തമാകും. നിലവില്‍ മത്സരരംഗത്തില്ലാത്ത വേണുഗോപാല്‍, ആലപ്പുഴയില്‍ കെഎസ്യു നേതാവിന് സീറ്റ് നല്‍കുകയും വിജയിപ്പിക്കാനായി പരമാവധി ശ്രമം നടത്തുകയും ചെയ്യുന്നതില്‍ കോണ്‍ഗ്രസ് നേതാക്കളിലും സംശയത്തിനിടയാക്കിയിട്ടുണ്ട്. കാര്യങ്ങള്‍ തനിക്ക് അനുകൂലമാകുകയാണെങ്കില്‍ സീറ്റ് വിട്ടു നല്‍കാന്‍ സന്നദ്ധനായ ആളെ ജയിപ്പിച്ചെടുക്കാന്‍ ശ്രമിക്കുക എന്ന തന്ത്രമാണ് പയറ്റുന്നതെന്നാണ് വിമര്‍ശനം.

മറുഭാഗത്ത് ഇടത് മുന്നണി പരാജയപ്പെട്ടാല്‍ പ്രതിപക്ഷ നേതാവ് സ്ഥാനം എറ്റെടുക്കാന്‍ പിണറായി വിജയന്‍ തയാറാകുമോ എന്ന് കണ്ടറിയണം. മന്ത്രിയായും മുഖ്യമന്ത്രിയായും പ്രവര്‍ത്തിച്ച പിണറായി വിജയന്‍ ഇതുവരെ പ്രതിപക്ഷ നേതൃസ്ഥാനം വഹിച്ചിട്ടില്ല. പാര്‍ട്ടിയെ പൂര്‍ണമായി അടക്കി ഭരിക്കുന്ന പിണറായി വിജയനാകട്ടെ, പരാജയത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന സെക്രട്ടറിയുടെ തലയില്‍ വെച്ച്‌ മുഖം രക്ഷിക്കാനാണ് സാധ്യതയെന്ന് ഒരു വിഭാഗം നേതാക്കള്‍ പറയുന്നു. പാര്‍ട്ടി സെക്രട്ടറിയെന്ന നിലയില്‍ എം.വി. ഗോവിന്ദനാകട്ടെ പരാജയത്തിന്റെ റിക്കാര്‍ഡ് മാത്രമേയുള്ളു. ഗോവിന്ദന്റെ നേതൃത്വത്തില്‍ നേരിട്ട ലോക്സഭാ തെരഞ്ഞെടുപ്പിലും, തദ്ദേശതെരഞ്ഞെടുപ്പിലും പാര്‍ട്ടിക്കും മുന്നണിക്കും കനത്ത തിരിച്ചടിയാണ് നേരിട്ടത്. പിണറായി വിജയന്റെ നിഴലായി നിന്ന് പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളെ വെട്ടിനിരത്തുകയും. ചിലരെ യുഡിഎഫില്‍ എത്തിക്കുകയും, സ്വന്തം ഭാര്യയെ സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്ത ഗോവിന്ദന് ഈ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. തിരിച്ചടി നേരിട്ടാല്‍ സമ്പൂര്‍ണ പരാജയമായി ഗോവിന്ദന്‍ വിലയിരുത്തപ്പെടും. കര്‍ക്കശക്കാരനായ നേതാവ് എന്ന് പരിവേഷവുമായി എത്തിയ ഗോവിന്ദന് പക്ഷെ സംസ്ഥാനസെക്രട്ടറി സ്ഥാനത്ത് തിരിച്ചടികള്‍ മാത്രമാണുണ്ടായത്. സ്വന്തം ജില്ലയായ കണ്ണൂരിലടക്കം സിപിഎമ്മിലുണ്ടായ പൊട്ടിത്തെറി തടയാനാകാതെ പിണറായി വിജയന്റെ താത്പര്യ സംരക്ഷകനായി മാറി എന്നാണ് വിമര്‍ശനം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily